തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രിയുടെ വഴിതടഞ്ഞ കേസിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ചേന്തിയിലെ ശ്രീനാരായണുഗുരു ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിക്ക് ക്ഷണിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് പരിപാടി നടത്തുന്നതെന്ന റിപ്പോർട്ടിനെ തുടർന്ന് രണ്ടാഴ്ച മുൻപുതന്നെ ആ പരിപാടി ക്യാൻസൽ ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

‘ചെമ്പഴന്തിയിലെ പരിപാടിക്ക് പോകുന്നവഴി അവിടെ കുറേ പാർട്ടി പ്രവർത്തകർ നിൽക്കുന്നത് കണ്ട് ഞാനിറങ്ങി. അവർക്ക് പുഷ്പാർച്ചന നടത്തണമെന്ന് പറഞ്ഞതുകൊണ്ടാണ് ഞാനിറങ്ങിയത്. എന്നാൽ ഈ വ്യക്തി വളരെ മോശമായി സംസാരിച്ചു. ഞാൻ പോകുന്നതിനിടെ തടയുകയും ചെയ്തു. അവിടെയൊരു സംഘർഷം ഉണ്ടാകാതിരിക്കാനായി ഞാൻ അപ്പോൾ തന്നെ വണ്ടിയിൽ കയറി പോയി. പോലീസ് സ്വമേധയാ എടുത്ത കേസാണ് അത്. അനിലിനെ വ്യക്തിപരമായി പരിചയമില്ല. അദ്ദേഹത്തിന്റെ ഭാര്യ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മരിച്ചിരുന്നു. അതുകൊണ്ട് അന്ന് വീട്ടിൽ പോയിട്ടുണ്ട്’മുഖ്യമന്ത്രി  വിശദീകരിച്ചു.

മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് മുൻ ഡിസിസി അംഗം ചേന്തി അനിലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗൂഢാലോചന കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ശ്രീകാര്യം വഴി പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തിയെന്നാണ് അനിലിനെതിരെയുള്ള പരാതി. ഈ പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഇല്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ചേന്തി അനിൽ വാഹനത്തിന് മുന്നിലേക്ക് കയറിനിന്ന് തടയുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും അനിലും തമ്മിൽ തർക്കമുണ്ടാകുകയും, മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയോട് 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും' എന്ന് അനിൽ തിരിച്ചു ചോദിച്ചുവെന്നാണ് പരാതി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഗൺമാൻമാർ അനിലിനെ പിടിച്ചുമാറ്റിയാണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്.