
തിരുവനന്തപുരം: രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രംവെച്ചതിനെ തുടര്‍ന്ന് പരിപാടി കൃഷിമന്ത്രി പി.പ്രസാദ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെ സര്‍ക്കാര്‍ പരിപാടി റദ്ദാക്കുകയും ചെയ്തു. മന്ത്രി ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ പക്ഷേ അത് മാറ്റാന്‍ കഴിയില്ലെന്നും പറഞ്ഞു. മാതൃഭൂമി സീഡിന്റെ പരിസ്ഥിതിദിന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗവര്‍ണര്‍ വിവാദത്തോട് പ്രതികരിച്ചത്.
'ചിത്രം മാറ്റിവെയ്ക്കാന്‍ പറ്റില്ലെന്ന് അറിയിച്ചതുകൊണ്ടാണ് മന്ത്രി എത്താത്തത്. ഇത് എന്ത് ചിന്താഗതിയാണ്. പരിസ്ഥിതിദിന പരിപാടിയേക്കാള്‍ വലുത് മറ്റെന്താണ്. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണ്. അത് മാറ്റാന്‍ കഴിയില്ല' ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാര്‍ പരിപാടിക്ക് ഉള്‍പ്പെടുത്താന്‍ കഴിയാത്ത മാറ്റമാണ് ഉണ്ടായത്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും അത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അറിയിച്ചെന്നും മന്ത്രി പറയുകയുണ്ടായി.
'ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഭരണഘടനാവിരുദ്ധമായ കാര്യമാണിത്. എല്ലാവരെയും ഒരുപോലെ കാണണമെന്ന് പറയുന്നിടത്ത് മത, രാഷ്ട്രീയ ചിഹ്നനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റേണ്ടയാളാണ് ഗവര്‍ണര്‍' മന്ത്രി പറഞ്ഞു.
മന്ത്രിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് അപകടകരമായ സൂചനയാണെന്നും തെറ്റായ സമീപനമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കാവിവത്കരിക്കാന്‍ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങള്‍ നടക്കുന്നു. ഏത് ഭാരതാംബ?. ഭാരതാംബ എന്ന ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോയെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala Governor defends displaying bharatamba image at Raj Bhavan`s Environment Day event
Published: 05 Jun 2025, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented