
തിരുവനന്തപുരം: കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണ് കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ലമെന്റിലേക്ക് വിട്ടതെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചേലക്കര മറുപടി പറയുമെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. അതേസമയം, കുഴൽനാടൻ ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും സ്വയം തരംതാഴുന്ന അഭിപ്രായപ്രകടനമാണ് കുഴൽനാടൻ്റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
'കേരള മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമായാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മന്ത്രിയില്ലാത്ത, മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത, അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നത്. എത്ര നിങ്ങള്‍ മൂടിവെച്ചാലും എത്ര ശ്രദ്ധിക്കപ്പെടരുതെന്നാഗ്രഹിച്ചാലും ഈ വിഷയം ചേലക്കര ചര്‍ച്ച ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. കെ.രാധാകൃഷ്ണന്റെതുപോലെയൊരു സാന്നിധ്യം ചേലക്കരയില്‍ ഞങ്ങളാരും കണ്ടില്ല. ഇതെല്ലാം കൂടി മനസ്സില്‍വെച്ചാകും ചേലക്കര വിധിയെഴുതുക. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആദ്യമായി കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതാക്കിയ പിണറായി വിജയന്, ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത നിഴല്‍ രൂപപ്പെട്ടപ്പോള്‍ അതില്ലാതാക്കിയ പിണറായി വിജയന്, ഇത് രണ്ടും അടിസ്ഥാനവിഭാഗങ്ങളുടെ മനസ്സില്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും', മാത്യു കുഴല്നാടന് പറഞ്ഞു.
ജാതി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വരാഷ്ട്രീയമാണ് കുഴല്നാടന് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. 'രാധാകൃഷ്ണന് മുഖ്യമന്ത്രിയാകേണ്ട ആളാണെന്നാണ് ഇപ്പോള്‍ പറയുന്നത്. രാധാകൃഷ്ണനെതിരേ ഇവരെല്ലാം എന്തെല്ലാം പറഞ്ഞതാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ഥാനത്ത്, സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായി കെ.രാധാകൃഷ്ണനെ ഉയര്‍ത്തികൊണ്ടുവന്നത് ഞങ്ങളാണ് . അങ്ങനെ ഉയര്ന്നുനില്ക്കുന്ന ഒരു നേതാവാണ് രാധാകൃഷ്ണന്. രാധാകൃഷ്ണന്റെ ജാതി പറഞ്ഞുകൊണ്ടാണ് കുഴല്നാടന് എത്തിയത്. അത് സ്വത്വരാഷ്ട്രീയമാണ്. സ്വത്വരാഷ്ട്രീയം യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഒരു മുഖമാണ്. കുഴല്നാടന് ജാതി രാഷ്ട്രീയം കളിക്കുകയാണ്. ഇതിനു മുമ്പ് യുഡിഎഫിന്റെ സര്‍ക്കാരുണ്ടായിരുന്ന സമയം എല്ലാ സന്ദര്‍ഭത്തിലും പട്ടികജാതി മന്ത്രിയുണ്ടായിരുന്നോ. എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടി എന്തും ഉപയോഗിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു പ്രയോഗമാണ് നടത്തിയത്. ജാതിയുടെ പ്രയോഗമാണത്. തരംതാണ ഏര്‍പ്പാടാണത്. കുഴല്നാടന് നിലയും വിലയുമുള്ള എം.എല്‍.എ. ആണെന്നാണ് ധരിച്ചുവെച്ചിരുന്നത്. അദ്ദേഹത്തിന് ഒരു നിലയും വിലയുമില്ലാത്ത രീതിയില്‍ ജാതിരാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്'. നാലു വോട്ട് കിട്ടുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Content Highlights: Mathew Kuzhalnadan MLA alleges that K. Radhakrishnan`s move to Parliament is to prevent a Dalit CM
Published: 11 Nov 2024, 12:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented