ഒറ്റപ്പാലം: 'അമ്മൂമ്മ വെള്ളത്തില്മുങ്ങുന്നത് കണ്ടപ്പോള്‍ ഒന്നുംനോക്കിയില്ല, എടുത്ത് ചാടി' -ഒന്‍പതാം ക്ലാസുകാരന് ഒറ്റപ്പാലം പാലപ്പുറം കിഴക്കേപ്പാട്ട് വാരിയത്ത് പ്രജ്വലിന്റെ (14) ഈ ധൈര്യം രക്ഷിച്ചത് ഒരു 66-കാരിയുടെ ജീവനാണ്. ബലിയിടാനിറങ്ങി ആഴമേറിയ ക്ഷേത്രക്കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്ന പാലപ്പുറം അങ്ങാടിയില്‍ വീട്ടില്‍ ശാന്തകുമാരിയാണ് (66) പ്രജ്വലിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടത്.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മകരമാസത്തിലെ വാവായിരുന്നതിനാല് ബലിയിടാനാണ് ശാന്തകുമാരി പാലപ്പുറം
വിഷ്ണുക്ഷേത്രക്കുളത്തില് എത്തിയത്. ബലിയിട്ടശേഷം വെള്ളത്തിലിറങ്ങി ഇല പുറകിലേക്കിടുന്നതിനിടെ കാല്‍വഴുതി ചെളിയിലകപ്പെടുകയായിരുന്നു. വാഴയില വെട്ടാന്‍ കുളത്തിന് സമീപം വന്നതായിരുന്നു പ്രജ്വല്‍.
ശാന്തകുമാരിയുടെ അലര്‍ച്ചകേട്ട് നോക്കുമ്പോള്‍ കൈകളിട്ടടിച്ച് മുങ്ങുന്നതാണ് കണ്ടത്. ഒട്ടുംപതറാതെ ഓടിവന്ന് കുളത്തിലേക്കെടുത്തുചാടി. ശാന്തകുമാരിയുടെ കൈപിടിച്ച് വലിച്ചുകയറ്റി. 'ആ സമയത്ത് പ്രജ്വല്‍ അവിടെയെത്തിയില്ലായിരുന്നെങ്കില്‍ എന്റെ കഥ തീര്‍ന്നേനെ' -ശാന്തകുമാരി പറഞ്ഞു.
ഒന്നരയേക്കറോളം വരുന്ന കുളം പായലും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. നല്ല ആഴവുമുണ്ട്. അഞ്ചാം വയസ്സുമുതല്‍ നീന്താനറിയാം പ്രജ്വലിന്. ആ പരിചയമാണ് ധൈര്യം കൊടുത്തത്. കിഴക്കേപ്പാട്ടുവാരിയത്ത് പ്രമോദിന്റെയും അജിതയുടെയും മകനായ പ്രജ്വല്‍ പാലപ്പുറം ലക്ഷ്മിനാരായണ വിദ്യാനികേതനിലെ വിദ്യാര്‍ഥിയാണ്.
Content Highlights: 14-Year-Old Saves Woman from Drowning
Published: 31 Jan 2025, 08:12 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented