
തിരുവനന്തപുരം: 16-ാം ധനകാര്യ കമ്മിഷന്റെ ശുപാർശകളിൽ കേരളത്തിന് പ്രതീക്ഷിച്ചത് കിട്ടിയില്ല. അടുത്ത അഞ്ചുവർഷം കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതം 1.925 ശതമാനത്തിൽനിന്ന് 2.382 ശതമാനമാക്കിയത് നേട്ടമാണെങ്കിലും മുൻ കമ്മിഷൻ അനുവദിച്ച റവന്യൂക്കമ്മി നികത്തുന്നതിനുള്ള ഗ്രാന്റും വിവിധ മേഖലകൾക്ക് നൽകുന്ന സഹായധനവും ഇത്തവണയില്ല.
സംസ്ഥാനങ്ങൾക്ക് ഇത്തരം ഗ്രാൻറ് നൽകേണ്ടതില്ലെന്നാണ് കമ്മിഷൻ നിലപാട്. കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന നികുതിവിഹിതം 41 ശതമാനത്തിൽനിന്ന് 50 ആക്കണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിച്ചില്ല.
നടപ്പുവർഷം കേന്ദ്രത്തിൽനിന്ന് കിട്ടിയ നികുതിവിഹിതം 26,814.70 കോടിയായിരുന്നു. ഇത് 36,355.39 കോടിയാവും. 9,540.69 കോടിയുടെ വർധന. എന്നാൽ, ഗ്രാൻറുകൾ ഇല്ലാതാകുന്നതോടെ ധനക്കമ്മിഷൻ ശുപാർശവഴി കിട്ടുമെന്ന് പ്രതീക്ഷിച്ച് കേരളം ബജറ്റിൽ ഉൾപ്പെടുത്തിയതിൽ അടുത്ത സാമ്പത്തികവർഷംമാത്രം 32,000 കോടിയുടെ കുറവുവരും.
15-ാം ധനകാര്യകമ്മിഷൻ റവന്യൂക്കമ്മി നികത്താൻ 37,814 കോടിയും വിവിധ മേഖലകൾക്കായി 2412 കോടിയും ഗ്രാന്റായി അനുവദിച്ചിരുന്നു. അന്ന് കമ്മിഷൻ നിലവിൽവരുന്നതിനുമുൻപ് ഇടക്കാലത്തേക്കു അനുവദിച്ചതുകൂടി ചേർത്താൽ 54,000 കോടിയാണ് കമ്മി നികത്താൻ കിട്ടിയിരുന്നത്.
15-ാം ധനക്കമ്മിഷൻ റവന്യൂക്കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് അനുവദിച്ചതിനാൽ അഞ്ചുവർഷംകൊണ്ട് സംസ്ഥാനങ്ങളുടെ റവന്യൂക്കമ്മി പൂജ്യമാകേണ്ടതാണ്. അതിനാൽ ഇത്തരം ഗ്രാൻറുകൾ അനുവദിക്കുന്നില്ലെന്നാണ് 16-ാം കമ്മിഷന്റെ തീരുമാനം. ഈ തീരുമാനം സർക്കാർ ഗൗനിക്കുന്നുവെന്നാണ് നടപടി റിപ്പോർട്ടിൽ കേന്ദ്രസർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമം, നഗരം: മുൻഗണനകൾ കീഴ്‌മേൽ മറിഞ്ഞു
നഗരസഭകൾക്ക് 15,515 കോടിയും പഞ്ചായത്തുകൾക്ക് 2977 കോടിയുമാണ് സംസ്ഥാനവിഹിതം ഒഴികെ അനുവദിച്ചിരിക്കുന്നത്. 15-ാം ധനക്കമ്മിഷനാകട്ടെ പഞ്ചായത്തുകൾക്ക് 7922 കോടിയും നഗരസഭകൾക്ക് 4025 കോടിയുമാണ് നൽകിയിരുന്നത്. അന്ന് ആരോഗ്യഗ്രാന്റായി 2962 കോടിയും അനുവദിച്ചിരുന്നു. അത് ഇത്തവണയില്ല. 16-ാം ധനക്കമ്മിഷന്റെ ശുപാർശപ്രകാരം 3026 കോടിയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് അഞ്ചുവർഷം അധികംകിട്ടുക.
കമ്മിഷന്റെ സഹായംകിട്ടുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ കണക്കുകൾ ഓൺലൈനിൽ ലഭ്യമാക്കുക, സ്വന്തംവരുമാനം കൂട്ടുക, സംസ്ഥാന ധനകാര്യ കമ്മിഷനെ നിയോഗിക്കുക തുടങ്ങിയ കർശനവ്യവസ്ഥകളും മുന്നോട്ടുവെച്ചിട്ടുണ്ട്.
ദുരന്തലഘൂകരണത്തിന് സംസ്ഥാനത്തിന് അടുത്ത അഞ്ചുവർഷം കിട്ടുക 2580 കോടിയാണ്.
കേരളത്തിന്റെ ബജറ്റ് സ്വപ്നങ്ങൾ തകരും
വരുംവർഷം കേന്ദ്രത്തിൽനിന്ന് 14,000 കോടിയുടെ റവന്യൂക്കമ്മി ഗ്രാന്റ് ഉൾപ്പെടെ പ്രതീക്ഷിച്ചാണ് സംസ്ഥാനബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. ശമ്പളപരിഷ്കരണത്തിനുള്ള സന്നദ്ധത ഉൾപ്പെടെ പ്രഖ്യാപിച്ചത് ഈ വരുമാനംകണ്ടാണ്. ഇതുകിട്ടാതെ വരുന്നതോടെ പ്രഖ്യാപനങ്ങളിൽനിന്ന് സംസ്ഥാനത്തിന് പിന്നോട്ടുപോകാനാവില്ല. എന്നാൽ, സ്വന്തം വരുമാനം വൻതോതിൽ കൂട്ടിയില്ലെങ്കിൽ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കാനാവില്ല.
Content Highlights: 16th Finance Commission recommendations bring disappointment to Kerala, with reduced grants despite a slight increase in tax share. Discover the impact on state finances.
Published: 02 Feb 2026, 06:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented