തിരുവനന്തപുരം: സിപിഐ.യുടെ എതിർപ്പിനെത്തുടർന്ന് കേന്ദ്രസർക്കാരുമായുള്ള പിഎംശ്രീ കരാറിൽനിന്ന് പിൻവാങ്ങാൻ കേന്ദ്രത്തിന് കത്തുനൽകിയെങ്കിലും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ചുവടുപിടിച്ചുള്ള എൻസിഇആർടി പാഠപുസ്തകങ്ങൾ ഹയർസെക്കൻഡറിയിൽ തുടരാൻ കേരളം. മുഗൾഭരണം ഉൾപ്പെടെയുള്ള ചരിത്രപാഠങ്ങൾ കേന്ദ്രസർക്കാർ നിരന്തരം സിലബസിൽ വെട്ടിമാറ്റുന്നുണ്ടെങ്കിലും സാമൂഹികശാസ്ത്രവും ചരിത്രവും ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങൾ സംസ്ഥാനത്ത് ഒഴിവാക്കില്ല.

To advertise here,

അടുത്ത അധ്യയനവർഷം ഹയർസെക്കൻഡറിയിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി, തിങ്കളാഴ്ച മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽചേർന്ന കരിക്കുലം കമ്മിറ്റിയിലാണ് തീരുമാനം.

മുൻവർഷങ്ങളിൽ ചരിത്രപാഠഭാഗങ്ങൾ വെട്ടിമാറ്റിയ വിവാദമുണ്ടായപ്പോൾ, ഒഴിവാക്കിയ ഉള്ളടക്കം ഉൾപ്പെടുത്തി കേരളം പ്രത്യേകം പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ചരിത്രവും സാമൂഹികശാസ്ത്രവുംപോലെ കേന്ദ്രം ‘കൈവെക്കുന്ന’ വിഷയങ്ങളിൽ സംസ്ഥാനത്ത് സ്വന്തമായി പുസ്തകങ്ങൾ പുറത്തിറക്കണമെന്ന് അന്നേ ആവശ്യവും ഉയർന്നിരുന്നു.

കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാത്പര്യമനുസരിച്ച് പാഠഭാഗങ്ങൾ ഇനിയും വെട്ടിമാറ്റാനിടയുള്ള സാഹചര്യം നിലനിൽക്കേ, എൻസിഇആർടി പുസ്തകങ്ങൾ തുടരാൻ തീരുമാനിക്കുന്നതിനെക്കുറിച്ച് കരിക്കുലം കമ്മിറ്റിയിൽ ചോദ്യമുയർന്നു. പുതിയ പുസ്തകങ്ങൾ വരുമ്പോൾ പരിശോധിച്ചശേഷം നടപടിയെടുക്കാമെന്നാണ് സർക്കാരിന്റെ മറുപടി.

സ്വന്തമായി 41 എണ്ണം

അടുത്ത അധ്യയനവർഷം 11-ാം ക്ലാസിലാണ് പുതിയ പാഠ്യപദ്ധതി നടപ്പാവുക. ഇതിനായി ഇപ്പോഴുള്ളപോലെ 41 പുസ്തകങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ എസ്‍സിഇആർടി തയ്യാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷും മലയാളവും ഉൾപ്പെടെയുള്ള ഭാഷാവിഷയങ്ങൾക്കുപുറമേ കംപ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക്, ഇലക്‌ട്രോണിക്സ്, ഹോം സയൻസ് തുടങ്ങിയ വിഷയങ്ങളിലാണ് 41 പുസ്തകങ്ങൾ. ചരിത്രം, സാമൂഹികശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, ശാസ്ത്രവിഷയങ്ങൾ ഉൾപ്പെടെ 44 പുസ്തകങ്ങൾക്ക് പതിവുപോലെ എൻ.സി.ഇ.ആർ.ടി.യെ ആശ്രയിക്കാനാണ് തീരുമാനം.