തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ ആഴ്ചയിൽ അഞ്ചുദിവസം മാത്രം പ്രവർത്തിക്കുന്നത് ചർച്ചചെയ്യാൻ സർവീസ് സംഘടനകളുമായി കൂടിയാലോചിക്കാനൊരുങ്ങി സർക്കാർ. പൊതുഭരണ സെക്രട്ടറി സെപ്റ്റംബർ 11-ന് സംഘടനകളുമായി ഇക്കാര്യം ചർച്ചചെയ്യും.
കേന്ദ്രസർക്കാർ ഓഫീസുകളുടെ മാതൃകയിൽ കേരളത്തിലും പ്രവൃത്തിദിവസം അഞ്ചാക്കുന്നത് വർഷങ്ങളായി സർക്കാരിന് മുന്നിലുള്ള നിർദേശമാണ്. ചില സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ നടപ്പാക്കാൻ 11-ാം ശമ്പളപരിഷ്കരണ കമ്മിഷനും ശുപാർശ ചെയ്തിരുന്നു.
അഞ്ചുദിവസമാക്കി ചുരുക്കിയാൽ ദിവസം ഒരുമണിക്കൂർ അധികം പ്രവർത്തിക്കണമെന്നും അവധിദിനങ്ങൾ കുറയ്ക്കണമെന്നുമാണ് ശമ്പളക്കമ്മിഷന്റെ ശുപാർശ. ഭരണപരിഷ്കരണ കമ്മിഷനും ഇതേ നിർദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇതിനോട് ജീവനക്കാരുടെ സംഘടനകൾ പൊതുവേ യോജിച്ചിരുന്നില്ല.
സംഘടനകളെ ചർച്ചയ്ക്ക് ക്ഷണിച്ചുള്ള നോട്ടീസിൽ ഇത്തരം വ്യവസ്ഥകളോ നിർദേശങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. പ്രവൃത്തിദിനമാറ്റത്തിന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും സംഘടനകളുടെ അഭിപ്രായമറിയാനാണ് ചർച്ചയെന്നും പൊതുഭരണ സെക്രട്ടറി കെ. ബിജു പറഞ്ഞു.
ഫയൽ തീർപ്പാക്കാൻ അന്ത്യശാസനം
വ്യവസ്ഥകളോടെയുള്ള മാറ്റം സംഘടനകൾ അംഗീകരിക്കാൻ സാധ്യതയില്ല. അതിനാൽ, പെട്ടെന്ന് ചർച്ചയ്ക്ക് വിളിച്ചത് പ്രവൃത്തിദിനമാറ്റം അടിയന്തരമായി നടപ്പാക്കാനല്ലെന്നാണ് സൂചന. തീരുമാനമാകാത്ത ഫയലുകൾ തീർപ്പാക്കാൻ സെക്രട്ടേറിയറ്റിൽ ഫയൽ അദാലത്ത് നടക്കുന്നുണ്ട്. പ്രവൃത്തിദിനങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് രൂപമെടുത്ത ഫയലും സെക്രട്ടേറിയറ്റിൽ കറങ്ങുന്നുണ്ട്. തീർപ്പാക്കാത്ത ഫയലുകളുടെ കൂട്ടത്തിലാണിതും. ഫയലുകളെല്ലാം ഈ മാസം 31-നുമുൻപ് തീർപ്പാക്കാൻ മുഖ്യമന്ത്രി കർശനനിർദേശം നൽകിയിരുന്നു.
ശമ്പളക്കമ്മിഷൻ പറഞ്ഞത്
* പ്രവൃത്തിദിനം അഞ്ചുമതി, പകരം ഓഫീസുകൾ രാവിലെ 9.30 മുതൽ 5.30 വരെ പ്രവർത്തിക്കണം.
* പൊതുഅവധി ദിവസങ്ങൾ 15 ആയും ശമ്പളത്തോടെയുള്ള അവധി 12 ആയും കുറയ്ക്കണം.
* ഓഫീസിലെത്താൻ ഒരുമണിക്കൂർ വൈകിയാൽ മാസവേതനത്തിന്റെ ഒരുശതമാനം പിടിക്കണം.
Content Highlights: Kerala government initiates discussions with service organizations on implementing a 5-day work week
Published: 27 Aug 2025, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented