രാമപുരം: തൊഴിലും സുരക്ഷിത ജീവിതവും ഉറപ്പാക്കുന്ന വിധം ഉന്നതവിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി ലോകത്തിലെ ലെഗസി യൂണിവേഴ്‌സിറ്റികളുടെ ക്യാമ്പസ് കേരളത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെംസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ (ഓട്ടോണമസ്) പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

യുവതലമുറയ്ക്ക് നാട്ടിൽ ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്ന സാഹചര്യം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കാലഹരണപ്പെട്ട കോഴ്‌സുകളാണ് കുട്ടികളെ വിദേശത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. അതിന് മാറ്റമുണ്ടാക്കാനാണ് ബജറ്റിൽ ഗ്ലോബൽ ജോബ് വാച്ച് ടവർ പ്രഖ്യാപിച്ചത്. എ.ഐ., മെഷീൻ ലേണിങ്, ക്വാണ്ടം കമ്പ്യൂട്ടിങ്, റോബോട്ടിക് ടെക്‌നോളജി, ജനറ്റിക് എൻജിനീയറിങ് തുടങ്ങി പുതിയ പുതിയ വിഷയങ്ങൾ അതിവേഗം ഉണ്ടായിവരുന്നു. ഇത്തരം വിഷയങ്ങളെ 12 മുതൽ 15 വരെയുള്ള മേഖലകളാക്കി തിരിച്ച് വിദേശത്തുനിന്നുൾപ്പെടെയുള്ള വിദഗ്ധർ പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് ചെയ്യും. ഈ സർക്കാർ ആറുമാസം പൂർത്തിയാക്കുന്നതുമുതൽ ഈ മാറ്റങ്ങൾ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജെംസ് ചെയർമാൻ മഞ്ഞളാംകുഴി അലി എം.എൽ.എ. പരിപാടി അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.എൽ.എ.മാരായ വി.എസ്. ജോയ്, കെ.പി. നൗഷാദലി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

'ഞങ്ങളും കോളേജിലേക്ക്' പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും'

പഠനം മുടങ്ങിയ വനിതകളുടെ ഉന്നതവിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനായി മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ നേതൃത്വത്തിൽ ജെംസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ (ഓട്ടോണമസ്) തുടങ്ങിയ 'ഞങ്ങളും കോളേജിലേക്ക്' പദ്ധതി സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ജെംസ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിഗ്രി, പി.ജി. പഠനങ്ങൾ മുടങ്ങിയ 25,000 സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത്തരം വനിതകൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുകയും ജോലിസാധ്യത ഉറപ്പുവരുത്തുകയും ചെയ്യാൻ പദ്ധതിയിലൂടെ സാധിക്കും. പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായ വനിതകളുമായി സംസാരിച്ചിരുന്നു. അവരുടെ ആവേശവും പഠനത്തോടുള്ള അഭിവാഞ്ചയും ഈ പദ്ധതി മാതൃകയാക്കാൻ പ്രേരിപ്പിച്ചു. പഠനം മുടങ്ങിയ കേരളത്തിലെ എല്ലാ വനിതകൾക്കും ഉന്നതപഠനത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.