പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപ്പാതയ്ക്ക് ഡി.പി.ആർ. (വിശദ പദ്ധതിരേഖ) തയ്യാറാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മെട്രോമാൻ ഇ. ശ്രീധരൻ. കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയതിനുപിന്നാലെയാണ് മെട്രോമാന്റെ പ്രതികരണം.

To advertise here,

നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ എന്നത് ഒരു കമ്പനിയാണെന്നും അവർക്ക് കേരള ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിയുമായി ബന്ധമില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. റെയിൽവേ മന്ത്രാലയവും ഡി.എം.ആർ.സി.യും തമ്മിലാണ് കരാറുണ്ടാവുകയെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ ആവശ്യമില്ലെന്നും മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റുകൊണ്ട് എത്താവുന്ന കേരള ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിയാണ് ഇ. ശ്രീധരൻ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കാനായി അദ്ദേഹം പൊന്നാനിയിൽ ഡി.എം.ആർ.സി.യുടെ ഓഫീസ് തുറക്കുകയും ചെയ്തിട്ടുണ്ട്.

പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി പാത കടന്നുപോകുന്ന എല്ലാ ജില്ലകളിലും പ്രത്യേക യോഗം വിളിച്ചുചേർക്കും. ആദ്യയോഗം തിങ്കളാഴ്ച 10.30-ന് മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപത്തെ ഹാളിൽ ചേരുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗപാതയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. 465 കിലോമീറ്റർ പാതയിൽ 445 കിലോമീറ്ററും ആകാശപ്പാതയാണ്. 20 സ്റ്റേഷനുകളുള്ള പാതയിൽ 30 മിനിറ്റ് ഇടവിട്ട് വണ്ടികൾ ഓടിക്കാനാണ് പദ്ധതി. സംസ്ഥാന സർക്കാർ ആർ.ആർ.ടി.എസ്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിനേക്കാൾ ചെലവ് കുറച്ചാണ് ഇ. ശ്രീധരൻ അതിവേഗ റെയിൽ പദ്ധതി തയ്യാറാക്കിയത്. അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കാവുന്ന പദ്ധതിക്ക് 54,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.