കാസർകോട്: കേരള നിയമസഭ അംഗീകരിച്ച മലയാളഭാഷാ ബില്ലിനെതിരേയുള്ള പ്രതിഷേധം കേരളവും കർണാടകവും തമ്മിലുള്ള തർക്കമായി മാറുന്നു. ബിൽ ഭരണഘടനാവിരുദ്ധമാണെന്നും കാസർകോട്ടെ കന്നഡഭാഷാ ന്യൂനപക്ഷങ്ങൾക്കെതിരാണെന്നുമുള്ള നിലപാടിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം ഇക്കാര്യമുന്നയിച്ച് കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും കർണാടക മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ പ്രതികരണവുമായെത്തി. ഇതിനിടെ കോൺഗ്രസും ബിജെപിയും മലയാളഭാഷാബില്ലിനെതിരേ പ്രതിഷേധമുയർത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കാസർകോട് ജില്ലയുടെ വടക്കൻമേഖലയിലുള്ള കന്നഡഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പെട്ടെന്ന് ഇക്കാര്യം ചർച്ചയാക്കിയതെന്നാണ് സൂചന. കന്നഡഭാഷാ ന്യൂനപക്ഷത്തിന് നിർണായക സ്വാധീനമുള്ള മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾ യുഡിഎഫ് തുടർച്ചയായി ജയിക്കുന്നതാണ്.
ബിജെപിയുടെയും പ്രധാന വോട്ടുബാങ്കാണ് ഇവിടം. കർണാടക യെലഹങ്ക കോഗിലുവിലെ ബുൾഡോസർ നടപടിയിൽ കേരള മുഖ്യമന്ത്രി നടത്തിയ ഇടപെടൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതും ഭാഷാപ്രശ്‌നമുയർത്തിയുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇരുമുഖ്യമന്ത്രിമാരും പ്രതികരിച്ചത്. ബില്ലിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് കന്നഡ സംഘടനാപ്രതിനിധികൾ ഗവർണറെ കണ്ടിരുന്നു. കർണാടക മുഖ്യമന്ത്രി കാര്യങ്ങൾ പഠിക്കാതെ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നാണ് മന്ത്രി പി.രാജീവ് പ്രതികരിച്ചത്. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷയിൽ പഠിക്കാം.
അത് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. ഔദ്യോഗിക കത്തിടപാടുകളും അവരുടെ ഭാഷയിലാണെന്നും താത്പര്യമുണ്ടെങ്കിൽമാത്രം മലയാളം പഠിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. സിദ്ധരാമയ്യയുടേത് ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയാണെന്നും ബുൾഡോസർ രാജിനെതിരെ കേരളം പ്രതികരിച്ചതിന്റെ പ്രതികാരമാണെന്നുമായിരുന്നു മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം.
കാസർകോട്ടെ ഭാഷാന്യൂനപക്ഷ മേഖലയിൽ മലയാളം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു.
രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെ എതിർക്കുന്ന കേരളസർക്കാരിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാന്യൂനപക്ഷം പഠിക്കുന്ന സ്‌കൂളുകളിൽ അവരുടെ ഭാഷയിൽ പഠിക്കാനുള്ള അവകാശവും അവസരവും നിഷേധിക്കരുതെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
മലയാള ഭാഷാബിൽ
ഭരണപരമായ എല്ലാ കാര്യങ്ങൾക്കും ഔദ്യോഗികഭാഷ മലയാളമായിരിക്കണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് മലയാളഭാഷാ ബില്ലിലുള്ളത്. എല്ലാ സ്‌കൂളുകളിലും ഒന്നുമുതൽ 10 വരെ മലയാളം ഒന്നാംഭാഷയായി നിർബന്ധമാക്കിയിട്ടുണ്ട്.
കാസർകോട് പോലുള്ള അതിർത്തിപ്രദേശങ്ങളിലെ കന്നഡ, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനും ഔദ്യോഗിക വിനിമയത്തിനുമുള്ള അവകാശം ബില്ലിൽ ഉറപ്പുനൽകുന്നുണ്ട്.
2015-ൽ നിയമസഭ പാസാക്കിയ മലയാളഭാഷാ (പ്രോത്സാഹനവും പരിപോഷണവും) ബിൽ മേയിൽ രാഷ്ട്രപതി തള്ളിയിരുന്നു. ഇതിലെ നിയമപരമായ തടസ്സങ്ങൾ നീക്കി പരിഷ്‌കരിച്ച ബില്ലാണ് ഒക്ടോബറിൽ നിയമസഭ വീണ്ടും പാസാക്കിയത്. നിലവിൽ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
Content Highlights: Kerala`s new Malayalam Language Bill triggers a dispute with Karnataka. Karnataka CM objects, citing Kannada minority rights. Read for details on the controversy.
Published: 11 Jan 2026, 08:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented