മുക്കം: ശിരോവസ്ത്രം ധരിക്കാന്‍പാടില്ലെന്ന് നിര്‍ദേശംകൊടുത്ത ടീച്ചര്‍ ധരിച്ചിരുന്നത് ശിരോവസ്ത്രമായിരുന്നെന്നും എന്തുന്യായമാണതിലുള്ളതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന വിദ്യാഭ്യാസനയം തമാശയല്ലെന്നും സ്‌കൂളിന് അനുമതിനല്‍കാനും അത് പിന്‍വലിക്കാനുമുള്ള അധികാരം വിദ്യാഭ്യാസവകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു. മുക്കം ചേന്ദമംഗലൂര്‍ ഗവ. എല്‍പി സ്‌കൂളിലെ പുതിയകെട്ടിടം ഉദ്ഘാടനംചെയ്യുമ്പോഴാണ് എറണാകുളം സെയ്ന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്രവിഷയവുമായി ബന്ധപ്പെട്ട് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

To advertise here,

''വിദ്യാഭ്യാസമന്ത്രി ഓടിളക്കി ഇറങ്ങിവന്നയാളല്ല, ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചയാളാണ്. ഇതിനെയെല്ലാം വെല്ലുവിളിക്കാന്‍ശ്രമിച്ചാല്‍ അതിനെ നേരിടാന്‍ശേഷിയുള്ള ആളുകളാണ് വിവിധസ്ഥാനങ്ങളില്‍ ഇരിക്കുന്നത്. നിലവില്‍ കുട്ടി ടിസി വാങ്ങിപ്പോവാന്‍ ഒരുങ്ങുന്നതായാണ് അറിയാന്‍കഴിഞ്ഞത്. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുസംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദി മാനേജ്‌മെന്റായിരിക്കും. കുട്ടിയുടെ ഭാവിയും വിദ്യാഭ്യാസവുമാണ് പ്രധാനം. എല്ലാവരുടെയും വിശ്വാസം അനുവദിച്ചുകൊണ്ടും അതിനെ ബഹുമാനിച്ചുകൊണ്ടും പരസ്പരസ്‌നേഹത്തോടെയും സമാധാനത്തോടെയും വിദ്യാലയങ്ങള്‍ മുന്നോട്ടുപോകണം'' -മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പും മറികടന്ന് കേരളം വിദ്യാഭ്യസരംഗത്ത് രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തിയത് വലിയനേട്ടമാണെന്നും ഓരോകുട്ടിയെയും തന്റെ മക്കളായിക്കണ്ട് അധ്യാപകര്‍ പഠിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴും അദ്ദേഹം സെയ്ന്റ് റീത്താസ് സ്‌കൂള്‍ അധികൃതര്‍ക്കുനേരേ രൂക്ഷവിമര്‍ശനം നടത്തി.

അതേസമയം സ്‌കൂളിലെ ശിരോവസ്ത്ര ധാരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍. കുട്ടിയെ സ്‌കൂളില്‍ തുടര്‍ന്ന് പഠിപ്പിക്കാന്‍ താത്പര്യമില്ലെന്ന് രക്ഷിതാവും വ്യക്തമാക്കി. ഇരുകൂട്ടരും മാധ്യമങ്ങള്‍ക്കുമുന്നിലാണ് നിലപാടുകള്‍ വ്യക്തമാക്കിയത്. ഇതിനിടയില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കരുതെന്ന് സ്‌കൂളിനെ താക്കീത് ചെയ്ത് മന്ത്രി ശിവന്‍കുട്ടിയും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. അതിനിടെ, സംഭവത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങളില്‍ സ്‌കൂളിന്റെ വീഴ്ച ചൂണ്ടിക്കാട്ടി എറണാകുളം ഡിഇഒ നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചു.

സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ച് വിദ്യാര്‍ഥിനിക്ക് ഈ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കാമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെല്‍ന പറഞ്ഞു. കുട്ടിയെ പഠിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ ഓരോരുത്തരെയും പേരെടുത്തുപറഞ്ഞ് അവര്‍ നന്ദി അറിയിച്ചു.

അതേസമയം ഈ സ്‌കൂളിലെ കുട്ടിയുടെ പഠനം അവസാനിപ്പിക്കുകയാണെന്ന് രക്ഷിതാവ് അറിയിച്ചു. തങ്ങളുടെ ന്യായമായ ആവശ്യത്തോട് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം വളരെ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യത്തോട് സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും ശരിയായ രീതിയില്‍ പ്രതികരിച്ചു. കുട്ടിയുടെ വിദ്യാഭ്യാസം തുടരുന്നതിനു വേണ്ടതെല്ലാം ചെയ്യുമെന്ന് അവരെല്ലാം ഉറപ്പുംനല്‍കി. ടിസി വാങ്ങി മറ്റേതെങ്കിലും സ്‌കൂളില്‍ പഠനം തുടരാമെന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ സമാധാനം തകര്‍ക്കാന്‍ തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് സ്‌കൂള്‍ അധികൃതരും പിടിഎയും മറ്റ് തത്പരകക്ഷികളും പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസിനെതിരേ സ്‌കൂള്‍ ഹൈക്കോടതിയില്‍

യൂണിഫോമിനോടൊപ്പം ശിരോവസ്ത്രവും ധരിച്ച് വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തിയ സംഭവത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങളില്‍ സ്‌കൂളിന്റെ വീഴ്ച ചൂണ്ടിക്കാട്ടി എറണാകുളം ഡിഇഒ നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തി സെയ്ന്റ് റീത്താസ് സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടിയെങ്കിലും നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അനുവദിച്ചില്ല. ഹര്‍ജി 24-ന് വീണ്ടും പരിഗണിക്കും.

ശിരോവസ്ത്രം ധരിച്ചെത്തിയ എട്ടാം ക്ലാസുകാരിയെ പുറത്തുനിര്‍ത്തിയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു എന്നതടക്കമുള്ള ആരോപണമാണ് നോട്ടീസിലുള്ളത്. എന്നാല്‍, ഇതൊക്കെ നിഷേധിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ്, നോട്ടീസ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂള്‍ ആയതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പരിശോധന നടത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.