ചിറ്റൂർ: കമ്പാലത്തറ ഏരിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. പുതുനഗരം കുളത്തുവീട് മായൻ വീട്ടിൽ മുരളീധരന്റെ മകൻ കാർത്തിക് (19), ചിറ്റൂർ അണിക്കോട് തറക്കളം ചൈതന്യയിൽ മുരളി മേനോന്റെ മകൻ വിഷ്ണുപ്രസാദ് (18) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. കാർത്തിക്കും വിഷ്ണുവും നാല് സുഹൃത്തുക്കൾക്കൊപ്പമാണ് കമ്പാലത്തറ ഏരിയിലെത്തിയത്. കന്നിമാരിയിലെ സുഹൃത്തിന്റെ വീട്ടിലാണ് ഇവർ ആദ്യം എത്തിയത്. അവിടെനിന്നാണ് ഏരിയിലേക്ക് പോയത്.
വിഷ്ണുപ്രസാദും കാർത്തിക്കും കുളിക്കുന്നതിനായി ഏരിയിലിറങ്ങി. വിഷ്ണുപ്രസാദ് ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർത്തിക് ഒഴുക്കിൽപ്പെട്ടത്. അഞ്ചുമണിയോടെ സംഭവസ്ഥലത്തെത്തിയ ചിറ്റൂർ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ആറുമണിയോടെ വിഷ്ണുപ്രസാദിന്റെ മൃതദേഹം കണ്ടെത്തി. 15 മിനിറ്റിനുശേഷം കാർത്തിക്കിന്റെ മൃതദേഹവും ലഭിച്ചു.
കാർത്തിക്കും വിഷ്ണുവും സുഹൃത്തുക്കളും ഈ വർഷമാണ് ചിറ്റൂർ വിജയമാതാ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പാസായത്. കാർത്തിക് നാട്ടുകൽ ഗവ. കോളേജിലും വിഷ്ണുപ്രസാദ് കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിലും ബിരുദപ്രവേശനം നേടിയിരുന്നു.
ശോഭയാണ് വിഷ്ണുവിന്റെ അമ്മ. സഹോദരി ചൈതന്യ. വിനോദിനിയാണ് കാർത്തിക്കിന്റെ അമ്മ. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടവിവരമറിഞ്ഞയുടൻ മന്ത്രി കെ. കൃഷ്ണൻകുട്ടി സംഭവസ്ഥലത്ത് എത്തിയിരുന്നു.
പുഴയിലിറങ്ങിയ തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു
മഞ്ഞപ്ര: മരംമുറി കഴിഞ്ഞ് മംഗലംപുഴയിൽ മഞ്ഞപ്രചിറ കടാമ്പാടംഭാഗത്ത് കൈകാൽ കഴുകാനിറങ്ങിയ തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. മഞ്ഞപ്ര പന്നിക്കോട് താമസിക്കുന്ന കണ്ണൂർ കോളയാട് കിഴക്കേക്കുടിയിൽ വീട്ടിൽ സാബു (50) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പുഴയുടെ സമീപത്ത് പാടത്ത് വീണു കിടന്നിരുന്ന തെങ്ങ് മുറിച്ചുമാറ്റിയശേഷം സാബുവും സഹതൊഴിലാളി സലീമും കൈകാൽ കഴുകാനായി കടാമ്പാടം തടയണയുടെ ഭാഗത്തെത്തി. സാബു പടികളിറങ്ങി കൈകഴുകുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സലീം കൈവശമുണ്ടായിരുന്ന തോർത്ത് ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വടക്കഞ്ചേരി അഗ്നിരക്ഷാസേനയെത്തി രണ്ടുമണിക്കൂർ തിരച്ചിലിനൊടുവിൽ തടയണയിൽനിന്നും 20 മീറ്റർ മാറി സാബുവിന്റെ മൃതദേഹം കണ്ടെത്തി.
വടക്കഞ്ചേരിപോലീസ് സ്ഥലത്തെത്തി. ടാപ്പിങ് തൊഴിലാളിയായ സാബു 15 വർഷത്തോളമായി മഞ്ഞപ്രയിലാണ് താമസം. ഇടയ്ക്ക് മരംമുറി ജോലിക്കും മറ്റും സഹായിയായി പോകാറുണ്ട്. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ശനിയാഴ്ച വൈകീട്ട് കണ്ണൂർ കൊന്നേരി പുന്നപ്പാലം സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിനി (അബുദാബി). മക്കൾ: എബിൻ (റിയാദ്), എൽദോ, എഡ്വിൻ.
Content Highlights: Two students drowned in Chittoor`s Kampalathara. Another worker died in Mangalam river
Published: 23 Jun 2025, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented