തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മലയാളത്തിന് കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പദവി സ്വന്തം. സംസ്ഥാനത്തിന്റെ പേര് കേരളം എന്നായതിനു പിന്നാലെയാണ് മലയാളം അഭിമാനപദവി കൈവരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് നിയമസഭ പാസാക്കിയ മലയാള ഭാഷാ ബിൽ (2025) ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകരിച്ചു.

To advertise here,

2015 ഡിസംബറിൽ നിയമസഭ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ രാഷ്ട്രപതി അംഗീകരിച്ചിരുന്നില്ല. തമിഴും കന്നഡയും അടങ്ങുന്ന ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം ലംഘിക്കുന്നതാണോ എന്ന സംശയം അന്നത്തെ ഗവർണർ പി. സദാശിവം ഉന്നയിച്ചിരുന്നു.

ഒന്നാംഭാഷ മലയാളമാകും

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പത്താംക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷയാകും. മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാർഥികൾക്ക് അതിനുപുറമേ മലയാളംകൂടി പഠിക്കാൻ അവസരം നൽകും.

മലയാളം മാതൃഭാഷയല്ലാത്ത വിദ്യാർഥികൾക്ക് ദേശീയ പാഠ്യപദ്ധതിക്കനുസൃതമായി ഇഷ്ടമുള്ളതും സംസ്ഥാനത്ത് ലഭ്യമായതുമായ ഭാഷ തിരഞ്ഞെടുക്കാം. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്നുപഠിക്കുന്ന വിദ്യാർഥികൾക്ക് ഒമ്പത്, പത്ത് ക്ലാസുകളിലും ഹയർസെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധവുമല്ല.

സർക്കാർ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ ബോർഡ് എന്നിവിടങ്ങളിലും മലയാളം ഇടം പിടിക്കും. സർക്കാർ ലഘുലേഖ, നോട്ടീസ്, അറിയിപ്പ് തുടങ്ങിയവയും മലയാളത്തിൽ വേണം. സർക്കാർ ഉത്തരവുകൾ അടക്കമുള്ള എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളമാണ് ഉപയോഗിക്കുക.

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, മറ്റുരാജ്യങ്ങൾ, സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയുമായുള്ള കത്തിടപാടിന് ഇംഗ്ലീഷ് ഉപയോഗിക്കാം.

ഹൈക്കോടതി അനുമതിയോടെ ജില്ലാകോടതിവരെയുള്ള ഭാഷയും വിധിന്യായവും ഘട്ടംഘട്ടമായി മലയാളമാക്കണമെന്നും നിയമം നിർദേശിക്കുന്നു. സർക്കാർ വെബ്‌സൈറ്റുകളിലെ വിവരം മലയാളത്തിൽ ലഭ്യമാക്കുകയും ഡിഫോൾട്ട് പേജ് മലയാളമാക്കുകയും വേണം.

സംസ്ഥാനത്ത് നിർമിക്കുന്നതും വിൽക്കുന്നതുമായ എല്ലാ വ്യവസായ ഉത്‌പന്നങ്ങളുടെയും പേരും ഉപയോഗക്രമവും മലയാളത്തിൽ രേഖപ്പെടുത്തണം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ മലയാള ഭാഷാ വികസന വകുപ്പ് എന്ന് പേര് മാറ്റണമെന്നും മലയാള ഭാഷാ വികസന ഡയറക്ടറേറ്റ് രൂപവത്‌കരിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

കർണാടകത്തിന്റെ ആശങ്ക

മലയാള ഭാഷാ ബിൽ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ രാഷ്ട്രപതിയെ സമീപിച്ചിട്ടുണ്ട്. സ്കൂളുകളിൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കണമെന്ന വ്യവസ്ഥയെയാണ് കർണാടകം എതിർക്കുന്നത്. കാസർകോട് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുകയാണെന്നാണ് ആരോപണം.