കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. 2004 ഡിസംബർ 20-ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്നും 1975-ലെ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 

To advertise here,

സ്കന്ദ പുരാണത്തിലെ പത്ത് പുത്രൻമാർക്ക് തുല്യമാണ് ഒരു മകൾ എന്ന വാചകം ഉദ്ധരിച്ചുകൊണ്ടാണ് ഹിന്ദു പിന്തുടർച്ചാവകാശത്തിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി ആരംഭിക്കുന്നത്. പിതാവിന്റെ പൂർവിക സ്വത്ത് സംബന്ധിച്ച കാര്യത്തിൽ മകളുടെ അവകാശങ്ങളേക്കുറിച്ച് സംസാരിക്കുമ്പോൾ ഇക്കാര്യം ശരിയായി പ്രതിഫലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. ഒരു പെൺകുട്ടിയിൽ ഐശ്വര്യത്തിന്റെ ദേവത കുടികൊള്ളുന്നു. എല്ലാ നന്മകളാലും സമ്പന്നയാണ് ഓരോ മകളും. ഓരോ നല്ല പ്രവൃത്തികളുടെയും തുടക്കത്തിൽ അവളെ ആ​ദരിക്കണമെന്നും കോടതി പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശമുന്നയിച്ച് കോഴിക്കോട്ട് കോടതിയെ സമീപിച്ചത്. എന്നാൽ, കീഴിക്കോടതി കേസ് തള്ളിയതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. 

1975-ലെ നിയമപ്രകാരം സ്വത്ത് വിതരണത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് പരിഹരിച്ചുകൊണ്ടാണ് 2005-ൽ കേന്ദ്രം നിയമം ഭേ​ദ​ഗതിചെയ്തത്. 1975-ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്‌ഷൻ 3, 4 എന്നീ വകുപ്പുകൾ 2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമത്തിലെ സെക്ഷൻ ആറിന് വിരുദ്ധമാണ്. 1975-ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്‌ഷൻ മൂന്ന് പ്രകാരം പാരമ്പര്യ സ്വത്തിൽ ആർക്കും ജന്മാവകാശമില്ല. സെക്‌ഷൻ നാലിൽ ഹിന്ദു അവിഭക്തകുടുംബത്തിലുള്ളവർക്ക് സ്വത്ത് പങ്കിട്ടെടുക്കാൻ കൂട്ടായ അവകാശമുണ്ടെന്നും വ്യക്തമാക്കുന്നു. അതേസമയം, 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമത്തിൽ എല്ലാ മക്കൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നുമാണ് പറയുന്നത്. ‌അതുകൊണ്ടുതന്നെ 1975-ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.