
തിരുവനന്തപുരം: ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടി സംസ്ഥാനത്തെ ജനങ്ങള്‍ നെഞ്ചേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് നാം തെളിയിച്ചതാണ്. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവര്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. മഴയൊന്നും കണക്കാക്കാതെയും ജനങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിനെതിരായി പ്രതികരണങ്ങളുണ്ടായെങ്കില്‍ അത് പരിപാടിയുടെ പ്രശ്‌നമല്ല. മറിച്ച്, നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്. എന്നാല്‍ നമ്മുടെ നാട് നാം ഉദ്ദേശിച്ച തരത്തില്‍ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ നമുക്കായി. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്കായി. ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും കേരളീയം ആചരിക്കും. പരിപാടിയുടെ പിന്നിലെ ദുരൂഹത ഗവേഷണം ചെയ്യാന്‍ പോയവരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായിട്ടുണ്ടാവും.
സംസ്ഥാനം രൂപീകൃതമായതിന് ശേഷം 67 വര്‍ഷമാണ് കഴിയുന്നത്. കഴിഞ്ഞ ആറര വര്‍ഷങ്ങളില്‍ അത്ഭുതകരമായ മാറ്റമുണ്ടായി. മാനവവിഭവ വികസന സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും നാം ബഹുദൂരം മുന്നിലാണ്. എന്നാൽ, ഈ നേട്ടങ്ങളില്‍ അഭിമാനിച്ച് വിശ്രമിക്കാവുന്ന അവസ്ഥയിലല്ല നാം. നമ്മുടെ വികസനമാതൃക എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് നാം ഗൗരവമായി ചിന്തിക്കേണ്ടത്. കേരളത്തിന്റെ ആളോഹരി വരുമാനമെടുത്താല്‍ ഇന്നത്തെ അവസ്ഥ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്. കോവിഡുകാലത്ത് നമുക്ക് വലിയ തോതിലുള്ള സാമ്പത്തിക തളര്‍ച്ച അനുഭവിക്കേണ്ടിവന്നു. എന്നാല്‍, അതിനുശേഷം നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടന 12 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യനിര്‍മാര്‍ജനം, എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം, യുവാക്കള്‍ക്ക് ഉത്പാദനക്ഷമതയുള്ള തൊഴിലവസരങ്ങള്‍, എല്ലാവര്‍ക്കും അടച്ചുറപ്പുള്ള പാര്‍പ്പിടം, പ്രകൃതി സൗഹൃദ വികസനം, നദികളുടേയും പുഴകളുടേയും സ്വാഭാവികമായി നീരൊഴുക്ക് ഉറപ്പാക്കല്‍ എന്നിവയെല്ലാമടങ്ങുന്ന സമഗ്രമായ വികസനകാഴ്ചപ്പാടാണ് നവകേരളസൃഷ്ടിയുടെ അടിസ്ഥാനമായി കാണുന്നത്. അടുത്ത 25 വര്‍ഷത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മുന്നോക്ക മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് നാം ലക്ഷ്യമിടുന്നത്, മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ നമ്മുടെ മനസ്സില്‍ വല്ലാത്തൊരു വേദന തങ്ങിനില്‍ക്കുന്നുണ്ട്. അത് പല്‌സ്തീന്‍ സഹോദരങ്ങള്‍ നേരിടുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ ആകെ വംശനാശത്തിന്റെ രീതിയില്‍ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. നമുക്കെല്ലാവര്‍ക്കുമറിയാം അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഈ പ്രവര്‍ത്തനം നടത്തുകയാണെന്ന്. ഈ വിഷയത്തില്‍ നമുക്കാര്‍ക്കും നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാവില്ല. പലസ്തീനില്‍ പൊരുതുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം നമുക്ക് ഒറ്റക്കെട്ടായി പ്രഖ്യാപിക്കാം, മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: kerala chief minister pinarayi vijayan on keraleeyam
Published: 07 Nov 2023, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented