തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുൻനിർത്തി ഗവൺമെൻറിനുനേരേയുണ്ടാകുന്ന വാർത്തകളും വിവാദങ്ങളും നേരിടാൻ സർക്കാർ രാഷ്ട്രീയ ‘കാപ്‌സ്യൂൾ’ നൽകും. വ്യാജ ഐ.ഡി.കൾ തയ്യാറാക്കി, അതിലൂടെ സാമൂഹികമാധ്യമങ്ങളിൽ ‘കാപ്‌സ്യൂൾ’ കുറിപ്പുകൾ പോസ്റ്റുചെയ്യാനാണ് നിർദേശം. ‌ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനുകീഴിൽ ഓരോ ജില്ലയിലും കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പ്രിസം ടീമിനാണ് വ്യാജ ഐ.ഡി. നിർമിക്കാനുള്ള ചുമതല.

To advertise here,

‘ഫാക്ട് ചെക്ക്’ എന്നപേരിലാണ് വ്യാജ ഐ.ഡി. തയ്യാറാക്കിയത്. ഐ.പി.ആർ.ഡി.യുടെ പേരോ,സാമൂഹികമാധ്യമ അക്കൗണ്ടുകളോ ഉപയോഗിക്കാതെ കരാർജീവനക്കാർ വ്യക്തിഗതമായിവേണം വ്യാജ ഐ.ഡി.യുണ്ടാക്കാൻ. ഇങ്ങനെ സ്വന്തംനിലയിൽ അക്കൗണ്ട് തുടങ്ങി ക്യാപ്‌സ്യൂൾ പ്രചരിപ്പിക്കുന്നതിൽ കുറെപ്പേർ എതിർപ്പറിയിച്ചിരുന്നുവെങ്കിലും ഐ.പി.ആർ.ഡി. കാര്യമാക്കിയില്ല. ഐ.പി.ആർ.ഡി.യുടെ ജില്ലാതല ഫെയ്‌സ് ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയൊന്നും കാപ്‌സ്യൂളുകൾ പോസ്റ്റ് ചെയ്യില്ല.

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കിലെ കള്ളത്തരം ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നത് വലിയ രാഷ്ട്രീയചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന്റേതായി ഒരു വിശദീകരണക്കുറിപ്പും ഐ.പി.ആർ.ഡി. വഴി നൽകിയിട്ടില്ല. എന്നാൽ, വ്യാജ ഐ.ഡി.കളിലൂടെ ഒട്ടേറെ കാപ്‌സ്യൂളുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

സർക്കാർചെലവിൽ ഇങ്ങനെ പ്രചാരണം നടത്തുന്നത് ആദ്യവും അപൂർവവുമാണ്.