പത്തനംതിട്ട: ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ചോർന്ന് ബ്ലോഗിൽ പ്രചരിക്കുന്നു. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പുറത്തായത്. ഇക്കൊല്ലം പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പകർപ്പുകളാണിവ.

To advertise here,

പ്ലസ് വൺ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോർന്നത് വിവാദമായതിനു പിന്നാലെയാണ് പാഠപുസ്തകച്ചോർച്ച. ഈ ബ്ലോഗിലെ ഉള്ളടക്കം തയ്യാറാക്കുന്നത് സംസ്ഥാന സർക്കാരിന്റെ ശന്പളംപറ്റുന്ന അധ്യാപകരാണെന്നത് ബ്ലോഗിൽനിന്ന് വ്യക്തവുമാണ്. അധ്യാപകർ, വിദ്യാർഥികൾ, ചില ട്യൂഷൻ സെന്ററുകളിലെ അധ്യാപകർ എന്നിവർക്കിടയിൽ ചോർന്ന പുസ്തകങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചോർന്നത് പുസ്തകരൂപത്തിലും അതിനുമുൻപും

ബയോളജിയുടെ ഇംഗ്ലീഷ്, മലയാളം മീഡിയം വിഭാഗങ്ങളിലെ പുസ്തകങ്ങൾ, കെമിസ്ട്രിയുടെ മലയാളം മീഡിയത്തിലെ പുസ്തകം എന്നിവ ചോർന്നവയിലുണ്ട്. ബയോളജി പാഠങ്ങളുടെ പിഡിഎഫ് അതേപോലെയാണ് വന്നിട്ടുള്ളത്. എന്നാൽ, അച്ചടിച്ച പുസ്തകത്തിൽനിന്ന് സ്കാൻ ചെയ്തെടുത്തതാണ് കെമിസ്ട്രിയുടെ പാഠഭാഗങ്ങൾ. ബയോളജി വ്യാഴാഴ്ചയും കെമിസ്ടി ശനിയാഴ്ചയുമാണ് അപ്‌ലോഡ് ചെയ്തത്.

പത്താംക്ലാസിലെ മറ്റു വിഷയങ്ങളുടെ പുസ്തകങ്ങളുടെ ഓൺലൈൻ പകർപ്പുകളും കിട്ടുമെന്ന് അറിയിപ്പു കൊടുത്തിട്ടുണ്ട്. അവ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിലും ആ പുസ്തകങ്ങളിലെ ഓരോ അധ്യായത്തിലും എന്തൊക്കെയാണ് പഠിക്കാനുള്ളതെന്നതിന്റെ പട്ടിക മുഖപേജിൽ തന്നെ കൊടുത്തിട്ടുണ്ട്. ഓരോ പേജിന്റെയും ചുവടെ ബ്ലോഗിന്റെ വിലാസവും വാട്‌സാപ്പ് നമ്പറുമുണ്ട്.

ബയോളജിയുടെ മൂന്ന് അധ്യായം, കെമിസ്ട്രിയുടെ നാല്

പഴയ പുസ്തകത്തിലെ രണ്ടാം വാല്യത്തിലെ ആറാമത്തെ അധ്യായമായ ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും എന്ന പേരിലുള്ളതാണ് പുതിയ കെമിസ്ട്രിയിലെ ഒന്നാം അധ്യായം. ബയോളജിയുടെ മൂന്ന് അധ്യായങ്ങളും കെമിസ്ട്രിയുടെ നാലുമാണ് പുറത്തായത്. ജീവന്റെ ജനിതകം എന്നതാണ് പുതിയ ബയോളജിയിലെ ആദ്യ അധ്യായം.

ബ്ലോഗിൽ അധ്യാപകരുടെ സംഭാവന

ബ്ലോഗിൽ പരീക്ഷയ്ക്കുള്ള ഉറപ്പായ ചോദ്യങ്ങളടക്കമുള്ളവ തയ്യാറാക്കുന്നത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാണ്. ഇവരുടെ ചിത്രമടക്കം കാണിച്ചിട്ടുണ്ട്. എസ്‍സിഇആർടിയിലെ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായ അധ്യാപകനും ഒരു ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും പാഠഭാഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

കർശന നടപടി -എസ്‌സിആർടി

ചോർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശനടപടിയെടുക്കുമെന്നും എസ്‌സിആർടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് പറഞ്ഞു.