കൊച്ചി: ബോ‍‍ഡി ഷെയിമിങ് എന്നത് നമ്മുടെ സമൂഹത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്നതല്ലെന്നും തടിച്ചത്, മെലിഞ്ഞത്, കറുത്തത്, വെളുത്തത് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ഹൈക്കോടതി. മറ്റുള്ളവരെക്കുറിച്ച് ഒരു പ്രസ്താവന നടത്തുമ്പോൾ അത് സ്ത്രീ ആയാലും പുരുഷനായാലും തീർച്ചയായും ശ്രദ്ധാലുവായിരിക്കുകയും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. നടി ഹണിറോസിന്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവ​ദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

To advertise here,

നിങ്ങൾ ഒരു സ്ത്രീയെ അവരുടെ രൂപത്തിന്റെ അടിസ്ഥാനത്തിൽ നിർവചിക്കുകയാണെങ്കിൽ, അത് അവളെയല്ല നിങ്ങളെയായിരിക്കും നിർവചിക്കുക എന്ന അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കറുടെ വാക്കുകൾ രേഖപ്പെടുത്തികൊണ്ടാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ആരംഭിക്കുന്നത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യ വ്യവസ്ഥയിലുമാണ് ബോബി ചെമ്മണ്ണൂർ പുറത്തേക്കിറങ്ങുന്നത്. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു. 

പോലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. മലയാളിയായ ഏതൊരാൾക്കും കേസിലെ പ്രതി ഉപയോ​ഗിച്ചിരിക്കുന്ന വാക്കുകൾ ദ്വയാർഥത്തോടെയാണെന്ന് മനസിലാകും. അങ്ങനെയല്ലായെന്ന് പ്രതിഭാ​ഗം വാദിക്കാൻ ശ്രമിച്ചെങ്കിലും അതിൽ യോജിക്കാൻ സാധിക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഇരുവിഭാ​ഗങ്ങളും കോടതിയിൽ സമർപ്പിച്ച വീഡിയോകളടക്കം പരിശോധിച്ച ശേഷമായിരുന്നു നിരീക്ഷണം. 

ബോ‍‍ഡി ഷെയിമിങ് എന്നത് നമ്മുടെ സമൂഹത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല. തടിച്ചത്, മെലിഞ്ഞ്, കറുത്തത്, വെളുത്തത് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം. മറ്റുള്ളവരെക്കുറിച്ച് ഒരു പ്രസ്താവന നടത്തുമ്പോൾ സ്ത്രീ ആയാലും പുരുഷനായാലും തീർച്ചയായും ശ്രദ്ധാലുവായിരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 

പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കും. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവിൽ അംഗീകരിക്കാനാകില്ല. സമാനമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയാണ് ബോബിക്കായി കോടതിയില്‍ ഹാജരായത്.