തിരുവനന്തപുരം: എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാവുമെന്ന വിലയിരുത്തലുമായി സി.പി.ഐ. അതേസമയം, പാർട്ടിക്ക് ഇപ്പോഴുള്ള സീറ്റ് കുറയാനാണ് സാധ്യതയെന്നും ശനിയാഴ്ച ചേർന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

To advertise here,

ഇത്തവണ 25 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. നിലവിൽ സി.പി.ഐ.ക്ക് 17 സിറ്റിങ് എം.എൽ.എ.മാരുണ്ട്. ഇത്തവണ സീറ്റുകൾ 12-13 ആയി കുറയാനാണ് സാധ്യത. പീരുമേട്, തൃശ്ശൂർ, നാദാപുരം എന്നീ സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. അടൂർ സീറ്റും കൈവിട്ടുപോയേക്കാം.

പാർട്ടിയുടെ നാലു മന്ത്രിമാരും ജയിക്കുമെന്നും യോഗം വിലയിരുത്തി. കരുനാഗപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും സി.പി.ഐ. വൃത്തങ്ങൾ പറഞ്ഞു. തിരുവനന്തപുരത്തെ ചിറയിൻകീഴിൽ കടുത്തമത്സരമായതിനാൽ നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് സി.പി.എം. നിരീക്ഷണമുണ്ടെങ്കിലും വിജയിക്കുമെന്നാണ് സി.പി.ഐ.യുടെ കണക്കുകൂട്ടൽ.

സി.പി.എം. ഇന്ന് വിലയിരുത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പു സംബന്ധിച്ച പ്രാഥമിക വിലയിരുത്തലിനായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഞായറാഴ്ച ചേരും. ഇപ്പോഴുള്ള സീറ്റുകൾ കുറയാമെങ്കിലും തുടർഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ശനിയാഴ്ചനടന്ന ജില്ലാതല യോഗങ്ങളിലുണ്ടായത്. ജില്ലാതല റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകുക.

മൂന്നാമൂഴം ജനം ഉറപ്പിച്ചു -ബിനോയ് വിശ്വം

എൽ.ഡി.എഫിന് മൂന്നാമൂഴം ജനങ്ങൾ ഉറപ്പിച്ചിട്ടുണ്ടെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിനാൽ ശുഭപ്രതീക്ഷയിലാണ്. എസ്.ഐ.ആറും സ്ത്രീകളുടെ മുന്നേറ്റവുമാണ് വോട്ടിങ് ശതമാനം കൂടാനുള്ള കാരണമെന്നും ബിനോയ് പറഞ്ഞു.

അമ്പലപ്പുഴയിൽ കടുപ്പമെന്ന് സിപിഎം

: തിരഞ്ഞെടുപ്പ് ചൂടാറാതെ സീറ്റുകൾ സംബന്ധിച്ച് നേട്ടവും നഷ്ടവും കണക്കുകൂട്ടി പാർട്ടികൾ. ജി. സുധാകരന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ അമ്പലപ്പുഴയിൽ ഇക്കുറി കടുപ്പമെന്ന് എൽ.ഡി.എഫ്. വിലയിരുത്തൽ.

മണ്ഡലതല അവലോകനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി 6,318 വോട്ടുകൾക്കു ജയിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.മണ്ഡലത്തെ 24 മേഖലകളായി തിരിച്ച് തിരഞ്ഞെടുപ്പുപ്രവർത്തനത്തിൽ ഏഴിടത്തുമാത്രമാണ് എൽ.ഡി.എഫ്. സ്ഥാനാർഥിക്കു മുൻതൂക്കം പ്രതീക്ഷിക്കുന്നത്. ആകെ പോൾ ചെയ്ത 1,38,499 വോട്ടിൽ യു.ഡി.എഫ്. സ്ഥാനാർഥിക്ക് 60,606 വോട്ടുകിട്ടുമെന്ന് എൽ.ഡി.എഫിന്റെ അവലോകനത്തിൽ പറയുന്നു. 54,288 വോട്ടാണ് എൽ.ഡി.എഫിനു കിട്ടാനിടയുള്ളത്. എൻ.ഡി.എ. സ്ഥാനാർഥിക്ക് 22,948 വോട്ടുകിട്ടുമെന്ന് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നു. 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം ഉറപ്പാണെന്നാണ് എൽ.ഡി.എഫ്. സ്ഥാനാർഥി എച്ച്. സലാം പറയുന്നത്.

പത്തനംതിട്ടയിൽ അഞ്ച് മണ്ഡലങ്ങളും 'തൂക്കു'മെന്ന് സി.പി.എം. വിലയിരുത്തൽ. സ്റ്റാർ മണ്ഡലമായ ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 6000 ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. റാന്നി-5000, കോന്നി-7000, അടൂർ-5000, തിരുവല്ല-4000 എന്നിങ്ങനെയാണ് ഭൂരിപക്ഷം കണക്കാക്കുന്നത്.

മലപ്പുറത്ത് സിറ്റിങ് സീറ്റുകളായ പൊന്നാനി, തവനൂർ, താനൂർ എന്നിവയ്ക്കുപുറമേ തിരൂരും വിജയിക്കുമെന്നാണ് സി.പി.എം. ജില്ലാകമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ.

കോട്ടയത്ത് നിലവിലെ അഞ്ച് സീറ്റുകൾ നാലായി ചുരുങ്ങുമെന്നാണ് സി.പി.എം. റിപ്പോർട്ട്. പാലാ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവയാണ് ഉറപ്പിക്കുന്നത്. പൂഞ്ഞാറിൽ എൻ.ഡി.എ. പിടിക്കുന്ന വോട്ടുകൾ വിധിയെ സ്വാധീനിക്കുമെന്ന് വിലയിരുത്തൽ.

ഇടുക്കിയിൽ അഞ്ചുസീറ്റുകളിൽ മൂന്നും നേടുമെന്നും കണക്കാക്കുന്നു. സി.പി.ഐ. സിറ്റിങ് സീറ്റായ പീരുമേട് നഷ്ടപ്പെടും. ഇടുക്കിയിൽ റോഷി തുടരുമെന്നുമാണ് പ്രതീക്ഷ.