കൊച്ചി: വിവാഹം കഴിച്ചാലോ കന്യാസ്ത്രീ ആയാലോ പിതാവ് നൽകിയ സ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമപരമല്ലെന്നും പാലിക്കേണ്ടതില്ലെന്നും ഹൈക്കോടതി. പിതാവ് എഴുതിച്ച ധനനിശ്ചയാധാരത്തിലെ ഈ നിബന്ധനപ്രകാരം സഹോദരിയുടെ വിഹിതം സ്വന്തംപേരിലാക്കിയ വൈക്കം സ്വദേശി വർക്കി എന്നയാളുടെ അപ്പീൽ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്.
1965-ൽ തയ്യാറാക്കിയ ധനനിശ്ചയാധാരപ്രകാരം ഹർജിക്കാരന്റെ സഹോദരി കത്രീനയ്ക്ക് പിതാവ് 10 സെന്റ് സ്ഥലംനൽകി. മകൾ വിവാഹിതയാവുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ ഭൂമി മകന് ലഭിക്കുമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. 1971-ൽ വിവാഹിതയായ കത്രീന ജർമനിക്ക് പോയി. പിതാവ് 1983-ൽ മരിച്ചു.
തുടർന്ന് ആധാരത്തിലെ വ്യവസ്ഥവെച്ച് വർക്കി സ്ഥലം സ്വന്തംപേരിൽ പോക്കുവരവ് ചെയ്തു. ഇതിനെതിരേ സഹോദരി മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. എന്നാൽ, അപ്പീലിൽ കോട്ടയം അഡീ. ജില്ലാ കോടതി അനുകൂല നിലപാടെടുത്തു. ഇതിനെതിരേയാണ് വർക്കി ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹംകഴിക്കുന്നതിനോ കന്യാസ്ത്രീയാകുന്നതിനോ തടസ്സമായി നിൽക്കുന്ന വ്യവസ്ഥ ഇന്ത്യൻ കരാർ നിയമത്തിലെ 26-ാം വകുപ്പുപ്രകാരം അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് പൊതുതാത്പര്യത്തിന് എതിരാണെന്നും പറഞ്ഞു. പിതാവ് നൽകിയ 10 സെന്റിൽ കത്രീനയ്ക്ക് പൂർണ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
Content Highlights: Kerala HC declares property clauses barring marriage or religious vows illegal under Indian Contract Act.
Published: 16 May 2026, 06:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented