
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ ജന്മാവകാശത്തിൽനിന്ന് രണ്ടാം പിണറായി സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. 2022-23 ലെ മദ്യനയത്തിന്റെ സൃഷ്ടിയാണ് വീര്യംകുറഞ്ഞ മദ്യം. 0.5 ശതമാനംമുതൽ 20 ശതമാനംവരെ സ്പിരിറ്റ് അടങ്ങിയ മദ്യം വിൽക്കുന്നതിന് വിദേശമദ്യചട്ടത്തിൽ രണ്ടാം പിണറായി സർക്കാർ ഭേദഗതി വരുത്തിയിരുന്നു.
ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉത്പന്നങ്ങളിൽനിന്ന് വൈനും വീര്യം കുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കാൻ കേരള സ്‌മോൾ സ്‌കെയിൽ വൈനറി ചട്ടത്തിനൊപ്പമാണ് വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നൽകിയത്. വൻകിട ഡിസ്റ്റലറികൾക്കും അവസരം നൽകിക്കൊണ്ടായിരുന്നു ഭേദഗതി.
സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ച് കേരളവിപണി ആദ്യം ലക്ഷ്യമിട്ടത് ബക്കാർഡി ഇന്ത്യ എന്ന മദ്യക്കമ്പനിയെയാണ്. 4.8 ശതമാനം വീര്യമുള്ള ബക്കാർഡി ബ്രീസറും എട്ടുശതമാനം വീര്യമുള്ള ബക്കാർഡി പ്ലസും വിൽക്കാൻ അവർ അനുമതി തേടി. എന്നാൽ, വിൽപ്പന നികുതി നിശ്ചയിക്കാത്തത് തടസ്സമായി.
42 ശതമാനം വീര്യമുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ചുമത്തുന്ന 251 ശതമാനം നികുതിക്ക് പകരം പ്രത്യേക നികുതിഘടന വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ ഒന്നിലേറെത്തവണ ഇക്കാര്യത്തിൽ കൂടിയാലോചന നടന്നു.
യു.ഡി.എഫ്. സർക്കാർ ഇപ്പോൾ കൊണ്ടുവന്നതിന് സമാനമായ നികുതിഘടന ധാരണയാകുകയും ചെയ്തു. എന്നാൽ, തീരുമാനമെടുക്കാതെ വിഷയം മാറ്റിവെച്ചു. ഫയൽ അവസാനിപ്പിച്ചതുമില്ല.
നികുതിവരുമാനം കൂട്ടാനുള്ള വഴിതേടിയപ്പോഴാണ് വി.ഡി. സതീശൻ സർക്കാരിനുമുന്നിൽ വീര്യംകുറഞ്ഞ മദ്യം എത്തിയത്. മുൻസർക്കാർ വിൽപ്പനാനുമതി നൽകിയ സ്ഥിതിക്ക് നികുതി നിശ്ചയിക്കുന്നതിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലായിരുന്നു തുടർനടപടി. കേരളം ഒഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുണ്ട്. പ്രത്യേക നികുതിഘടനയാണുള്ളത്.
നികുതി നിശ്ചയിച്ച സ്ഥിതിക്ക് എക്സൈസിൽനിന്ന് ബ്രാൻഡ് രജിസ്ട്രേഷൻ നേടി വിൽപ്പന ആരംഭിക്കാം. ബാർ, ബിയർവൈൻപാർലറുകൾ, ക്ലബ്ബുകൾ തുടങ്ങി ലൈസൻസുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് വിൽപ്പനാനുമതി.
വിമർശനം
മദ്യഉപഭോഗം കുറയ്ക്കുമെന്ന യു.ഡി.എഫ് നയത്തിന് കടകവിരുദ്ധം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പുതിയൊരു വിഭാഗം ഉപഭോക്താക്കളുണ്ടാകും. മദ്യ ഉപയോഗത്തിന് പ്രോത്സാഹനമാകും.
വീര്യം കുറഞ്ഞ മദ്യം
ആൽക്കഹോൾ 0.5 ശതമാനംമുതൽ 20 ശതമാനംവരെ
പുതിയ നികുതിഘടന
ആൽക്കഹോൾ 0.5 മുതൽ 10 ശതമാനംവരെ
വിലയുടെ 120 ശതമാനം
10 മുതൽ 20 ശതമാനം വരെ വീര്യം
വിലയുടെ 175 ശതമാനം
ഇന്ത്യൻനിർമിത വിദേശമദ്യം
42 ശതമാനം ആൽക്കഹോൾ
നികുതി 251 ശതമാനം
ബിയർ
വീര്യം ആറുശതമാനം
നികുതി 112 ശതമാനം
വൈൻ
വീര്യം 15.5 ശതമാനം
നികുതി 82 ശതമാനം
Content Highlights: The 2022-23 liquor policy introduced low-alcohol beverages (0.5% to 20% ABV). Amendments were made to foreign liquor rules to allow production and sale of low-alcohol drinks. New tax structure: 120% for 0.5-10% ABV and 175% for 10-20% ABV. Sales restricted to licensed bars, beer/wine parlors, and clubs. Criticism regarding potential increase in new consumer demographics like women and youth.
Published: 23 Jun 2026, 07:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented