തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും സർക്കാരിനുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ കെ. ബിജു ഐഎഎസിനോട്, രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരും വരില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. കോടതിയലക്ഷ്യമുണ്ടാക്കുന്ന വാചകങ്ങളാണ് ഉദ്യോഗസ്ഥന്റെ ഉത്തരവിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥനായ കെ. ബിജു കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചു.

To advertise here,

കശുവണ്ടി ഇറക്കുമതിക്കേസിൽ മുൻ പിണറായി സർക്കാരിന്റെ കാലത്ത് മൂന്നുതവണ പ്രൊസിക്യൂഷൻ അനുമതി നിഷേധിച്ച് ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെ വിചാരണയിൽനിന്ന് സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, പുതിയ സർക്കാരിന്റെ കാലത്ത് പ്രൊസിക്യൂഷൻ അനുമതി നൽകിയെങ്കിലും തുടർന്നുണ്ടായ ഇടപെടലുകളിലാണ് കോടതിയുടെ ഈ കടുത്ത വിമർശനം.

അതേസമയം, കെ. ബിജു മാപ്പപേക്ഷിച്ചുകൊണ്ട് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോടതി മടക്കിയയച്ചു. പുതിയ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശം നൽകി. സർക്കാർ നിർദേശങ്ങളിൽ തെറ്റുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അതിൽ വിയോജിപ്പ് എഴുതണമെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ കൈയിലെ ആയുധമാകരുത് ഉദ്യോഗസ്ഥരെന്ന് കെ. ബിജുവിനോട് ഹൈക്കോടതി പറഞ്ഞു.

ഇന്ന് രണ്ടു തവണയായിട്ടാണ് കശുവണ്ടി അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ പരിഗണിച്ചത്. നിലവിൽ കശുവണ്ടി വികസന വകുപ്പിന്റെ ചുമതലയുള്ള കെ. ബിജു ഐഎഎസ് നേരിട്ട് കോടതിയിൽ ഹാജരായി. നേരത്തെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഹമ്മദ് അനീഷും കോടതിയിൽ ഹാജരായിരുന്നു.

വിവാദ ഉത്തരവ് തയ്യാറാക്കിയ കെ. ബിജുവിനോടായിരുന്നു കോടതിക്ക് ചോദ്യമുണ്ടായിരുന്നത്. കോടതിയെ അധിക്ഷേപിക്കുന്ന ഭാഗങ്ങൾ ഉത്തരവിന്റെ ഭാഗമായതെങ്ങനെ, നിങ്ങൾക്കെങ്ങനെ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കാൻ കഴിഞ്ഞു, തുടങ്ങിയ ചോദ്യങ്ങൾ ഹൈക്കോടതി നേരിട്ട് ചോദിച്ചു.

തനിക്ക് പിശകുപറ്റിപ്പോയി, നിരുപാധികം മാപ്പ് നൽകണമെന്ന അപേക്ഷ കെ. ബിജു കോടതിക്ക് മുമ്പിൽ വെച്ചു. എന്നാൽ, പ്രതികൾക്ക് പ്രൊസിക്യൂഷൻ അനുമതി നൽകിയിട്ടുള്ള വകുപ്പിന്റെ ഫയൽ മന്ത്രിസഭയിൽ ആരൊക്കെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ എന്നും ഹൈക്കോടതി കെ. ബിജുവിനോട് ചോദിച്ചു. ഏതെങ്കിലും തരത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായാണോ വിവാദ ഭാഗങ്ങൾ ഉത്തരവെന്ന് കോടതി പരിശോധിച്ചു.

ഉച്ചയ്ക്ക് കേസ് കോടതി വീണ്ടും പരിഗണിച്ചു. ഈ സമയം നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം കെ. ബിജു കോടതിയിൽ നൽകി. തനിക്ക് തെറ്റുപറ്റിയെന്നും കെ. ബിജു സത്യവാങ്മൂലത്തിൽ പറഞ്ഞു. എന്നാൽ, മനസ്സിരുത്തിയാണ് ആ ഉത്തരവ് തയ്യാറാക്കിയത് എന്ന ഭാഗം ഇല്ലാത്തതിനാൽ അതുകൂടി ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. 

രാഷ്ട്രീയക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ നിങ്ങളെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ല, സർക്കാരും ഉണ്ടാകില്ലെന്ന് കെ. ബിജുവിനെ കോടതി ഓർമ്മിപ്പിച്ചു. നിയമപരമല്ലാത്ത ഉത്തരവുകൾ ആരുടെയെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി ഇറക്കരുത്. നിയമവിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ അതിൽ വിയോജിപ്പ് എഴുതാൻ ഐഎഎസ് ഉദ്യോഗസ്ഥന് ധൈര്യമുണ്ടാകണം എന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ കൈയിലെ ആയുധമായി മാറരുതെന്നും ഹൈക്കോടതി കെ. ബിജുവിന് നിർദേശം നൽകി. അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.