തിരുവനന്തപുരം: സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും അനാസ്ഥയുടെയും കൈയബദ്ധങ്ങളുടെയും കൂത്തരങ്ങാവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ അഞ്ചുവർഷംമുൻപ് ശസ്ത്രക്രിയക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രികകണ്ടെത്തിയ സംഭവം. അവകാശങ്ങൾ എണ്ണിയെണ്ണി ചോദിച്ച് അടിക്കടി സമരത്തിനിറങ്ങുന്ന ഡോക്ടർമാരുടെ സംഘടനകളുടെ വിലപേശലിനുമുന്നിൽ 'സിസ്റ്റം' അപ്പാടെ മുട്ടിലിഴയുകയാണ്.

To advertise here,

ഓരോ പരാതികൾ ഉയരുമ്പോഴും, 'റിപ്പോർട്ടുതേടി..., സമിതിയെ നിയോഗിച്ചു...' എന്നീ പതിവ് പല്ലവികൾ മാത്രമാണ് ആരോഗ്യമന്ത്രിക്കും ആവർത്തിക്കാനുള്ളത്. ആരോപണവിധേയരുടെ സഹപ്രവർത്തകർതന്നെയാകും അന്വേഷണസമിതിയായിവരുകയെന്ന വിചിത്രവിശേഷവും ആരോഗ്യവകുപ്പിനുണ്ട്. പത്തുവർഷത്തിനിടെ 45-ലധികം അന്വേഷണങ്ങൾ ആരോഗ്യവകുപ്പിന് നടത്തേണ്ടിവന്നിട്ടുണ്ട്.

2017-ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽനടന്ന പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് താമരശ്ശേരി സ്വദേശിനി ഹർഷീനയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് എന്ന കത്രിക മറന്നുവെച്ചത്. അഞ്ചുവർഷത്തെ ദുരിതവേദനയ്‌ക്കൊടുവിലാണ് വയറ്റിനുള്ളിലെ കത്രികയാണ് കാരണമെന്നു കണ്ടെത്തിയത്. സെക്രട്ടേറിയറ്റ് പടിക്കൽവരെ നീതിക്കായെത്തിയെങ്കിലും ആരോഗ്യവകുപ്പ് ഇന്നും കണ്ണുതുറന്നിട്ടില്ല.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 2023 മാർച്ചിൽ നടത്തിയ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ കാട്ടാക്കട സ്വദേശിനിയായ സുമയ്യ ആരോഗ്യവകുപ്പിനെതിരേ നിയമനടപടികളുമായി രംഗത്തുണ്ട്. കീഹോൾ ശസ്ത്രക്രിയവഴി ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ അതും പേറിയാണ് സുമയ്യയുടെ ജീവിതം. ഗൈഡ് വയർ എടുത്തുകളഞ്ഞില്ലെങ്കിലും കുഴപ്പമില്ലെന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്.

പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശി വിനോദിനിയെന്ന ഒൻപതുവയസ്സുള്ള കുഞ്ഞിന്റെ ഒരു കൈ മുറിച്ചുമാറ്റിയതും ഇതേ സിസ്റ്റം തന്നെ. കളിക്കുന്നതിനിടെ വീണു പരിക്കേറ്റ കുട്ടിയുടെ കൈയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് പ്ലാസ്റ്റർ ഇട്ടത്. പഴുപ്പ് വ്യാപിച്ചതോടെ അവർ കൈയൊഴിഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച കുഞ്ഞിന്റെ കൈ, മുട്ടിനുതാഴെ മുറിച്ചുമാറ്റുകയായിരുന്നു. ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കാത്തതിനാൽ താൻ ഇടപെട്ടാണ് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

വയനാട് മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽനിന്ന് 75 ദിവസത്തിനുശേഷം തുണിയുടെ കഷ്ണം പുറത്തുവന്ന സംഭവം കഴിഞ്ഞമാസമായിരുന്നു. മാനന്തവാടി എടവക പാണ്ടിക്കടവ് സ്വദേശി ദേവിയാണ് തന്റെ ദുരിതം ആരോഗ്യവകുപ്പിനുമുന്നിൽ കണ്ണീരോടെ പറഞ്ഞത്.

2023 ഫെബ്രുവരിയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ വെരിക്കോസ് വെയിൻ ചികിത്സയ്‌ക്കെത്തിയ പെരിയ സ്വദേശി ഹാഷിമിന് നഷ്ടമായത് ചലനശേഷിയും സർക്കാർ ജോലിയുമാണ്. വലതുകാലിലെ ഞരമ്പിനുപകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയാണ് ഡോക്ടർമാർ വൈദഗ്ധ്യം തെളിയിച്ചത്.

കോന്നി മെഡിക്കൽ കോളേജിൽ കൈയൊടിഞ്ഞതിനെത്തുടർന്ന് പ്ലാസ്റ്റർ ഇട്ട ഒൻപതാംക്ലാസ് വിദ്യാർഥിയുടെ കൈ വളഞ്ഞുപോയെന്ന് ആരോപിച്ച് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചിട്ടുണ്ട്. അരുവാപ്പുലം സ്വദേശി ഷാജഹാൻ തന്റെ മകൻ തൻസീറിനുണ്ടായ ദുരവസ്ഥ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും ഫിസിയോതെറാപ്പി ചെയ്യാനായിരുന്നു ഉപദേശം.

പോലീസ് അന്വേഷിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രകിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ചില കാര്യങ്ങൾ പോലീസ് അന്വേഷിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

''വളരെ വേദനയുണ്ടാക്കുന്നതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ സംഭവമാണിത്. വർഷങ്ങൾക്കുമുൻപുണ്ടായ സംഭവമായതിനാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിലുള്ള ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജിൽനിന്നുള്ള സംഘത്തെ ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.'' മന്ത്രി പറഞ്ഞു.

തുടർചികിത്സ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളതിനാൽ മെഡിക്കൽ ബോർഡിനുകൂടി രൂപംനൽകും. പരാതിക്കാരിയായ ഉഷാ ജോസഫിന്റെ മകൻ ഡോക്ടറെ അവരുടെ വീട്ടിൽപ്പോയി പലതവണ കണ്ടിട്ടുണ്ടെന്ന് പറഞ്ഞതായും മന്ത്രി പറഞ്ഞു.

''ശസ്ത്രക്രിയാസമയത്ത് ഏതൊക്കെ ഉപകരണങ്ങൾ ഉപയോഗിക്കുന്നെന്ന് നോക്കേണ്ട സ്‌ക്രൈബ് നഴ്സ് സംഘത്തിലുണ്ടാകണം. ശസ്ത്രക്രിയക്കുശേഷവും ഉപകരണങ്ങൾ അവർ തിട്ടപ്പെടുത്തണം. ഡോക്ടർക്കും അതിൽ ഉത്തരവാദിത്വമുണ്ട്. എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും മെഡിക്കൽ കോളേജിലുണ്ട്. ഉത്തരവാദിത്വത്തിൽനിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ല.'' മന്ത്രി പറഞ്ഞു.

''കത്രിക 50 വർഷം വയറ്റിലിരുന്നാൽപ്പോലും പ്രശ്‌നമില്ലെന്ന് ഒരു കാരണവശാലും ഒരു ഡോക്ടർ പറയാൻ പാടില്ലാത്തതാണ്. അങ്ങനെ പ്രശ്‌നങ്ങളെ നിസ്സാരവത്കരിക്കാൻ കഴിയില്ല. അത് സ്വന്തം തൊഴിലിനോടുള്ള അനാദരവാണ്. എത്ര നിസ്സാരമായ, ഉത്തരവാദിത്വമില്ലാത്ത സമീപനമാണ് ഡോക്ടറുടേത്.'' മന്ത്രി കൂട്ടിച്ചേർത്തു.

വിദഗ്ധസംഘം അന്വേഷണം തുടങ്ങി

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയ മൂന്നുപേരടങ്ങിയ സമിതി വെള്ളിയാഴ്ച മെഡിക്കൽ കോളേജിലെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം അധ്യക്ഷ ഡോ. ജയശ്രീ വാമനൻ, ഫൊറൻസിക് വിഭാഗം അധ്യക്ഷൻ ഡോ. രഞ്ജു രവീന്ദ്രൻ, സർജറി വിഭാഗം അധ്യക്ഷൻ ഡോ. തോമസ് എന്നിവരാണ് സമിതിയിലുള്ളത്.

ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാരടക്കമുള്ളവരെ പ്രിൻസിപ്പൽ ഓഫീസിൽവരുത്തി മൊഴിയെടുത്തു. ചികിത്സാരേഖകളും പരിശോധിച്ചു. ഉഷയുടെ ബന്ധുക്കളുടെ മൊഴിയുമെടുക്കും.

കുറ്റക്കാർക്കെതിരേ നടപടിയെടുക്കും

സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ, സൂപ്രണ്ട് ഡോ. എ. ഹരികുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി എന്നിവരറിയിച്ചു.

ശസ്ത്രക്രിയയ്ക്കുശേഷം ഒരിക്കൽപ്പോലും ഉഷ ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയിരുന്നില്ല. വയറ്റിൽ കത്രിക കണ്ടെത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ വന്നു. ചികിത്സ നൽകാമെന്നറിയിച്ചെങ്കിലും അവർ സ്വമേധയാ പോകുകയായിരുന്നു.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് ചീഫും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം വി. ഗീത നിർദേശിച്ചു.