ബേപ്പൂര്‍:  വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഡിഫന്‍സ് പിആര്‍ഒ കമാൻഡർ അതുല്‍ എസ് പിള്ള. നേവിയും കോസ്റ്റ് ഗാർഡും തീയണക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

'രാവിലെ കിട്ടിയ വിവരമനുസരിച്ച് കപ്പലിന് ചരിവുകളൊന്നും ഇല്ല. സ്‌റ്റേബിളാണ്. അതേസമയം തീ നിയന്ത്രണവിധേയമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് കപ്പലുകള്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. എന്നാല്‍ മറ്റുള്ള കപ്പലുകള്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കാണാതായ നാലുപേര്‍ക്കായുള്ള തിരച്ചിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്.' - അതുല്‍ എസ് പിള്ള പറഞ്ഞു. 

'തീ കെടുത്തണമെങ്കില്‍ അവിടെയുള്ള സാധനങ്ങള്‍ എടുത്തുമാറ്റണം. അല്ലെങ്കില്‍ ഓക്‌സിജന്‍ ഇല്ലാതാക്കണം. ഇത് രണ്ടും അവിടെ നടക്കില്ല. കാരണം കപ്പലില്‍ അത്രയും സാധനങ്ങളുണ്ട്. മറ്റൊരു സാധ്യത കപ്പലിനെ കൂള്‍ഡൗണ്‍ ചെയ്തിട്ട് തീ കുറയ്ക്കുക എന്നതാണ്. അതിനാല്‍ വെള്ളവും ഫോമും സ്പ്രേ ചെയ്തിട്ട് തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികളാണ് നടത്തുന്നത്. '

'ഇന്നലെ കപ്പലിന് അടുത്തേക്ക് പോലും പോകാന്‍ സാധിച്ചില്ല. എന്നാല്‍ രാത്രിയായപ്പോള്‍ കോസ്റ്റ് ഗാര്‍ഡിലെ കമാന്‍ഡിങ് ഓഫീസര്‍മാരും ക്ര്യൂവും റിസ്‌കെടുത്തിട്ടാണ് അവിടെ പോകുന്നത്. അവര്‍ വെള്ളം സ്പ്രേ ചെയ്തു. രാത്രിമുഴുവനും അവര്‍ അത് ചെയ്തു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള നേവിയും കോസ്റ്റ് ഗാര്‍ഡിലെ ഓഫീസര്‍മാരുമുണ്ട്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിങ്കളാഴ്ച രാവിലെയാണ് കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചത്. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിങ്കപ്പൂർ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്. 

തീ പിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്നറുകള്‍ കടലിലേക്ക് വീണിരുന്നു. കണ്ടെയ്‌നറുകളിലെ പൊട്ടിത്തെറിയും ഇടയ്ക്ക് ഇവ കടലില്‍ പതിക്കുന്നതും മറ്റ് കപ്പലുകള്‍ക്ക് ഇതിനടുത്തെത്താന്‍ തടസമാകുന്നുണ്ട്. സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.