തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം ബൂത്തുതലത്തിൽ പരിശോധിക്കാൻ സിപിഎം നിർദേശം. എട്ടുചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ബൂത്തുതലത്തിൽ തേടുന്നത്. വോട്ടർപട്ടികയിൽ പേരു ചേർത്തതുമുതൽ വോട്ടുചെയ്യാനെത്തിയവരുടെ കണക്കുവരെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

To advertise here,

ഇതിൽ ഓരോ ഘട്ടത്തിലും മുന്നൊരുക്കങ്ങൾ കൃത്യമായി ചിട്ടപ്പെടുത്തിയാണ് പാർട്ടി പ്രചാരണത്തിനിറങ്ങിയത്. അതിൽ പ്രാദേശികതലത്തിൽ വീഴ്ചവന്നോയെന്നാണ് ഇതിലൂടെ അന്വേഷിക്കുന്നത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് പട്ടിക പരിശോധിച്ച് വോട്ടില്ലാത്തവർ ആരൊക്കെയാണെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിർദേശിച്ച ആദ്യചുവട്. ഇങ്ങനെ എത്രപേരുണ്ടായിരുന്നുവെന്നും അതിൽ എത്രപേരെ ചേർക്കാൻ കഴിഞ്ഞെന്നുമാണ് ഇപ്പോഴത്തെ പരിശോധന. ഇവരൊക്കെ വോട്ടുചെയ്തോയെന്നും കണക്കെടുക്കും. വാർഡ് തലത്തിലും ബൂത്തുതലത്തിലും പാർട്ടിയംഗങ്ങൾക്ക് ശില്പശാല സംഘടിപ്പിച്ചിരുന്നു. വോട്ടർപട്ടികയിൽ പേരുചേർക്കുന്നതുമുതൽ വോട്ടുചെയ്യിപ്പിക്കുന്നതുവരെയുള്ള ചുമതലകൾ നിശ്ചയിച്ച് നടപ്പാക്കുകയാണ് ഇതിലൂടെ ചെയ്തത്. ഇതിലെ തീരുമാനങ്ങൾ നടപ്പായോയെന്നതും പരിശോധിക്കും.

സംഘടനാപരമായ വീഴ്ചകളുടെ പരിശോധന കൂടിയാണ് ഫലം പഠിക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും ഈ പരിശോധന പൂർത്തിയാക്കിയുള്ള റിപ്പോർട്ട് സംസ്ഥാനകമ്മിറ്റിക്ക് നൽകും. പല സ്ഥലങ്ങളിലും ശില്പശാലകൾ നടത്താൻ കഴിഞ്ഞിട്ടില്ല. ഇത് എരിയാകമ്മിറ്റികളുടെ വീഴ്ചയായി കണക്കാക്കാനാണ് സാധ്യത.

നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിനുള്ള തിരുത്തൽനടപടി സ്വീകരിക്കാനുള്ള അടിയന്തര ഇടപെടലും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും. പാർട്ടി ഭാരവാഹികൾ മത്സരത്തിനിറങ്ങിയത് വീഴ്ചയായിട്ടുണ്ടോയെന്നും പരിശോധിക്കും. പലയിടത്തും ബ്രാഞ്ച് സെക്രട്ടറിമുതൽ എരിയാ സെക്രട്ടറി വരെയുള്ളവർ മത്സരത്തിനിറങ്ങിയിട്ടുണ്ട്. പാർട്ടിഭാരവാഹിത്വത്തിലുള്ളവർ മത്സരിക്കുന്നുണ്ടെങ്കിൽ ആ സ്ഥാനം രാജിവെക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. അങ്ങനെ മത്സരിച്ചവർ പലയിടത്തും തോറ്റു. തോറ്റവരെ പാർട്ടി ഭാരവാഹിത്വത്തിലേക്ക് പെട്ടെന്ന് തിരിച്ചെടുക്കേണ്ടെന്ന ധാരണയാണ് നേതൃതലത്തിലുള്ളതെന്നാണ് വിവരം.

ഉത്തരം നൽകേണ്ട ചോദ്യങ്ങൾ

* ആകെ ചേർക്കാനുണ്ടായിരുന്ന വോട്ടുകൾ

* ചേർക്കാനായ വോട്ടുകളുടെ എണ്ണം

* ചേർത്ത വോട്ടുകളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പട്ടികയിൽ ഉൾപ്പെടാതെ പോയത് എത്ര

* വാർഡ് ശില്പശാലയിലുണ്ടായ പങ്കാളിത്തം

* ഓരോ ഏരിയാക്കമ്മിറ്റികൾക്കും കീഴിലുണ്ടായിരുന്ന ബൂത്തുകൾ

* ബൂത്ത് ശില്പശാലയിലെ പങ്കാളിത്തം

* ലഭിക്കുമെന്ന് കരുതിയ വോട്ടുകളുടെ എണ്ണം

* ലഭിക്കുമെന്ന് ഉറപ്പിച്ച വോട്ടുകളിൽ എത്ര എണ്ണം കിട്ടിയില്ല