ബരിമല തീര്‍ത്ഥാടകര്‍ക്ക് സ്പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുന്ന കാര്യത്തിലെ നിലപാടു മാറ്റിയതിനു പിന്നിൽ അകത്തും പുറത്തും നിന്നുള്ള പ്രതിഷേധം. പ്രതിപക്ഷവും സി.പി.ഐയും ബി.ജെ.പിയും ഹിന്ദു സംഘടനകളും മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും സ്പോട്ട് ബുക്കിംഗ് വേണമെന്നു ശക്തിയായി അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. 2018-ല്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിവാദത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധങ്ങളുയരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളെ അകറ്റേണ്ടെന്ന ചിന്തയും സി.പി.എമ്മിന് സംഘപരിവാറുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണങ്ങളും ഈ ചുവടുമാറ്റത്തെ സ്വാധീനിച്ചു കാണണം.

To advertise here,

ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം ദര്‍ശനം ഉറപ്പു വരുത്തിയിരുന്നു എന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി. അതിനര്‍ത്ഥം കഴിഞ്ഞവര്‍ഷത്തെ പോലെ സ്പോട്ട് ബുക്കിംഗ് ഉണ്ടാവും എന്നുതന്നെ. തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പോലീസും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും 12 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനും കരിമല റൂട്ടില്‍ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പു വരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണിക്കും കാനന പാതകളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍  ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്-  അദ്ദേഹം വിശദീകരിച്ചു.

ഇക്കുറി സ്പോട്ട് ബുക്കിംഗ് വേണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം 80,000-ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്ന് നേരത്തേ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 90,000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനു പുറമേ, 15,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ചിരുന്നു. എന്നിട്ടും ഭക്തര്‍ക്കെല്ലാം ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് പ്രതിപക്ഷം ഓര്‍മിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവര്‍ക്ക് ഉള്‍പ്പെടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യത്തെ കുറിച്ച് അറിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. 'മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം-' പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. ഈ സമ്മേളനത്തില്‍ തന്നെ അദ്ദേഹം ശബരിമല സംബന്ധിച്ച സബ്മിഷന്‍ അവതരിപ്പിച്ചെങ്കിലും മുഖ്യമന്ത്രി അയഞ്ഞിരുന്നില്ല. ഒടുവില്‍, സമ്മേളനത്തിന്റെ അവസാനദിവസമായ ചൊവ്വാഴ്ച ഭരണകക്ഷി എം.എല്‍.എ.വി.ജോയിയുടെ സബ്മിഷനു മറുപടിയായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കും എന്ന പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കുന്നതു വഴി ബി.ജെ.പിക്ക് വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞു. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയാല്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുളം കലക്കാന്‍ അവസരം നല്‍കലാവും. തിരക്കൊഴിവാക്കാന്‍ വേണ്ടിയാണ് ഈ പരിഷ്‌കാരമെങ്കിലും ഒറ്റയടിക്ക് നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കണം. വെര്‍ച്വല്‍ ക്യുവിനൊപ്പം സ്പോട്ട് ബുക്കിങ്ങും നല്ലതായിരിക്കുമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതുകൂടാതെ, പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനം മന്ത്രി വി.എന്‍. വാസവനെ ശക്തമായി വിമര്‍ശിക്കുകയും എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ പരിഹസിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയതാണെന്ന ഓര്‍മ മന്ത്രിക്ക് വേണമെന്ന് ലേഖനം വിമര്‍ശിക്കുന്നു. അജിത് കുമാറിനെ പരാജിത കുമാറെന്ന് അഭിസംബോധന ചെയ്ത ലേഖനം പോലീസില്‍ വിളകളേക്കാള്‍ കളകള്‍ക്ക് വിത്തെറിഞ്ഞിട്ടാണ് അജിത് കുമാര്‍ പടിയിറങ്ങിയതെന്ന് ആക്ഷേപിക്കുന്നു. ദുശ്ശാഠ്യം ശത്രുവര്‍ഗം ആയുധമാക്കുമെന്നും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും ലേഖനം ആവശ്യപ്പെട്ടു.

സംഘപരിവാറുമായി സി.പി.എമ്മിന് അന്തര്‍ധാര ഉണ്ടെന്ന ആരോപണങ്ങള്‍ ശക്തമാവുന്ന സാഹചര്യത്തില്‍ പ്രശ്നം തണുപ്പിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തിറങ്ങി. ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശബരിമലയില്‍ തിരക്കിനും സംഘര്‍ഷത്തിനും വഴിവെക്കുമെന്നും അത് വര്‍ഗീയവാദികള്‍ക്ക് മുതലെടുക്കാനുള്ള അവസരമായി മാറുമെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍.എസ്എസും ബി.ജെ.പിയും ശ്രമിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായിരുന്നു.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമാണെങ്കില്‍ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പഖ്യാപിച്ചിരുന്നു. ഒരു ബുക്കിംഗും ഇല്ലാതെ ഭക്തരെ പ്രവേശിപ്പിക്കുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 

സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാന്‍ കാരണം

വെര്‍ച്ച്വല്‍ ക്യൂ രജിസ്ട്രേഷനിലൂടെ തീര്‍ത്ഥാടകരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ രേഖയായി ലഭിക്കും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടംതെറ്റലുകളും ഉണ്ടായാല്‍ ആളുകളെ കണ്ടെത്തുന്നതിനും സഹായിക്കും. പക്ഷേ, ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് നടത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 2023-ല്‍ മൂന്നു ലക്ഷം പേര്‍ സ്പോട്ട് ബുക്കിംഗ് നടത്തിയത് പിറ്റേവര്‍ഷം നാലു ലക്ഷമായി. അതായത്, വലിയ ശതമാനം തീര്‍ത്ഥാടകര്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഒഴിവാക്കി സ്പോട്ട് ബുക്കിംഗ് തിരഞ്ഞെടുക്കുന്നു. അതാണ് സര്‍ക്കാര്‍ പൂര്‍ണമായും വെര്‍ച്വല്‍ ക്യൂവിലേക്കു മാറാന്‍ ആലോചിച്ചതിനു കാരണം. പക്ഷേ, ഒറ്റയടിക്ക് ഈ മാറ്റം വരുത്താന്‍ ഒരുമ്പെട്ടതാണ് പ്രശ്നമായത്. 2011 മുതല്‍ ശബരിമലയില്‍ നടന്നുവരുന്ന വെര്‍ച്ച്വല്‍ ക്യൂ സംവിധാനം കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.