കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല കണ്ണൂര്‍ എസ്.എൻ. പാര്‍ക്ക് നന്ദനം അപ്പാര്‍ട്‌മെന്റിലെ ലാവണ്യാ ആല്‍ബിക്കും കൂടെപ്പോയ കുടുംബാംഗങ്ങള്‍ക്കും. ഭീകരാക്രമണത്തില്‍നിന്ന് കുടുംബം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുടുംബം ശനിയാഴ്ച പുലര്‍ച്ചെ കേരളത്തില്‍ മടങ്ങിയെത്തി.  കണ്‍മുന്നില്‍ക്കണ്ട ഭീകര രംഗങ്ങളും അതുണ്ടാക്കിയ വിഹ്വലതകളും മറക്കാന്‍ കഴിയുന്നില്ല ആർക്കും.

To advertise here,

വസ്ത്രവ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന ലാവണ്യയും ഭര്‍ത്താവ് ആല്‍ബി ജോര്‍ജും മക്കളായ അനുഷ്‌കയും അവന്ദികയും അനന്ദികയും അടങ്ങുന്ന കുടുംബവും ബന്ധുക്കളും 18-നാണ് കേരളത്തില്‍നിന്ന് കശ്മീരിലേക്ക് പുറപ്പെട്ടത്. 19-ന് അവിടെയെത്തി. കച്ചവടാവശ്യത്തിന് വസ്ത്രങ്ങള്‍ വാങ്ങണം, കശ്മീര്‍ ഒന്ന് ചുറ്റിക്കറങ്ങണം എന്നതൊക്കെയായിരുന്നു പദ്ധതി. രണ്ടുദിവസം ശ്രീനഗറില്‍ കറങ്ങി. തുടര്‍ന്ന് ഭീകരാക്രമണം നടന്ന ചൊവ്വാഴ്ച രാവിലെ 10.30ന് കുടുംബം പഹല്‍ഗാമിലേക്ക് തിരിച്ചു. ഉച്ചയോടെ അവിടെയെത്തി. 

സംഭവം നടക്കുമ്പോള്‍ ബൈസാരണ്‍ വാലിയിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. അഞ്ചുമിനിറ്റുകൂടി യാത്രചെയ്താല്‍ സ്ഥലത്തെത്താം. അപ്പോഴാണ് കുറെ കുതിരകളും ടാക്‌സികളുമൊക്കെ തിരിച്ചുവരുന്നതുകണ്ടത്. എല്ലാവരുടെയും മുഖത്ത് പരിഭ്രമം. കാര്യമറിയാതെ കുടുംബം വീണ്ടും മുന്നോട്ടുപോയി. പ്രാദേശിക ഭാഷയില്‍ ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും മനസ്സിലായില്ല. പിന്നെയും പിന്നെയും വാഹനങ്ങള്‍ കുതിച്ചുവരുന്നതുകണ്ടു. 

അതോടെ വാഹനം നിര്‍ത്തി ഒരു ടാക്‌സി ഡ്രൈവറോട് കാര്യമന്വേഷിച്ചു. സിആര്‍പിഎഫും വിനോദയാത്രക്കാരും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്നാണ് പറഞ്ഞത്. ടാക്‌സി ഡ്രൈവര്‍ വണ്ടി വീണ്ടും മുന്നോട്ടുതന്നെയെടുത്തു. പിന്നെയും പിന്നെയും വണ്ടികള്‍ എതിരേ കുതിച്ചുവരുന്നതുകണ്ടു. സ്ത്രീകള്‍ കരഞ്ഞുകൊണ്ട് ഓടിവരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വണ്ടികള്‍ അങ്ങോട്ടുംപോകുന്നു. അതോടെ ഇനി മുന്നോട്ടുപോവേണ്ട എന്ന നിലപാടെടുത്തു. ആംബുലന്‍സും കുതിച്ചുപായുന്നതുകണ്ടു. സൈനികരും ടൂറിസ്റ്റുകളും തമ്മില്‍ ഇവിടെ തര്‍ക്കം സാധാരണമാണെന്ന് ഡ്രൈവര്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ആശ്വാസം തോന്നുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആത്മഗതം. പ്രായമായവര്‍ ഉള്‍പ്പെടെ കൂടെയുണ്ടായിരുന്നു. ഇതിത്ര വലിയ സംഭവമാണെന്ന് ആ നേരത്ത് അറിഞ്ഞിരുന്നെങ്കില്‍ ഇതിലും വഷളാവുമായിരുന്നു സ്ഥിതിയെന്നും ലാവണ്യ പറഞ്ഞു. 

ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലാണ് ശരിക്കും തങ്ങളെ രക്ഷിച്ചതെന്നാണ് അവര്‍ പറയുന്നത്. മുന്‍പ് രണ്ടുദിവസം ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് കഴിക്കാമെന്നുതോന്നി. ഭര്‍ത്താവാണ് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞത്. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാമെന്നു പറഞ്ഞു. വിശപ്പൊന്നുമില്ലെങ്കിലും എല്ലാവരും കയറി. 12 മണിയോടെത്തന്നെ ഭക്ഷണം കഴിക്കാന്‍ ഒരുകൂട്ടം വന്നതുകണ്ട് ഹോട്ടലുകാര്‍ക്കും സന്തോഷം. മട്ടന്‍ ഡിഷാണ് അവിടത്തെ ഫേവറൈറ്റ്. അത് ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. പക്ഷേ, ഓര്‍ഡര്‍ എത്തി കഴിച്ചുനോക്കിയപ്പോള്‍ ഭയങ്കര ഉപ്പ്. ആര്‍ക്കും കഴിക്കാന്‍ കഴിഞ്ഞില്ല.

ഇഷ്ടപ്പെട്ടു വാങ്ങിയതല്ലേ, എന്താ കഴിക്കാത്തത് എന്ന് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ അവര്‍ക്ക് ടേസ്റ്റ് ചെയ്യാന്‍ കൊടുത്തു. അതോടെ ഉപ്പ് കൂടിയത് അവര്‍ക്കും മനസ്സിലായി. അവര്‍ ക്ഷമാപണം നടത്തി വേറെ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞെങ്കിലും വേണ്ട, നേരമില്ല എന്നു പറഞ്ഞ് ബില്ലടക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ വിട്ടില്ല. വേറെ ഉണ്ടാക്കിക്കൊണ്ടുവന്നു. അതോടെ ഒരു മണിക്കൂറിലേറെ ആ ഹോട്ടലില്‍ ചെലവഴിക്കേണ്ടിവന്നു. ആ ഭക്ഷണമാണ് തങ്ങളെ രക്ഷിച്ചത്. അല്ലെങ്കില്‍ ഉറപ്പായും തങ്ങള്‍ ബൈസാരണ്‍ വാലിയിലുണ്ടാവുമായിരുന്നെന്ന് ലാവണ്യ പറയുന്നു.

റൂമിലെത്തിയപ്പോഴാണ് ഞങ്ങള്‍ ശരിക്കും ഇതിന്റെ ഭീകരത മനസ്സിലാക്കുന്നത്. നാട്ടില്‍നിന്ന് അടിക്കടി സുരക്ഷിതരല്ലേ എന്ന് ചോദിച്ച് കോളുകള്‍ വരാന്‍ തുടങ്ങി. അപ്പോള്‍ എന്താണ് സംഭവമെന്ന് ചോദിച്ചപ്പോഴാണ് അവര്‍ ടി.വി. വെക്കാന്‍ പറയുന്നത്. ടി.വി. വെച്ചപ്പോള്‍ ഭീകരാക്രമണം നടന്നതായും നിരവധി പേര്‍ കൊല്ലപ്പെട്ടതായുമെല്ലാം അറിഞ്ഞു. അപ്പോഴാണ് ശരിക്കും ഞെട്ടിയത്. ബൈസാരണ്‍ വാലിയിലേക്ക് പോവാതെ തിരിച്ചുവരുമ്പോഴും ഞങ്ങള്‍ ഈ കഥയൊന്നുമറിയാതെ താഴെയുള്ള തടാകങ്ങളിലും മറ്റും ഇറങ്ങി ഫോട്ടോയെടുത്തിരുന്നെന്ന് ലാവണ്യ നടുക്കത്തോടെ ഓര്‍ത്തു.