തിരുവനന്തപുരം/പത്തനംതിട്ട: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ആരോഗ്യവകുപ്പിനെതിരേയും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയുമാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതിഷേധം കടുപ്പിച്ചത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്, മന്ത്രിയുടെ വസതിയിൽ റീത്തുംവെച്ചു. അതേസമയം, പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി വീണാ ജോർജും സിപിഎം നേതാക്കളും പ്രതിരോധവുമായി രംഗത്തെത്തി. നല്ല രീതിയിൽ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രിയും ശനിയാഴ്ച പറഞ്ഞു.
കത്രിക കുടുങ്ങിയ സംഭവത്തിൽ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. മണിക്കൂറുകൾക്കകം നടപടിയെടുത്തു. കൃത്യമായ അന്വേഷണത്തിന് തീരുമാനമെടുത്തു. ഏത് ചികിത്സാപിഴവാണെങ്കിലും അത് ഒരിക്കലും അംഗീകരിക്കില്ല. കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളിൽ പ്രതിപക്ഷം ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ആശുപത്രിയിൽവെച്ച് ഇതുപോലെ കത്രിക കുടുങ്ങിയിട്ട് ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റാണ് അത് പുറത്തെടുത്തത്. അതിൽ ഒരാൾക്കും ഒന്നും ശബ്ദിക്കാനില്ല. ആരോഗ്യരംഗത്ത് നിക്ഷേപം നടത്തിയിരിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി.ഡി. സതീശനും കൂട്ടരും സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിലും പ്രതിഷേധം
പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിടം, സ്റ്റേഡിയം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ആലോചനായോഗത്തിലും മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധമുയർന്നു. പണി പൂർത്തിയാക്കാതെയാണ് ആശുപത്രി കെട്ടിടം ഉദ്ഘാടനംചെയ്യുന്നതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കൂവിവിളിച്ചു. ഇതോടെ മന്ത്രിക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരും സ്ഥലത്തെത്തി.
ആരോഗ്യവകുപ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ആരോഗ്യവകുപ്പിനെ പ്രശംസിച്ചു. ആരോഗ്യ മേഖലയിലെ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കി നല്ലനിലയിൽ സാധാരണക്കാർക്ക് ലഭ്യമാക്കുന്നനിലയാണ് നാം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധവും പ്രതിരോധവും...
മന്ത്രി വീണാ ജോർജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കാണ് ശനിയാഴ്ച യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വസതിക്കുള്ളിൽ അതിക്രമിച്ചുകയറിയവർ അവിടെ റീത്ത് വെച്ചു. പ്രതിഷേധക്കാരെ പോലീസ് പിന്നീട് അറസ്റ്റ്‌ചെയ്തുനീക്കി. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുക്കുകയുംചെയ്തു.
മന്ത്രി വീണാ ജോർജ് കിച്ചൻ ക്യാബിനറ്റിലൂടെ വന്നയാളാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് ആരോപിച്ചു. മന്ത്രി ഈഗോയിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമർശനം തുടരുമെന്നും കെ. മുരളീധരൻ പ്രതികരിച്ചു. അതേസമയം, റീത്ത് വെച്ചതിനെ തള്ളിപ്പറഞ്ഞ വി.ഡി. സതീശൻ, തന്റെ വസതിയിൽ അതിക്രമിച്ചുകയറിവർക്കെതിരേ ഇതുവരെ കേസില്ലെന്നും പ്രതികരിച്ചു.
ദുരുദ്ദേശ്യത്തോടെയാണ് യൂത്ത് കോൺഗ്രസ് വികൃതമായ സമരാഭാസം നടത്തിയതെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതി പറഞ്ഞു. യൂത്ത് കോൺഗ്രസിന്റേത് കാടത്തരീതിയിലുള്ള സമരമാണെന്നും ആരോഗ്യമന്ത്രിയെ വിരട്ടാൻ നോക്കേണ്ടെന്നും മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു.
സസ്‌പെൻഷനെതിരേ കെജിഎംസിടിഎ
ആലപ്പുഴയിലെ സംഭവത്തിൽ അന്വേഷണം പൂർത്തിയാകും മുൻപുള്ള സസ്‌പെൻഷൻ അംഗീകരിക്കാനാകില്ലെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പറഞ്ഞു. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല എന്നത് വർഷങ്ങളായുളള പരാതിയാണ്. ആശുപത്രികളിൽ ജോലിചെയ്യുന്നത് മന്ത്രിയല്ല, ഡോക്ടർമാരാണ്. ആശുപത്രികളിലെ കുറവ് അറിയുന്നത് തങ്ങൾക്കാണ്. ഒരിക്കൽപോലും കുറവുകൾ പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടില്ല. പരിമിതികൾ സഹിച്ച് ഇനി ജോലിചെയ്യാനില്ലെന്നും കെജിഎംസിടിഎ ഭാരവാഹിയായ റോസ്‌നാര ബീഗം പറഞ്ഞു.
Content Highlights: Protests intensify in Kerala against Health Minister Veena George following a surgical error. Doctors` union condemns suspension. Learn more.
Published: 21 Feb 2026, 04:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented