തിരുവനന്തപുരം: സംസ്ഥാനത്തെ 135 ആശുപത്രികളിലായി 225 കെട്ടിടങ്ങള്‍ പൊളിഞ്ഞുവീഴാറായ നിലയിലെന്ന് ആരോഗ്യവകുപ്പ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ശേഖരിച്ച് സര്‍ക്കാരിന് കൈമാറിയതാണ് കണക്ക്.
ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളുടെ പ്രാഥമിക കണക്കുമാത്രമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോട്ടയത്തെ ദുരന്തത്തെത്തുടര്‍ന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ പല ആശുപത്രികെട്ടിടങ്ങളും ഈ പട്ടികയിലില്ല.
എറണാകുളം ജില്ലയില്‍ 41 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതായിട്ടുണ്ട്. നൂറനാട് കുഷ്ഠരോഗ ആശുപത്രിയിലടക്കം ആലപ്പുഴ ജില്ലയില്‍ 37 കെട്ടിടങ്ങള്‍ 'ഗുരുതരാവസ്ഥ'യിലാണ്. വയനാട്ടില്‍ 14 കെട്ടിടങ്ങളും ഇടിഞ്ഞുവീഴാറായ നിലയിലാണ്.
കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും കത്ത് നല്‍കി കാത്തിരിക്കുന്നവയാണ് പല ആശുപത്രി അധികൃതരും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പല കെട്ടിടങ്ങളും പൊളിച്ചമാറ്റാന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഈ ആശുപത്രി ഈ പട്ടികയിലില്ല.
പത്തനംതിട്ട കടപ്രയിലെ കുടുംബാരോഗ്യകേന്ദ്രത്തിലെ ഒരുകെട്ടിടം 2018-ലെ പ്രളയത്തില്‍ ചെരിഞ്ഞതാണെങ്കിലും നന്നാക്കിയിട്ടില്ല. വാടകക്കെട്ടിടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
അടിമാലി താലൂക്ക് ആശുപത്രിയിലെ ഐപി ബ്ലോക്ക് ഭാഗികമായി പൊളിച്ചുമാറ്റിയതാണെങ്കിലും സ്ഥലപരിമിതിയുള്ളതിനാല്‍ ഗൈനക് വാര്‍ഡ് പഴയ കെട്ടിടത്തില്‍ത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അയോഗ്യമെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒട്ടുമിക്ക കെട്ടിടങ്ങളും. ഇവ പൊളിച്ചുമാറ്റുന്നത് 'സര്‍ക്കാര്‍കാര്യം' ആയതിനാല്‍ നടപടിക്രമങ്ങള്‍ ഇഴഞ്ഞ് മറ്റൊരുദുരന്തം ക്ഷണിച്ചുവരുത്തുകയുമാണ്.
Content Highlights: A report reveals 225 dilapidated buildings across 135 Kerala hospitals. Urgent action needed
Published: 10 Jul 2025, 06:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented