സീതത്തോട് (പത്തനംതിട്ട): സംസ്ഥാനത്തെ വൈദ്യുതി ബോർഡ് സംഭരണികളിൽ ഒരാഴ്ചയ്ക്കിടെ 13 ശതമാനം വെള്ളം കൂടി. മഴ കനത്ത ദിവസങ്ങളിൽ പ്രതിദിനം 4-5 ശതമാനംവരെ വെള്ളം കൂടി. അതിനുശേഷം മഴ കുറഞ്ഞതിനാൽ നീരൊഴുക്കും കുറഞ്ഞു. രണ്ട് ദിവസമായി ഒരു ശതമാനം വെള്ളം മാത്രമാണ് ദിവസേന കൂടുന്നത്.
ഇത്രയും പെയ്തിട്ടും, നിലവിൽ സംഭരണികളിലെല്ലാംകൂടി 48 ശതമാനം വെള്ളമേയുള്ളൂ. മുൻവർഷങ്ങളെ അപേക്ഷിച്ച് 35 ശതമാനം വെള്ളം കുറവാണ്. ഇത് വൈദ്യുതി ബോർഡിന് വലിയ ആശങ്കയുണ്ടാക്കുന്നു. ഏറ്റവും കൂടുതൽ വെള്ളം സംഭരിക്കേണ്ട മാസങ്ങളാണ് കടന്നുപോയത്. അതിതീവ്രമായി അല്ലാതെ, തുടർച്ചയായി മഴപെയ്താലേ സംഭരണികളിലെ സ്ഥിതി മെച്ചപ്പെടൂവെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നു.
നിലവിലെ വെള്ളം ഉപയോഗിച്ച് 1987.779 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനേ കഴിയൂ. മുൻവർഷം ഇതേ ദിവസത്തെ കണക്കുപ്രകാരം 3154.478 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാമായിരുന്നു. ബോർഡിന്റെ പദ്ധതികളിൽനിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കേണ്ട സമയമാണിത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പദ്ധതികളിൽ നിന്നെല്ലാമായി 22.834 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 2025-ൽ ഇതേസമയം 42.30 ദശലക്ഷം യൂണിറ്റായിരുന്നു.
വലിയ പദ്ധതിയായ ഇടുക്കിയിൽ നിലവിൽ 46 ശതമാനവും രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിൽ 53 ശതമാനവും വെള്ളമാണുള്ളത്. ഇടുക്കിപദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ വരെ 18.8 മില്ലിമീറ്റർ മഴ മാത്രമേ ലഭിച്ചുള്ളൂ. ശബരിഗിരിയിൽ 43 മില്ലിമീറ്റർ ലഭിച്ചു. ഷോളയാർ-52 ശതമാനം, ഇടമലയാർ-51, കുണ്ടള-35 എന്നിങ്ങനെയാണ് ജലനിരപ്പ്. ചെറുകിടപദ്ധതികളിൽ ജലനിരപ്പ് കൂടിയെങ്കിലും ഇവിടെ വലിയ അളവിൽ വൈദ്യുതി ഉത്പാദനം നടക്കില്ല. കൂടുതൽ വെള്ളം സംഭരിച്ച് ദീർഘനാൾ വൈദ്യുതി ഉത്പാദനം നടത്താൻ കഴിയുന്നത് ഇടുക്കിയിലും ശബരിഗിരിയിലും മാത്രമാണ്.
Content Highlights: Current dam water storage is at 48%, marking a 35% deficit compared to previous years., Power generation capacity is significantly reduced to 1987.779 million units., Idukki and Sabarigiri dams hold 46% and 53% water respectively., Consistent rainfall is required to improve reservoir levels for future power needs.
Published: 07 Aug 2026, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented