തിരുനാവായ(മലപ്പുറം): കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന തിരുനാവായ മഹാമാഘമഹോത്സവത്തിന് വെള്ളിയാഴ്ച വിശേഷാൽപൂജകളോടെ ഔപചാരികമായ തുടക്കംകുറിച്ചു.

To advertise here,

മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെയും സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയും ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ദേശീയ ജനറൽസെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹർഷിയുടെയും സാന്നിധ്യത്തിലാണ് ആദ്യദിനത്തിലെ ചടങ്ങുകൾ നടന്നത്.

സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങുകളിൽ, കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച് ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിച്ചു.

ആയിനിപ്പുള്ളി വൈശാഖ് ആചാര്യനായി പിതൃയാനത്തിലെ വീരസാധനക്രിയ നടന്നു. പിതൃക്കളുടെ ആത്മാക്കൾക്ക് ശാന്തിയും തൃപ്തിയും ലഭിക്കുമ്പോൾ സന്തതികളുടെ ജീവിതത്തിലെ കർമതടസ്സങ്ങൾ അകന്നു സമൃദ്ധി കൈവരുമെന്ന വിശ്വാസമനുസരിച്ചാണ് ഈ ക്രിയ അനുഷ്ഠിച്ചത്.

ഇന്ന് വേദശ്രാദ്ധകർമങ്ങൾശനിയാഴ്ച രാവിലെ ആറുമുതൽ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തിൽ വേദശ്രാദ്ധ കർമങ്ങൾ നടക്കും. പിതൃആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയർത്തി അനുഗ്രഹം നേടുകയാണ് കർമത്തിനുപിന്നിലെ വിശ്വാസം.

മഹാമാഘമഹോത്സവത്തിന്റെ ഉദ്ഘാടനം 19-ന് രാവിലെ 11-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. ഉദ്ഘാടനദിവസം തമിഴ്‌നാട്ടിൽനിന്ന് തിരുനാവായയിലെ ത്രിമൂർത്തി സംഗമത്തിലേക്ക് മഹാമേരുരഥയാത്രയും ആരംഭിക്കും.

രഥയാത്രയ്ക്ക് ഭാരതീയ ധർമപ്രചാര സഭയുടെ ആചാര്യൻ യതീശാനന്ദനാഥൻ ഡോ. ശ്രീനാഥ് കാരയാട്ട് നേതൃത്വംനൽകും.

ഫെബ്രുവരി മൂന്നുവരെ നടക്കുന്ന മേളയുടെ ഒരുക്കങ്ങൾ നാവാമുകുന്ദക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലുമായി പൂർത്തിയായിവരുന്നു.

നെയ്യാറ്റിൻകരയിൽനിന്ന് കെഎസ്ആർടിസി ബസ്

തിരുനാവായ: നിളാനദിക്കരയിൽ നടക്കുന്ന മഹാമാഘമഹോത്സവത്തിന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ സർവീസൊരുക്കുന്നു. 24-ന് രാത്രി പുറപ്പെടുന്ന തരത്തിലാണ് സർവീസെന്ന് സെൽ കോഡിനേറ്റർ അജയകുമാരൻതമ്പി പറഞ്ഞു. 25-നു രാവിലെ ബസ് തിരുനാവായയിലെത്തും. അന്നത്തെ ചടങ്ങുകൾ ദർശിക്കുന്നതിനൊപ്പം കാടാമ്പുഴ, ചന്ദനക്കാവ്, തൃപ്രങ്ങോട്, ആലത്തിയൂർ തുടങ്ങിയ സമീപത്തെ പ്രശസ്തക്ഷേത്രങ്ങളിലും ദർശനം നടത്താം. സന്ധ്യക്ക് മാഘമഹോത്സവത്തിലെ നിളാ ആരതി ചടങ്ങിലും പങ്കെടുത്ത ശേഷം ബസ് 25-നു രാത്രി തന്നെ മടങ്ങും. ഒരാൾക്ക് 1710 രൂപയാണ് ചാർജ്. 51 പേർക്കാണ് ബസ്സിൽ അവസരമുള്ളത്. വിവരങ്ങൾക്ക്: 9809494954, 9567604434.

ധ്വജഘോഷയാത്ര ആലിപ്പറമ്പ് കളരിയിൽനിന്ന്

ആലിപ്പറമ്പ്: തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിൽ ഉയർത്താനുള്ള ധ്വജം, ധ്വജസ്തംഭം എന്നിവയും ദീപജ്യോതിയും ആലിപ്പറമ്പ് കളരിയിൽനിന്ന് ഞായറാഴ്ച ഘോഷയാത്രയായി മഹാമാഘ മഹോത്സവം നടക്കുന്ന വേദിയിലേക്ക് പുറപ്പെടും. ഒൻപതിന് സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഘോഷയാത്രയും മറ്റുപരിപാടികളും ഉദ്ഘാടനംചെയ്യും.

ഇതിനുമുൻപായി അരക്കുപറമ്പ് അർധനാരീശ്വരക്ഷേത്രം, കാളികടവ് മഹാകാളിക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽനിന്നുള്ള ദീപജ്യോതികൾ കളരിയിലെത്തും. സഹസ്രനാമ, ദേവിമഹാത്മ്യ പാരായണത്തിനുശേഷം 10-ന് ഘോഷയാത്ര പുറപ്പെടും.

ഇതോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് മൂന്നിന് ആലിപ്പറമ്പ് കളരിയിൽ നാഗപ്പാട്ട്, നാലിന് പൂതനും തിറയുമായി ബന്ധപ്പെട്ട നാടൻപാട്ട്, അഞ്ചിന് ലക്ഷ്മി നന്ദന അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ആറിന് സിത്താനി ഭജൻസിന്റെ ഭജന, രാത്രി 8.30-ന് വിപിൻ ഗുരുക്കളുടെ നേതൃത്വത്തിൽ ആത്മകളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനം എന്നിവയുണ്ടാകും.