തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള സമ്മര്‍ദം ശക്തമാക്കി എല്‍ഡിഎഫും ബിജെപിയും. രാജിക്കായി കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദമുണ്ടാക്കുകയാണ് സിപിഎം. ഇതിനുള്ള സമ്മര്‍ദം സമൂഹത്തിലുണ്ടാക്കാനുള്ള പ്രചാരണമാണ് പാര്‍ട്ടി നടത്തുന്നത്. രാജിവേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം. കോണ്‍ഗ്രസില്‍ രാഹുലിനെ പിന്തുണയ്ക്കുന്നവരെ സൈബറിടത്തില്‍ നേരിട്ടാണ് ഇടത്-ബിജെപി സൈബര്‍ ഹാന്‍ഡിലുകള്‍ രാജിസമ്മര്‍ദം കടുപ്പിക്കുന്നത്.

To advertise here,

സിപിഎം എംഎല്‍എമാര്‍ക്കെതിരേ സ്ത്രീ അതിക്രമ പരാതികളുണ്ടായപ്പോള്‍ അവരാരും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ പിടിവള്ളി. നടന്‍ എം. മുകേഷിനെതിരേ സമാന ആരോപണവും പ്രതിഷേധവും ഉയര്‍ന്നപ്പോള്‍, ധാര്‍മികതയുടെ പേരില്‍ ജനപ്രതിനിധിസ്ഥാനം രാജിവെച്ചാല്‍, നിരപരാധിത്വം തെളിയിയുമ്പോള്‍ ധാര്‍മികതയുടെ പേരില്‍ പദവി തിരിച്ചുലഭിക്കില്ലെന്നായിരുന്നു രാജി ഒഴിവാക്കാന്‍ കാരണമായി സിപിഎം വിശദീകരിച്ചിരുന്നത്.

ഇത് രാഹുലിനും ബാധകമാകുമെന്നതാണ് സിപിഎമ്മിന് രാജി ഉന്നയിക്കാന്‍ തടസ്സമാകുന്നത്. എന്നാല്‍, ആരോപണമല്ല തെളിവുകളാണ് രാഹുലിനെതിരേയുള്ളതെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്. കോണ്‍ഗ്രസിനുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി പാലക്കാട് ബിജെപിക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. യുവനടിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെത്തന്നെ ബിജെപി പാലക്കാട്ട് പ്രതിഷേധം തുടങ്ങിയിരുന്നു.

രാഹുലിന് രാഷ്ട്രീയസംരക്ഷണം ഉറപ്പാക്കാനുള്ള നീക്കം കോണ്‍ഗ്രസിനുള്ളിലും ശക്തമല്ല. പരാതിയും കേസുമുണ്ടായാല്‍ രാഹുലിന്റെ എംഎല്‍എ പദവിക്ക് ഭീഷണിയുണ്ടാകും. എന്തു തീരുമാനവും ഹൈക്കമാന്‍ഡിന് എടുക്കാമെന്ന നിലപാടാണ് സംസ്ഥാനനേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ആരോപണത്തില്‍ 'ശുദ്ധീകരണം' നടത്തേണ്ട ഉത്തരവാദിത്വം രാഹുലിന് മാത്രമാക്കിയിരിക്കുകയാണ് നേതൃത്വം. പാര്‍ട്ടിയില്‍നിന്ന് പിന്തുണയുണ്ടാവില്ലെന്ന കാര്യം രാഹുലിനെ അറിയിച്ചിട്ടുമുണ്ട്.

സ്ത്രീ അധിക്ഷേപക്കേസുകളില്‍ രാഷ്ട്രീയസംരക്ഷണം നല്‍കുന്ന സമീപനം പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ചേര്‍ന്നതല്ലെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. അതിനാല്‍, സിപിഎമ്മും ബിജെപിയും ഉണ്ടാക്കുന്ന സാമൂഹിക-രാഷ്ട്രീയ സമ്മര്‍ദത്തിന്റെ തോത് അനുസരിച്ചിരിക്കും കോണ്‍ഗ്രസിന്റെ തീരുമാനവും രാഹുലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ ഭാവിയും.