തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി തീരാനിരിക്കെ പിൻവാതിൽനിയമനത്തിന് തിരക്കിട്ട നീക്കം. വിവിധ വകുപ്പുകൾക്കുകീഴിലുള്ള സ്ഥാപനങ്ങളിൽ താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനൊപ്പം പുതിയ തസ്തിക സൃഷ്ടിച്ചുള്ള നിയമനത്തിനും കൊണ്ടുപിടിച്ച ശ്രമം. സീമാറ്റ് കേരള, സി-ഡിറ്റ്, സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ്, സഹകരണ പരീക്ഷാബോർഡ്, കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്, ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവിടങ്ങളിലെല്ലാം നിയമനനീക്കം തകൃതി. ഇതുസംബന്ധിച്ച പരാതിയിൽ ഹൈക്കോടതി ചീഫ് സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് തേടി.
സഹകരണവകുപ്പിനുകീഴിലെ സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നാണ് നിയമനനടപടി വേഗത്തിലാക്കാൻ തീരുമാനിച്ചത്. അസിസ്റ്റന്റ് മാനേജർമുതൽ വാച്ച്മാൻവരെയുള്ള അഞ്ചുതസ്തികകളാണ് ഇവിടെ തിരക്കിട്ട് സൃഷ്ടിച്ചത്. ഇതിന് സർക്കാർ അംഗീകാരവും നൽകി. അധികതസ്തിക വേണ്ടെന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം അവഗണിച്ചാണ് നടപടി. തിരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിനുമുൻപ് നിയമനംനടത്താനാണ് തീരുമാനം. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള 14 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും സജീവമാണ്. ഇവിടെ നിയമനത്തിനുള്ള റാങ്ക് പട്ടിക അവഗണിച്ചാണ് ഈ നീക്കം. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, എൽ.ഡി.ക്ലർക്ക്, അറ്റൻഡർ, പ്യൂൺ എന്നീ തസ്തികയ്ക്കാണ് റാങ്ക് പട്ടികയുള്ളത്. ക്ലർക്ക്, പ്യൂൺ തസ്തികയിൽ പട്ടികവിഭാഗം, ഭിന്നശേഷി എന്നിവയ്ക്ക് പ്രത്യേകം പട്ടികയുണ്ട്.
സഹകരണപരീക്ഷാബോർഡിൽ നാലുപേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചുകഴിഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള സീമാറ്റ് കേരളയിൽ 11 പേരുടെ പട്ടികയാണ് സ്ഥിരപ്പെടുത്താൻ മന്ത്രിസഭാപരിഗണനയ്ക്കായി നൽകിയിരിക്കുന്നത്.
ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണം
സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ അനധികൃതമായി സ്ഥിരനിയമനം നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് പത്തുവർഷം പൂർത്തിയായ താത്‌കാലികജീവനക്കാർക്ക് സ്ഥിരനിയമനം നൽകുന്നതിനെതിരേ ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു. മാനുഷികപരിഗണനയിൽ നിലവിലുള്ള തസ്തികയിൽ ഒറ്റത്തവണമാത്രം നിയമനം നൽകാമെന്നായിരുന്നു അന്ന് കോടതിവിധി. ഇത്തരം നിയമനം ഇനി ഉണ്ടാവരുതെന്നും നിർദേശിച്ചിരുന്നു. അതുലംഘിച്ച് വീണ്ടും സ്ഥിരനിയമനത്തിന് നീക്കംനടക്കുന്നുവെന്ന് കാണിച്ച്, കോടതിയലക്ഷ്യഹർജി വന്നതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.
Content Highlights: backdoor job appointment kerala government departments
Published: 10 Feb 2026, 03:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented