പാലക്കാട്: തദ്ദേശവാർഡ് പുനർവിഭജനം അടിസ്ഥാനത്തിലുള്ള പുതിയ വീട്ടുനമ്പർ ഉടനെത്തും. കെ-സ്മാർട്ടിന്റെ സഹായത്തോടെ വീട്ടുനമ്പറുകൾ ഡിജിറ്റലായി നൽകിത്തുടങ്ങി. ഒരുമാസത്തിനകം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പുതിയ വീട്ടുനമ്പർപ്രകാരം നികുതിയടയ്ക്കുന്നതടക്കമുള്ള സേവനങ്ങൾ ലഭ്യമാകും.

To advertise here,

2025 ജൂലായിൽ പുനർവിഭജന നടപടികൾ പൂർത്തിയായെങ്കിലും പുതിയ വീട്ടുനമ്പർ നൽകിയിരുന്നില്ല. പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പഴയ നമ്പറുകൾ പോർട്ട് ചെയ്താണ് കെ-സ്മാർട്ടിൽ പുതിയ വീട്ടുനമ്പറായി ഉൾപ്പെടുത്തിയിട്ടുള്ളത്. പരീക്ഷണാർഥം ചില പഞ്ചായത്തുകളിൽ മുഴുവൻ വാർഡിലും പുതിയ വീട്ടുനമ്പർ ഡിജിറ്റലായി അനുവദിച്ചു. ശേഷമാണ് മറ്റ് പഞ്ചായത്തിലും പുതിയ വീട്ടുനമ്പർ അനുവദിക്കാൻ നിർദേശം നൽകിയിട്ടുള്ളത്‌. പുതിയവീട് നിർമിക്കുന്നവർക്കും തൊട്ടടുത്ത വീടിന്റെ തുടർച്ചയായുള്ള വീട്ടുനമ്പർ ലഭിക്കും.

അതേസമയം കെ-സ്മാർട്ടിൽ പുതിയനമ്പർ അനുവദിക്കുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ ചില പഞ്ചായത്തുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 2025 പ്രകാരമുള്ള വിവരങ്ങൾ ക്രമീകരിച്ചിട്ടും കെ-സ്മാർട്ടിലെ സിറ്റിസൺ ലോഗിനിൽ പുതിയ കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാൻ പുതിയവാർഡ് പ്രകാരം അപേക്ഷിക്കാൻ കഴിയുന്നില്ല. ഇവർക്ക് 2025-ലെ വിവരങ്ങൾക്കുപകരം 2013-ലെ വിവരങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, മറ്റ് അപേക്ഷകളെല്ലാം പുതിയനമ്പർ പ്രകാരം ലഭിച്ചുതുടങ്ങി.

മുൻവർഷങ്ങളിൽ പുതിയനമ്പർ അനുവദിക്കുന്നതിലടക്കം മനുഷ്യസഹജമായ പിഴവുകളുണ്ടെങ്കിൽ പരിഹരിക്കാൻ സോഫ്റ്റ്‌വേറിൽ പ്രത്യേക ക്രമീകരണം ഉണ്ടായിരുന്നു. കെ-സ്മാർട്ടിലും സമാനസൗകര്യം വേണമെന്ന്‌ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പുതിയനമ്പർ വീടുകളിലെ ചുമരിൽ പതിപ്പിക്കാൻ ഇനിയും സമയമെടുക്കും. ഇതിനായി സർക്കാരിന്റെ ഉത്തരവും കൂടുതൽ ജീവനക്കാരുടെ സേവനവും വേണ്ടിവരും.