മാർ സേവേറിയോസ്; ആർദ്രതയുള്ളൊരു ഇടയൻ; ദൈവപ്രസാദമുള്ള ജീവിതം


ലിജോ ടി. ജോർജ്

സമൂഹം മാറ്റി നിർത്തിയവർക്കിടയിലേക്ക് നീളുന്ന ആത്മീയ കരങ്ങൾ. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തികൾ. ജീവിതത്തിൽ ഒരു കൈതാങ്ങ് വേണ്ടവരെ ഒപ്പം നിർത്തുന്ന സന്യാസി ശ്രേഷ്ഠൻ.

മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭ നിയുക്ത കാതോലിക്കാബാവ ഡോ. മാത്യൂസ്‌ മാർ സേവേറിേയാസ്‌ മെത്രാപ്പൊലീത്തയെ പുതുപ്പള്ളി പള്ളിയിൽ വികാരി ഫാ. എവി വറുഗീസ്‌ സ്വീകരിക്കുന്നു.

വിശക്കുന്നവന് അപ്പം നുറുക്കി കൊടുക്കുന്നവൻ, അലഞ്ഞുനടക്കുന്നവനെ വീട്ടിൽ ചേർക്കുന്നവൻ, നഗ്നനാക്കപ്പെട്ടവനെ ഉടുപ്പിക്കുന്നവൻ, നിന്റെ മാംസ-രക്തങ്ങളായവർക്ക് നിന്നെ തന്നെ മറച്ചുവെക്കാത്തവൻ"- ദൈവപ്രസാദമുള്ള ഉപവാസിയെ ബൈബിളിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. വേദ പുസ്തകത്തിലെ ഈ വാക്യങ്ങളാണ് മാർ സേവേറിയോസിന്റ ജീവിതവഴികളിൽ ഉടനീളം പ്രതിഫലിക്കുന്നത്.

സമൂഹം മാറ്റി നിർത്തിയവർക്കിടയിലേക്ക് നീളുന്ന ആത്മീയ കരങ്ങൾ. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തികൾ. ജീവിതത്തിൽ ഒരു കൈതാങ്ങ് വേണ്ടവരെ ഒപ്പം നിർത്തുന്ന സന്യാസി ശ്രേഷ്ഠൻ. മാർ സേവേറിയോസിന്റെ ജീവിതം ഒഴുകുന്നത് ഈ ധാരകളിൽ കൂടിയാണ്. കാഴ്ചപ്പാടുകൊണ്ടും കർമം കൊണ്ടും നമുക്കിടയിലെ സവിശേഷ സാന്നിദ്ധ്യമായ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ അടുത്ത കാതോലിക്ക ബാവയായി തിരഞ്ഞെടുക്കാനുള്ള ഓർത്തഡോക്സ് സഭയുടെ തീരുമാനം പൊതുസമൂഹത്തിനും ഏറെ സ്വീകാര്യമാണ്. വെല്ലുവിളികൾ ഏറെയുള്ള വർത്തമാന കാലഘട്ടത്തിൽ സഭയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് പുതിയൊരു ദൗത്യം കൂടി നൽകുന്നു. ആത്‌മീയതയും സന്നദ്ധസേവനവും ജീവിത വഴിയാക്കിയ അദ്ദേഹത്തിന്റ ജീവിതത്തിലൂടെ...

Mathews Mar Severios

പ്രാർഥന കൈമുതലാക്കിയൊരാൾ

കോട്ടയം ജില്ലയിലെ ചെറുഗ്രാമമായ വാഴൂർ പുളിക്കൻ കവല മറ്റത്ത് വീട്ടിൽ ചെറിയാൻ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12 - നാണ് മത്തായുടെ ജനനം. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ബാല്യം പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും കൂടിയായിരുന്നു. വാഴൂർ എൻ .എസ് .എസ് . സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സി.എം.എസ്. കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം. പിന്നീട് കോട്ടയം വൈദീക സെമിനാരിയിൽ ചേർന്ന അദ്ദേഹം വൈദീക പഠനം പൂർത്തിയാക്കിയ അദ്ദേഹം റഷ്യയിൽ നിന്ന് വേദ ശാസ്ത്രത്തിൽ ബിരുദാനന്തര പഠനവും റോമിലെ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പി.എച്ച്.ഡി.യും കരസ്ഥമാക്കി.
1976-ൽ ശെമാശനായി. 1978 -ൽ ബസേലിയോസ് മാർതോമ മാത്യൂസ് പ്രഥമൻ ബാവ വൈദീകപട്ടം നൽകി. 1991 ഏപ്രിൽ 30 - ന് പരുമല പള്ളിയിൽ വെച്ച് എപ്പിസ്കോപ്പയായി നിയോഗിച്ചു. 1993-ൽ മാത്യൂസ് മാർ സേവേറിയോസ് എന്ന പേരിൽ മെത്രാപോലീത്തയായി വാഴിച്ചു. അന്ന് മുതൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റ ചുമതല വഹിക്കുന്നു. കൂടാതെ കോട്ടയം സെൽട്രൽ, മലബാർ, ഇടുക്കി ഭദ്രാസനങ്ങളുടെ സഹായ മെത്രാൻ സ്ഥാനവും അലങ്കരിച്ചു. കോട്ടയം വൈദീക സെമിനാരിയുടെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം നിരവധി വൈദീകരുടെ ഗുരുനാഥൻ കൂടിയാണ്. പ്രാർഥനയാണ് മാർ സേവേറിയോസിന്റ എക്കാലത്തെയും ഊർജം. മുടക്കമില്ലാത്ത നോമ്പും ഉപവാസവും, ചിട്ട തെറ്റിക്കാതെയുള്ള ജപ ധ്യാനങ്ങളും യാമപ്രാർഥനങ്ങളും അദ്ദേഹത്തിന്റെ സത്യാസ ജീവിതത്തെ കൂടുതൽ പ്രകാശിതമാക്കുന്നു.

mar severios
മാർ സേവേറിയോസ് സഹോദരങ്ങൾക്കും അവരുടെ മക്കൾക്കുമൊപ്പം

പ്രമോദം മുതൽ പ്രത്യാശ വരെ

എന്നും വിശക്കുന്നവന്റെ വിളി തിരിച്ചറിഞ്ഞ മെത്രാപോലീത്തയാണ് മാർ സേവേറിയോസ്. "വിശപ്പാറിയവന്റെ വിളി സ്വർഗത്തിൽ നിങ്ങൾക്ക് വേണ്ടി സാക്ഷ്യം പറയും "- എന്ന വേദവാക്യം ജീവിതത്തിൽ അദ്ദേഹം പകർത്തിയതിനൊപ്പം മറ്റുള്ളവർക്കും പകർന്നുകൊടുക്കുന്നു.

പതിനഞ്ച് വർഷം ചെറിയ സംഖ്യയിൽ മൂവാറ്റുപുഴ സർക്കാർ ആശുപത്രി കേന്ദ്രീകരിച്ച അദ്ദേഹം തുടങ്ങിയ പദ്ധതിയാണ് പ്രമോദം. നിർധനരായ കിടപ്പു രോഗികൾക്ക് ഉച്ച ഭക്ഷണമെത്തിക്കുന്ന പദ്ധതി. 15 - വർഷത്തിനപ്പുറവും ഇന്നും മുടക്കമില്ലാതെ തുടരുന്ന ആ പദ്ധതി മൂവാറ്റുപുഴയും കടന്ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ 16-സർക്കാർ ആശൂപത്രികളിലെ ആയിരം കിടപ്പുരോഗികൾക്ക് ദിവസവും ഉച്ചഭക്ഷണമെത്തിക്കുന്നു. പ്രതിദിനം നൂറ് കിലോയ്ക്ക് മേൽ അരിയുടെ കഞ്ഞിയും കറികളുമാണ് വിതരണം ചെയ്യുന്നത്. പ്രതിദിനം 13000-രൂപയുടെ അടുത്ത് ചെലവുണ്ടെങ്കിലും ഒരു ദിനം പോലും ഇത് മുടക്കിയിട്ടില്ല.

പ്രമോദത്തിനൊപ്പം മറ്റ് 15 സന്നദ്ധ സ്ഥാപനങ്ങളും മെത്രാപോലീത്ത നടത്തുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികളെ പാർപ്പിക്കുന്നതിനായി ‘പ്രതീക്ഷാ ഭവൻ’. ആരും നോക്കാനില്ലാത്ത രോഗികൾക്ക് ആജീവനാന്ത പരിരക്ഷണത്തിനായി ‘പ്രശാന്തി ഭവൻ’. ആശൂപത്രികളിൽ ചികിത്സയിലുള്ള നിർധന രോഗികൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിന് ‘പ്രദാനം പദ്ധതി’. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്കായി പ്രസന്നം മാനസികാരോഗ്യ കേന്ദ്രം. അസംഘടിത മേഖലയിൽ പണിയെടുത്തിരുന്ന 60-വയസിന് മേൽ പ്രായമുള്ള നിർധനർക്ക് പെൻഷൻ ലഭ്യമാക്കുന്ന ‘പ്രപാലനം പദ്ധതി’. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വീടുവെയ്ക്കാനും വിവാഹത്തിനുമായി ‘പ്രാപ്തി’. രോഗികൾക്ക് സൗജന്യമായി പ്രതിദിനം 5000-രൂപയുടെ മരുന്ന് വിതരണം ചെയ്യാനായി ‘പ്രയോജന’ പദ്ധതി.

വ്യക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് ഒരുക്കുന്നതിനായി പ്രവാഹം പദ്ധതി. അർബുദ രോഗികളെ പാർപ്പിക്കുന്നതിനും ചികിത്സയ്ക്കുമായി ‘പ്രശാന്തം’. നേത്ര രോഗികൾക്ക് സൗജന്യ ചികിത്സയൊരുക്കി ‘പ്രകാശം’ തുടങ്ങി ഒരുപിടി നന്മകൾക്ക് പിന്നിൽ മെത്രാപോലീത്തയുടെ രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെയുള്ള അധ്വാനമാണ്. ‘ഇടതുകരം ചെയ്യുന്നത് വലതുകരം അറിയരുത്’- മാർ സേവേറിയോസ് പല വേദികളിലും പ്രസംഗിക്കുമ്പോൾ ഇക്കാര്യം അടിവരയിട്ട് പറയാറുണ്ട്. ഒരുപക്ഷെ അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെ പലരും അറിയാതെ പോയതും ഈ കാർക്കശ്വ നിലപാട് കാരണമായിരിക്കാം.

Mathews Mar Severios

എല്ലാം സഭയ്ക്കും സമൂഹത്തിനും

ഒന്നും തന്റെ വ്യക്തിപരമായ നേട്ടത്തിനല്ലാതെ സഭയ്ക്കും സമൂഹത്തിനുമായി ചെയ്യണമെന്ന് നിലപാടുകാരനാണ് മാർ സേവേറിയോസ്. സഭയ്ക്കപ്പുറം എല്ലാ ജനത്തെയും ഒരുപോലെ കാണാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ സ്ത്രീകൾക്കും പുരുക്ഷൻമാർക്കും സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്നതിനുള്ള പരീശീലന പദ്ധതികൾ അദ്ദേഹം തുടങ്ങിയതും ഈ വീക്ഷണത്തിലൂന്നിയാണ്. തൊഴിൽരഹിതരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് വരുമാനം ലഭിക്കുന്നതിനായി കറി പൗഡർ യൂണിറ്റുകൾ ഉൾപ്പടെ ഒരുപിടി സ്വയം തൊഴിൽ സംഘങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.

സാമൂഹിക നന്മയ്ക്കുതങ്ങുന്ന ഒരുപിടി പദ്ധതികൾക്കൊപ്പം സഭാഭരണത്തിലും ശരിയായ നിലപാടുകൾ സ്വീകരിക്കുന്ന അദ്ദേഹം കാതോലിക്ക സ്ഥാനത്തേക്ക് വരുമ്പോൾ പൊതുസമൂഹവും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട മലങ്കര പള്ളി തർക്കത്തിന് ശാശ്വതമായ പരിഹാരത്തിനൊപ്പം ഭിന്നതകൾക്കും തർക്കങ്ങൾക്കും പകരം സഭയിലും സമൂഹത്തിലും സമാധാനം ഉറപ്പാക്കാൻ ആ ഇടയ കരങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷ.

Content Highlights:Kerala: Mathews Mar Severios to be new head of Malankara Orthodox Syrian Church


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented