തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തശേഷമുള്ള ആദ്യ യോഗത്തിൽ, പാർട്ടിയിൽ വിപുലമായ പുനഃസംഘടന ഉണ്ടാകില്ലെന്ന് നേതാക്കൾ സൂചനനൽകി. പുനഃസംഘടന ഉണ്ടാകും. എന്നാൽ, ഭാരവാഹികളെ എല്ലാവരെയും മാറ്റി പുതിയ ആളുകളെ കൊണ്ടുവരുകയായിരിക്കില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അത്യാവശ്യംവേണ്ട മാറ്റം കെപിസിസി, ഡിസിസി തലത്തിൽ വരുത്തും.

To advertise here,

പോകുന്നവർ പോകട്ടെയെന്ന നിലപാട് എടുക്കരുതെന്നും എല്ലാവരെയും നിലനിർത്താനാണ് ശ്രമിക്കേണ്ടതെന്നും ശശി തരൂരിനെ ഉദ്ദേശിച്ച് കെ. മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടെങ്കിൽ നേതൃത്വം ചർച്ചചെയ്ത് പരിഹരിക്കണം. വി.എം. സുധീരനും കെ. സുധാകരനുമുൾപ്പെടെയുള്ള മുൻ കെപിസിസി പ്രസിഡന്റുമാരും യോഗത്തിൽ സംബന്ധിച്ചു.

കണക്കുചോദിച്ച് കോൺഗ്രസ്; കേരളീയം, നവകേരള സദസ്സ് എത്രകോടി പിരിച്ചു ?

തിരുവനന്തപുരം: സർക്കാരിന്റെ നാലാംവാർഷികത്തിന് നൂറുകോടി ചെലവഴിക്കുമ്പോൾ മുൻപ്‌ പിരിച്ചെടുത്തതിന്റെ കണക്കുചോദിച്ച് കോൺഗ്രസ്. കേരളീയം, നവകേരള സദസ്സ് എന്നിവയ്ക്ക് സ്പോൺസർഷിപ്പ് എന്നപേരിൽ പിരിച്ചതിന്റെ കണക്ക് എവിടെയെന്നാണ് ചോദ്യം. മുഖ്യമന്ത്രിയുടെ മുഖം മിനുക്കാനാണ് പിരിവും കോടികളുടെ ചെലവും ഉണ്ടായതെന്ന് കെപിസിസി ഭാരവാഹിയോഗം ആരോപിച്ചു.

നേരിയ വേതനവർധനയ്ക്കുവേണ്ടിയുള്ള ആശ വർക്കർമാരുടെ സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് സർക്കാർ ആർഭാടത്തിൽ അഭിരമിച്ചത്. ക്ഷേമനിധി ബോർഡുകൾ ഉൾപ്പെടെയുള്ളവയുടെ പെൻഷനും ക്ഷേമപെൻഷനും മുടങ്ങിക്കിടക്കുന്ന കാര്യം സർക്കാർ മറന്നു. സർക്കാരിന് ദളിത് സമൂഹത്തോട് വിവേചനമാണ്.

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധിസ്തൂപം തച്ചുടച്ച സിപിഎമ്മിന്റെ നിലപാടും നെഹ്‌റുയുവകേന്ദ്രയുടെ പേരുമാറ്റുകയും പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പേരുനൽകുകയും ചെയ്യുന്ന ബിജെപിയുടെയും നിലപാടും ഒന്നു തന്നെയാണെന്നും യോഗം വിലയിരുത്തി.