
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയസാധ്യത ശാശ്വതമായി കുറയ്ക്കാൻ രാജ്യത്തിന് മാതൃകയാകുന്ന സമഗ്ര ദുരന്തനിവാരണ പദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഡാമുകളുടെ പ്രവർത്തനം കൂടുതൽ ശാസ്ത്രീയമാക്കാൻ എ.ഐ. അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരും. ഡാമിലേക്കുള്ള ജലപ്രവാഹം, ജലവിതരണം, വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ്, മഴസാധ്യത, നദീതീരങ്ങളിലെ ജലനിരപ്പ് എന്നിവ ഏകോപിപ്പിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രളയഭീഷണിയുള്ള എല്ലാ പ്രദേശങ്ങളിലും ഫ്‌ളഡ് മാപ്പിങ് നടത്തി അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയുന്നതിനും ദുരന്തപ്രതിരോധത്തിനും സംവിധാനം ഒരുക്കും.
ഡാമുകളും നദികളുംശുചീകരിക്കും
ഡാമുകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കും. നദികളിലെ മാലിന്യവും മണ്ണും ചെളിയും നീക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കാൻ റവന്യൂ, ജലസേചന വകുപ്പുകൾക്ക് ചുമതല നൽകിയിട്ടുണ്ട്. ഇതു ചെയ്യുന്നതോടെ നദികളിലെ വെള്ളപ്പൊക്ക സാധ്യത 60 ശതമാനം വരെ കുറയ്ക്കാൻ കഴിയും. മഴക്കാലം അവസാനിക്കുന്നതോടെ ഈ പ്രവർത്തനങ്ങൾ ആരംഭിക്കും.
പ്രളയത്തിന്റെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തുന്നതിനായി എല്ലാ നദികളിലും സമഗ്ര ലാൻഡ് ഓഡിറ്റിങ് നടത്തും. ൈകയേറ്റങ്ങൾ കണ്ടെത്തുക, സ്വാഭാവിക ജലഒഴുക്ക് തടസ്സപ്പെടുത്തി മണ്ണിട്ട് നികത്തിയ സ്ഥലങ്ങൾ തിരിച്ചറിയുക എന്നിവയാണ് ലക്ഷ്യം. നദികളും കൈവഴികളും പഴയ നിലയിലാക്കാതെ പ്രളയഭീഷണി ഒഴിവാക്കാനാകില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുല്ലപ്പെരിയാർ:ജലനിരപ്പ് ഉയർത്തുമെന്ന്തമിഴ്നാട് ബജറ്റ്
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമം തുടരുമെന്ന് തമിഴ്നാട്ടിലെ ടി.വി.കെ. സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സംസ്ഥാനം ഇതേ കാര്യം പറഞ്ഞിരുന്നു.
സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുള്ളതുകൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽനിന്ന് ഉയർത്താനാവില്ലെന്നതാണ് കേരളത്തിന്റെ നിലപാട്. എന്നാൽ, തമിഴ്നാടിന്റെ ആവശ്യം പരിഗണിച്ച് ജലനിരപ്പ് ആദ്യം 142 അടിയായും പിന്നീട് അണക്കെട്ട് ബലപ്പെടുത്തിയതിനുശേഷം 152 അടിയായും ഉയർത്താൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതു നടപ്പാക്കാൻ ശ്രമം തുടരുമെന്നാണ് ബജറ്റ് അവതരണത്തിൽ ധനമന്ത്രി മരിയ വിൽസൺ പറഞ്ഞത്. തമിഴ്നാടിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കർണാടകത്തിന്റെ മേക്കേദാട്ടു അണക്കെട്ടിനെ എതിർക്കുമെന്നും ധനമന്ത്രി പറഞ്ഞു..
Content Highlights: Implementation of an AI-based dam management system to monitor water flow and rainfall., Comprehensive flood mapping and land auditing to identify encroachments in river basins., River and dam desilting project aimed at reducing flood risks by 60%., Tamil Nadu's 2026 budget confirms efforts to raise Mullaperiyar water levels., Kerala maintains firm stance on 136-foot safety limit for Mullaperiyar.
Published: 06 Aug 2026, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented