
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാർ അഞ്ചാം വർഷത്തിലേക്ക്; തുടർഭരണം പത്താം വർഷത്തിലേക്കും. മൂന്നാമൂഴം എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം താണ്ടുകയാണ് ഇനിയുള്ള ഓരോ ദിവസവും സർക്കാരിന്റെ ലക്ഷ്യമെങ്കിൽ കൈവിട്ടുപോയതെല്ലാം തിരിച്ചുപിടിക്കാനുള്ള കാത്തിരിപ്പാണ് പ്രതിപക്ഷത്തിന്റേത്. ഫൈനൽ മത്സരത്തിനുമുൻപുള്ള സന്നാഹ മത്സരങ്ങളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും.
പ്രളയം, കോവിഡ് ദുരന്തങ്ങൾ മറികടന്ന രക്ഷാദൗത്യമായിരുന്നു മുൻ തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ ഗ്രാഫുയർത്തിയത്. എന്നാൽ വികസനത്തിലൂന്നിയുള്ള പ്രചാരണമാണ് അവസാനവർഷത്തെ ആയുധം. ദേശീയപാത, വിഴിഞ്ഞം തുറമുഖം, വ്യവസായമേഖലയിലെ വളർച്ച എന്നിവയാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. ഈ വികസന നേട്ടങ്ങൾ ഉമ്മൻചാണ്ടി സർക്കാരിന്റെ തുടർച്ചയായി ഉണ്ടായതാണെന്നു സമർഥിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നു.
ധനപ്രതിസന്ധി തീർക്കുന്ന ബുദ്ധിമുട്ടുകൾക്ക് കടമെടുപ്പ് പരിധി കൂട്ടാത്ത കേന്ദ്രസർക്കാരിനെ സംസ്ഥാനം പഴിചാരുമ്പോൾ ഞെരുക്കത്തിനിടയിലുമുള്ള ധൂർത്തിലേക്കാണ് പ്രതിപക്ഷം വിരൽ ചൂണ്ടുന്നത്. ക്ഷേമപെൻഷൻ ക്രമത്തിൽ നൽകുന്നുണ്ടെങ്കിലും സർക്കാർജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടി തുടങ്ങാത്തതും ക്ഷാമബത്തകുടിശ്ശികയുംമറ്റും ഭരണപക്ഷ സർവീസ് സംഘടനകളുടെതന്നെ ഉത്തരം മുട്ടിക്കുന്നതാണ്.
വന്യജീവി ആക്രമണമാണ് മറ്റൊരു തലവേദന. ഇത് സർക്കാരിനെതിരായി ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷം കോപ്പുകൂട്ടുന്നുണ്ട്. മലയോര ജാഥയുംമറ്റും അതിന്റെ ഭാഗമായിരുന്നു. കേന്ദ്രനിയമങ്ങളും കോടതിവിധികളുമാണ് വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനുള്ള ബാരിക്കേഡെന്ന പ്രചാരണത്തിലൂന്നിയാണ് സർക്കാരിന്റെ പ്രതിരോധം.
ലഹരിയുടെ വ്യാപനം മറ്റൊരു സാമൂഹികപ്രശ്നമായി ഉയർന്നുവരുന്നു. ഉദാരമായ മദ്യനയം പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണം നിരത്തി സർക്കാർ അതിന് തടയിടാൻ ശ്രമിക്കുന്നു.
അവസാനകാലം ചെറിയ രീതിയിലാണെങ്കിലും ഒരു പുനഃസംഘടന മന്ത്രിസഭയ്ക്കുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ അതിന് മുഖ്യമന്ത്രി മുതിരുന്നില്ലെന്നാണ് സൂചന. ഇതേസമയം കെപിസിസിക്ക് പുതിയ പ്രസിഡന്റിനെയടക്കം തിരഞ്ഞെടുത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായി. ബിജെപിയും പ്രസിഡന്റ് സ്ഥാനത്ത് അപ്രതീക്ഷിത മാറ്റംവരുത്തി തിരഞ്ഞെടുപ്പ് വെല്ലുവിളി ഏറ്റെടുത്തു. ഇനി ഒരുവർഷത്തേക്കുള്ള രാഷ്ട്രീയം തിരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങൾ മനസ്സിൽ കണക്കുകൂട്ടിയുള്ളതാകുമെന്നുറപ്പ്.
Content Highlights: Pinarayi Vijayan's Second Term Review of Achievements Shortcomings and Political
Published: 20 May 2025, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented