
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതിൽ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ് മുഖ്യമന്ത്രിയും കുടുംബവും വിഴിഞ്ഞം സന്ദർശിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചത്. ഇതേറ്റുപിടിച്ചാണ് സോഷ്യൽ മീഡിയകളിൽ വിമർശനമുയരുന്നത്.
'വിഴിഞ്ഞം (VISL) ചെയർമാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ, ഏതാണ് ഈ യുവ അധികാരി...??'- ദൃശ്യം പങ്കുവെച്ചുകൊണ്ട് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. കൊച്ചുമകൻ ഇഷാന്റെ ചിത്രം വൃത്തത്തിനുള്ളിലാക്കിയാണ് ജേക്കബ് തോമസിന്റെ ചോദ്യം. 'മുഖ്യമന്ത്രിയും മകളും മരുമകനും കൊച്ചുമകനും അടക്കമുള്ള ഒരു കുടുംബം നേതൃത്വം കൊടുക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കേരള സർക്കാർ മാറിയിരിക്കുന്നു' എന്ന് പി.വി. അൻവർ ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്കും ചിത്രങ്ങൾക്കും താഴെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുമ്പിൽ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിവരിക്കുന്നതും ദൃശ്യങ്ങളിൽകാണാം. യോഗം ചേരുമ്പോൾ മുൻനിരയിൽ തന്നെ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും ഇരിക്കുന്നതും കാണാം. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ദിവ്യ എസ്. അയ്യർ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു. ഓഫീസിലെ വിലയിരുത്തലുകൾക്ക് ശേഷം മുഖ്യമന്ത്രിയും തുറമുഖ യാർഡ്, പുലിമുട്ട് തുടങ്ങിയിടത്ത് നേരിട്ടെത്തി പുരോഗതി വിലയിരുത്തിയിരുന്നു. ഇവിടെങ്ങളിലൊക്കെ കുടുംബവും ഉണ്ടായിരുന്നു.
വിഴിഞ്ഞത്തേക്കുള്ള യാത്രയിൽ അതീവ സുരക്ഷയുള്ള ഔദ്യോഗിക വാഹനത്തിൽ മുൻ സീറ്റിൽ മകൾ വീണാ വിജയൻ ഇരിക്കുന്നതും കാണാം. ഔദ്യോഗിക വാഹനത്തിലെ മുൻ സീറ്റിൽനിന്ന് ഇറങ്ങിവരുന്ന വീണയേയും പിന്നിൽനിന്ന് ഇറങ്ങിവരുന്ന മുഖ്യമന്ത്രിയേയും ദൃശ്യങ്ങളിൽ കാണാം.
ഇതിനിടെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദവും ഉയർന്നിട്ടുണ്ട്. പ്രതിപക്ഷം രംഗത്തെത്തിയതോടെ പിന്നീട് ഉദ്ഘാടന ചടങ്ങിൽ വി.ഡി. സതീശനെയും ക്ഷണിച്ചിട്ടുണ്ട്.
Content Highlights: Kerala CM`s Family at Vizhinjam Port Meeting Sparks Debate
Published: 29 Apr 2025, 03:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented