
കൊച്ചി: കുർബാന തർക്കത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം. വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെയ്ന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിശ്വാസികൾ തമ്മിലുള്ള സംഘർഷവും അരങ്ങേറിയത്.
അതിരൂപതയിൽ ജനാഭിമുഖ കുർബാനപക്ഷത്തുള്ള 21 വൈദികരാണ് ബിഷപ്പ് ഹൗസിലുള്ളത്. ഇവരാണ് മെത്രാസന മന്ദിരത്തിൽ പ്രാർഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെൻഡ് ചെയ്ത നടപടി മാർ ബോസ്കോ പൂത്തൂർ പിൻവലിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്.
വൈദികർ അരമനയിൽ കയറിയ ഉടൻ ഒരുകൂട്ടം വിശ്വാസികൾ ഇവർക്ക് പിന്തുണയുമായെത്തി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞെത്തി. ഇതിനിടെയാണ് ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. സെൻട്രൽ-നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ ആളുകളെ ശാന്തരാക്കി.
അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ വൈദികർക്ക് അഭിവാദ്യമർപ്പിച്ച് ആളുകൾ അരമനയ്ക്ക് പുറത്തുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവുമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2-നു ശേഷമാണ് വൈദികർ അരമനയ്ക്കുള്ളിൽ പ്രവേശിച്ചത്. അരമനയ്ക്ക് പോലീസ് കാവലുള്ളതിനാൽ പിൻവശത്തുകൂടിയാണ് വൈദികർ പ്രധാന ഹാളിൽ പ്രവേശിച്ചത്. പോലീസെത്തി പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഒഴിഞ്ഞുപോകാൻ വൈദികർ ആദ്യം തയ്യാറായിരുന്നില്ല.
ഫാ. ജോയ്‌സ് കൈതക്കോട്ടിൽ അങ്കമാലിയിൽ നടത്തിവന്ന ത്രിദിന നിരാഹാര സത്യാഗ്രഹത്തിന്റെ സമാപന ദിവസമായിരുന്നു വ്യാഴാഴ്ച. സഭാധികൃതർ വിഷയത്തിൽ ഇടപെടാത്തതിൽ പ്രതിഷേധിച്ചായിരുന്നു അരമന കൈയേറാൻ വൈദികർ തീരുമാനിച്ചത്. കൂരിയ അംഗങ്ങളുടെ ബലത്തോടെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ പ്രതികാര നടപടികൾ തുടരുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു.
Content Highlights: Kerala Church Conflict: Priests Protest, Violence Erupts
Published: 10 Jan 2025, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented