കോഴിക്കോട്: വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി മുസ്‌ലിംലീഗ് പരസ്യധാരണയുണ്ടാക്കിയേക്കില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേതുപോലെ പിന്തുണ നൽകിയാൽ നിരസിക്കുകയുമില്ല. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ചില പ്രദേശങ്ങളിൽ മുസ്‌ലിംലീഗുമായി വെൽഫെയർ പാർട്ടി ധാരണയുണ്ടാക്കിയിരുന്നു. വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ നിർത്തിയ ഇടങ്ങളിൽ യുഡിഎഫ് സഹായിച്ചിരുന്നു. എന്നാൽ, ഇത്തവണ അത്തരം ധാരണാചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് മുസ്‌ലിംലീഗിലെ പ്രധാന നേതാക്കൾ.

To advertise here,

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടുന്നതിൽ സമസ്തയ്ക്കും രണ്ട് പ്രധാന മുജാഹിദ് വിഭാഗങ്ങൾക്കും വിയോജിപ്പുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തിനെതിരേ തങ്ങൾ നിരന്തരമായി പൊരുതുന്നവരാണെന്നാണ് കെഎൻഎം സംസ്ഥാനപ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി കഴിഞ്ഞദിവസം പറഞ്ഞത്. അംഗസംഖ്യയിൽ വളരെ കുറവുള്ള ജമാഅത്തെ ഇസ്‌ലാമിക്കുവേണ്ടി സുന്നി, മുജാഹിദ് വിഭാഗങ്ങളെ പിണക്കുന്നത് മുസ്‌ലിംലീഗിന് തിരിച്ചടിയാവും. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തുതന്നെ മുസ്‌ലിംലീഗ് നേതൃത്വത്തെ കെഎൻഎം നേരിട്ട് അതൃപ്തി അറിയിച്ചതാണ്.

വെൽഫെയർ പാർട്ടിയുടെ നിലപാടുകളുമായി മുസ്‌ലിംലീഗിന് യോജിപ്പില്ലെന്ന് ചൊവ്വാഴ്ച കോഴിക്കോട്ടുനടന്ന വാർത്താസമ്മേളനത്തിൽ എം.കെ. മുനീർ എംഎൽഎ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി ആശയപരമായ ഭിന്നതയുെണ്ടന്ന് നിലന്പൂരിൽ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ തുടർച്ചയായാണ് എം.കെ. മുനീറിന്റെ പ്രസ്താവന.

എം.കെ. മുനീറും കെ.എം. ഷാജിയും മുസ്‌ലിംലീഗിലെ ശക്തരായ ജമാഅത്തെ ഇസ്‌ലാമി വിമർശകരാണ്. പക്ഷേ, പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തരത്തിൽ പറയുന്നത് ആദ്യമായാണ്.

അതേസമയം, സിപിഎം പിഡിപിയുടെ പിന്തുണ സ്വീകരിച്ച സാഹചര്യത്തിൽ ജമാഅത്തെ ഇസ്‌ലാമി വിഷയത്തിൽ അവർ ഉന്നയിക്കുന്ന വിമർശനങ്ങളെ ഗൗരവമായി കാണേണ്ടതില്ലെന്നാണ് മുസ്‌ലിംലീഗ് നിലപാട്.