കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ അനുകൂലതീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി. പൂര്‍ണമായിട്ടല്ലെങ്കിലും നിശ്ചിത തുകയെങ്കിലും എഴുതിത്തള്ളണമെന്ന നിര്‍ദേശമാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് എസ്. ഈശ്വരനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ രണ്ടാഴ്ച സമയം തേടി.

To advertise here,

വായ്പകള്‍ എഴുതിത്തള്ളുന്നകാര്യത്തില്‍ ബാങ്കുകളെ വിശ്വാസത്തിലെടുക്കണമെന്ന് എ.എസ്.ജി. വിശദീകരിച്ചു. ബാങ്കുകളെ നഷ്ടത്തിലാക്കാനാകില്ല. എഴുതിത്തള്ളുന്ന വായ്പകളുടെ കാര്യത്തില്‍ സീലിങ് വേണം. കോവിഡ് കാലത്തുപോലും വായ്പകള്‍ എഴുതിത്തള്ളിയിട്ടില്ലെന്നും വിശദീകരിച്ചു.

കോവിഡ് കാലത്ത് ബിസിനസ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി സ്തംഭിക്കുക മാത്രമാണുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവിടെ പ്രകൃതിദുരന്തത്തില്‍ നാടുതന്നെ ഇല്ലാതായതാണെന്നും ഓര്‍മ്മിപ്പിച്ചു. അതൊക്കെ പരിഗണിച്ചുള്ള തീരുമാനമാണ് വേണ്ടതെന്നും പറഞ്ഞു.

ചെറിയ വായ്പകളെടുത്തവര്‍ക്ക് ആശ്വാസകരമായ നടപടിയെങ്കിലും ഉണ്ടാകണം. അവരാണ് കൂടുതല്‍ ദുരിതം അനുഭവിച്ചതെന്നും കോടതി പറഞ്ഞു.തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര നിലപാട് അറിയിക്കാമെന്ന് എ.എസ്.ജി. അറിയിച്ചത്.

കേന്ദ്ര സഹായത്തിന് കാത്തിരിക്കാതെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കി. 2000 കോടിയുടെ പാക്കേജില്‍ കേന്ദ്രം തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ലെന്നത് അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

പുനര്‍നിര്‍മാണത്തിനായി സംസ്ഥാനവും ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്ന് എ.എസ്.ജി. വിശദീകരിച്ചു. അധികസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്ര തീരുമാനം പിന്നാലെയെ ഉണ്ടാകൂ എന്നും അറിയിച്ചു. തുടര്‍ന്നാണ് സംസ്ഥാനത്തോട് ജോലികള്‍ തുടങ്ങാന്‍ കോടതി നിര്‍ദേശിച്ചത്. നിലവില്‍ എല്ലാം കടലാസിലാണെന്നും കോടതി പറഞ്ഞു.

ജോലികള്‍ക്കായി 75 ശതമാനത്തോളം ഫണ്ട് ചെലവഴിച്ചുകഴിയുമ്പോള്‍ അറിയിക്കൂ, അപ്പോള്‍ കൂടുതല്‍ സഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കാമെന്നും കോടതി അഭിപ്രായപ്പെട്ടു. പാലവും റോഡുമടക്കം നിര്‍മിക്കുന്നതിനായി 120 കോടിയോളം രൂപ ചെലവഴിക്കേണ്ടതുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരിച്ചു. വിഷയം 21-ന് വീണ്ടും പരിഗണിക്കും.