
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗത്തില്‍ കുര്‍ബാനത്തര്‍ക്കത്തിന് പരിഹാരമായില്ല. ചര്‍ച്ച ക്രിയാത്മകവും ഫലദായകവുമായിരുന്നുവെന്നും പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടെന്നും അതിരൂപത വൈദികര്‍ പറഞ്ഞു. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ വൈദിക യോഗം വിളിച്ച് ചര്‍ച്ച ചെയ്ത ശേഷം ജൂലായ് 3-നു മുന്‍പ് പ്രശ്‌നപരിഹാരം കണ്ടെത്തുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിയും അറിയിച്ചതായും വൈദികര്‍ വ്യക്തമാക്കി.
എറണാകുളം ബിഷപ്പ് ഹൗസില്‍ രാവിലെ 10.30-ന് ആരംഭിച്ച ചര്‍ച്ച വൈകീട്ട് അഞ്ചുവരെ തുടര്‍ന്നു. അതിരൂപതയിലെ 53-ലധികം വരുന്ന വൈദിക സമിതി അംഗങ്ങള്‍ക്കു പുറമേ ഫൊറോന വികാരിമാരും പങ്കെടുത്തു.
നിയമവിരുദ്ധമായാണ് വൈദിക സമിതി വിളിച്ചു ചേര്‍ത്തതെന്നാരോപിച്ച് സിനഡ് അനുകൂല വിശ്വാസികള്‍ രാവിലെ മുതല്‍ ബിഷപ്പ് ഹൗസിനു മുന്‍പില്‍ പ്രതിഷേധിച്ചു. വന്‍ പോലീസ് സന്നാഹവുമുണ്ടായി.
അതിരൂപത കൂരിയയെ മാറ്റുക, അതിരൂപതയ്ക്കായി ജനാഭിമുഖ കുര്‍ബാന അനുവദിക്കുക, ആഴ്ചയില്‍ ഒരു ഏകീകൃത കുര്‍ബാനയെന്ന, മെത്രാപ്പോലീത്തന്‍ വികാരിയുമായി ഉണ്ടാക്കിയ സമവായ ഫോര്‍മുല നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് യോഗത്തില്‍ അതിരൂപത വൈദികര്‍ ഉന്നയിച്ചത്. എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക വികാരിയായി നിയമിച്ച ഫാ. തര്യന്‍ ഞാളിയത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനെ അതിരൂപത വൈദികര്‍ എതിര്‍ത്തു.
ഇതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇടപെട്ട് ഫാ. തര്യനെ പുറത്താക്കി. അതേസമയം ബസിലിക്ക വിട്ടുപോകണമെന്ന് സഭാ ട്രിബ്യൂണല്‍ ബുധനാഴ്ച ഉത്തരവിറക്കിയ ബസിലിക്ക വികാരി ഫാ. വര്‍ഗീസ് മണവാളന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വൈദിക സമിതി യോഗത്തിനു പിന്തുണയുമായി അതിരൂപതാ പക്ഷത്തെ അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ കലൂര്‍ റിന്യുവല്‍ സെന്ററില്‍ അല്‍മായ വിശ്വാസസംഗമം നടന്നു. സംഗമത്തിനു ശേഷം വിശ്വാസികള്‍ ബിഷപ്പ് ഹൗസിലേക്ക് വന്നതോടെ സംഘര്‍ഷ സാധ്യത തടയാന്‍ റോഡില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു. രാവിലെ മുതല്‍ ബിഷപ്പ് ഹൗസിനു മുന്‍പില്‍ പ്രതിഷേധിച്ച സിനഡ് അനുകൂലികള്‍ ഈ സമയം ബസിലിക്കയിലുണ്ടായിരുന്നു.
പ്രതിഷേധവുമായി സിനഡ് അനുകൂല വിശ്വാസികള്‍
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ ചേര്‍ന്ന വൈദിക സമിതി യോഗം നടക്കുന്ന ബിഷപ്പ് ഹൗസിനു മുന്‍പില്‍ രാവിലെ മുതല്‍ സിനഡ് അനുകൂല കുര്‍ബാന അനുകൂല വിശ്വാസികളുടെ പ്രതിഷേധം. യോഗത്തില്‍ പങ്കെടുക്കാനെത്തിയ വൈദികരെ ബിഷപ്പ് ഹൗസിനു മുന്നില്‍ ഇവര്‍ തടഞ്ഞു. സഭയുടെ അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ വാദിച്ചു.
മാര്‍ ജോസഫ് പാംപ്ലാനിക്കെതിരേയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം ശക്തമായതോടെ സെന്‍ട്രല്‍ പോലീസ് എത്തി. 40-ഓളം പേരെ അറസ്റ്റുചെയ്ത് നീക്കി. ഇതിനിടെ പ്രതിഷേധക്കാര്‍ സെയ്ന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ഥനാ യജ്ഞം നടത്തി. വൈകീട്ട് യോഗം അവസാനിക്കുമ്പോഴും സിനഡ് കുര്‍ബാന അനുകൂലികള്‍ പ്രതിഷേധവുമായി ബസിലിക്ക പരിസരത്ത് ഉണ്ടായിരുന്നു. എന്നാല്‍, പോലീസ് റോഡിന്റെ വശങ്ങളില്‍ ബാരിക്കേഡ് ഉപയോഗിച്ചുള്‍പ്പെടെ കനത്ത സുരക്ഷ ഒരുക്കി. യോഗം കഴിഞ്ഞിറങ്ങിയ വൈദികരെ കൂക്കിവിളിച്ചും കളിയാക്കിയുമാണ് പ്രതിഷേധക്കാര്‍ എതിരേറ്റത്. യോഗം കഴിഞ്ഞിറങ്ങിയപ്പോള്‍ വൈദികരില്‍ ചിലരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റഴിച്ചു വിട്ടതായും കണ്ടെത്തി.
Content Highlights: A 6.5-hour meeting of priests in Kerala failed to resolve the ongoing Mass dispute
Published: 06 Jun 2025, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented