കൊച്ചി: ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയം പ്രവേശനാധികാര ചട്ടം 3 (എ) ഭേദഗതി ചെയ്യേണ്ടതുണ്ടോ എന്നത് സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി. 1965-ലെ കേരള ഹിന്ദു പൊതുആരാധനാലയം പ്രവേശനാധികാരനിയമം അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കുന്നില്ലെന്നതടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വംബെഞ്ചിന്റെ ഉത്തരവ്.
നിയമത്തിൽ ഇല്ലാത്തത് ചട്ടത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമനിർമാണത്തിന്റെ ഉദ്ദേശ്യവും ഭരണഘടനാതത്ത്വങ്ങളും കണക്കിലെടുത്ത് ചട്ടത്തിൽ കാലാനുസൃതമായ ഭേദഗതിയോ പുനഃപരിശോധനയോ ആവശ്യമുണ്ടോ എന്നത് ദേവസ്വംബോർഡ്, തന്ത്രിമാർ, മതപണ്ഡിതർ, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരുമായി ആലോചിച്ച് പരിശോധിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
പത്തനംതിട്ട അടൂർ ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ 2023-ൽ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് അതിഥിയായി വിളിച്ചിട്ട് എത്തിയ ക്രിസ്ത്യൻ പുരോഹിതർ ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമാണെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജി തള്ളിയ ഉത്തരവിലാണ് നിർദേശം. പത്തനംതിട്ട സ്വദേശി സനിൽ നാരായണൻ നമ്പൂതിരിയാണ് ഹർജി നൽകിയത്.
ക്ഷേത്രപ്രവേശന ചട്ടങ്ങളുടെ വ്യാഖ്യാനത്തിൽ തർക്കങ്ങൾ ഉണ്ടായാൽ പരിശോധിക്കേണ്ടത് സർക്കാരാണ്. എല്ലാവരെയും ഉൾക്കൊള്ളുംവിധം സമൂഹം മാറുമ്പോൾ നിയമം വ്യാഖ്യാനിക്കേണ്ടത് ഭരണഘടനാമൂല്യങ്ങളും സാമൂഹിക അഖണ്ഡതയും കണക്കിലെടുത്താകണം. നിയമങ്ങളും ചട്ടങ്ങളും വിവിധ മതങ്ങളും ജാതികളും സമുദായങ്ങളും തമ്മിലുള്ള ഭിന്നിപ്പിനും അപസ്വരത്തിനും ഇടയാക്കുന്നതാകരുത്. പരസ്പര ബഹുമാനവും സഹവർത്തിത്വവും സൃഷ്ടിക്കാനുള്ള ഏകീകൃത ശക്തിയായി അത് മാറണം.
1965-ലെ നിയമവും അതിനുമുൻപുണ്ടായിരുന്ന 1950-ലെ തിരുവിതാംകൂർ-കൊച്ചി ക്ഷേത്രപ്രവേശനം അയോഗ്യത നീക്കംചെയ്യൽ നിയമവും പറയുന്നത് എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നും വിവേചനം ഉണ്ടാകരുതെന്നുമാണ്. ചട്ടം രൂപവത്കരിച്ചപ്പോഴാണ് അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിയത്. നിയമത്തിൽ ഇത്തരമൊരു വിലക്കില്ല.
ക്രിസ്ത്യൻ പുരോഹിതർ തന്ത്രിയുടെ അനുമതിയോടെ പാർഥസാരഥി ക്ഷേത്രത്തിൽ പ്രവേശിച്ചതിൽ ആചാരലംഘനമോ നിയമലംഘനമോ ഇല്ലെന്നും കോടതി പറഞ്ഞു. തന്ത്രിക്ക് ക്ഷേത്രകാര്യങ്ങളിൽ പാവനമായ സ്ഥാനമുണ്ട്. തൈത്തിരിയ ഉപനിഷത്തിലെ 'അതിഥി ദേവോ ഭവ' എന്ന ശ്ലോകവും ഉത്തരവിൽ ഉൾപ്പെടുത്തിയാണ് ഹർജി തള്ളിയത്.
ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനമുണ്ട്
അമിക്കസ് ക്യൂറിയെ അടക്കം നിയമിച്ചാണ് കോടതി വിഷയം പരിശോധിച്ചത്. ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത് എന്നത് അനിവാര്യമായ മതാചാരമല്ലെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചത്. ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനമുള്ളതും ചൂണ്ടിക്കാട്ടി. അഭിഭാഷകരായ കൃഷ്ണനുണ്ണി, ജേക്കബ് പി. അലക്സ് എന്നിവരായിരുന്നു അമിക്കസ് ക്യൂറി.
ക്ഷേത്രമര്യാദകൾ പാലിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ചട്ടങ്ങളെന്നും ആരെയെങ്കിലും അപമാനിക്കാനുള്ളതല്ലെന്നുമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിഭാഷകൻ ജി. ബിജു അറിയിച്ചത്. ക്ഷേത്രോപദേശകസമിതിക്കുവേണ്ടി അഡ്വ. ആർ. രഞ്ജിത്തും ഹാജരായി
Content Highlights: Kerala High Court directs government to review 1965 rules prohibiting non-Hindus from entering temples. Considers constitutional values and societal changes. Learn more.
Published: 08 Feb 2026, 06:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented