തിരുവനന്തപുരം: 2004-ൽ സർക്കാർ അംഗീകരിച്ച കേരള മെഡിക്കൽ-എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് തിരുത്തി, മെറിറ്റ് സീറ്റുകൾ സ്വാശ്രയ കോളേജുകൾക്ക് അനുവദിച്ച് കൊള്ളലാഭമുണ്ടാക്കിയ കേസിലെ അട്ടിമറിയിൽ ഇടപെട്ട് വിജിലൻസ് കോടതി. കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ പ്രവേശനാ പരീക്ഷാ കമ്മിഷണർ സി.കെ. വിശ്വനാഥൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ വീണ്ടും വിചാരണ നേരിടണമെന്ന് തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജ് ഉത്തരവിട്ടു. നേരത്തേ സമർപ്പിക്കപ്പെട്ട കുറ്റപത്രം പിൻവലിച്ച്, പ്രതികളെ കുറ്റവിമുക്തരാക്കിയ പോലീസ് നടപടി കോടതി റദ്ദാക്കി.
സംവരണസീറ്റിൽ അർഹരായ അപേക്ഷകരില്ലാതെ ഒഴിവു വരുന്ന സീറ്റുകൾ, ജനറൽ സീറ്റുകളാക്കി, മെറിറ്റ് അടിസ്ഥാനത്തിൽ നികത്തണമെന്ന് ഹൈക്കോടതി നിർദേശമനുസരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു നിലനിൽക്കേ, പ്രോസ്‌പെക്ടസ് പരിഷ്കരണ കമ്മിറ്റിയുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ അന്നത്തെ എൻട്രൻസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രവേശനം അട്ടിമറിച്ചെന്നാണ് കുറ്റാരോപണം.
ഇങ്ങനെ, മൂവായിരത്തിലേറെ മെറിറ്റ് സീറ്റുകൾ സ്വാശ്രയ മാനേജ്‌മെന്റുകൾക്കു നൽകി ലാഭമുണ്ടാക്കി. വിദ്യാർഥികൾക്ക് സർക്കാർ മെറിറ്റ് സീറ്റിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ പരാതിയുമായി രക്ഷിതാക്കൾ രംഗത്തിറങ്ങി.
തുടർന്ന്, 2007-ൽ കേസെടുക്കുകയും പൂജപ്പുര വിജിലൻസ് പോലീസ് സൂപ്രണ്ട് കെ.ഇ. ബൈജു 2018-ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിജിലൻസ് കോടതിയിൽ വിചാരണ നടക്കുന്നതിനിടെ, കെ.ഇ.ബൈജുതന്നെ വിചാരണയിലുള്ള കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുറ്റപത്രം തിരികെ വാങ്ങി. കൂടുതൽ തെളിവുകളൊന്നും ശേഖരിക്കാതെ, കേസിലെ നാലു പ്രതികളും കുറ്റക്കാരല്ലെന്നു വ്യക്തമാക്കി കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻതന്നെ കേസ് അട്ടിമറിച്ചതിൽ പരാതിയുമായി 2004-ൽ സീറ്റ് നഷ്ടപ്പെട്ടവരുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഒരേ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച 2018-ലെ കുറ്റപത്രവും 2022-ലെ റഫർ റിപ്പോർട്ടും പരിശോധിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ചാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധി. ആർ.സി. പ്രകാശ്, കുമാരപുരം എസ്. സുരേഷ്‌കുമാർ എന്നിവർ പരാതിക്കാർക്കുവേണ്ടി ഹാജരായി.
അട്ടിമറി മൂവായിരത്തിലേറെ സീറ്റുകളിൽ
2004-ൽ എൻജിനിയറിങ്, നഴ്‌സിങ് സീറ്റുകൾക്കായി വിദ്യാർഥികൾ നെട്ടോട്ടമോടുന്ന സാഹചര്യത്തിലായിരുന്നു അട്ടിമറി. വിവിധ വിഭാഗങ്ങളിലായി 3000-ലേറെ സീറ്റുകളാണ് സ്വാശ്രയ കോളേജുകൾക്ക് കൈമാറ്റം ചെയ്തത്.
തലവരിപ്പണം വാങ്ങിയാണ് ഈ സീറ്റുകളിൽ പ്രവേശനം നടന്നതെന്നും നഴ്‌സിങ് സീറ്റിൽ മാത്രം 2.60 കോടി രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും കേസിലെ പരാതിക്കാരനും വിദ്യാർഥിയുടെ രക്ഷിതാവുമായ മുൻ എസ്.പി. സി.പി. ഗോപകുമാർ പറഞ്ഞു.
Content Highlights: Vigilance Court cancels the report clearing four officials of charges., Over 3000 merit seats were diverted to self-financing colleges in 2004., Court mandates retrial for former Entrance Commissioner CK Viswanathan and others., Allegations of capitation fees and illegal seat transfers prompted the legal intervention.
Published: 12 May 2026, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented