തിരുവനന്തപുരം: സംസ്ഥാനത്ത് യഥേഷ്ടം ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതാണ് പുതിയ മദ്യനയം. ഡിസ്റ്റിലറികളും ബ്രൂവറികളും സ്പിരിറ്റ് നിർമാണ യൂണിറ്റുകളും തുടങ്ങുന്നതിന് തടസ്സമില്ല. പാലക്കാട് എലപ്പുള്ളിയിലെ വിവാദ മദ്യനിർമാണ കേന്ദ്രത്തിന് അനുമതി നൽകിയതിനെ നയം ന്യായീകരിക്കുന്നു.

To advertise here,

എലപ്പുള്ളിയിലേതുപോലെ യോഗ്യതയുള്ളവർക്ക് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അപേക്ഷിക്കാമെന്ന് മദ്യനയത്തിൽ എടുത്ത് പറയുന്നുണ്ട്. മദ്യനയത്തിൽ ഉൾക്കൊള്ളിക്കാതെ ബ്രൂവറി-ഡിസ്റ്റിലറികൾക്ക് അനുമതി നൽകിയതാണ് ഒന്നാം പിണറായി സർക്കാരിനെ കുഴക്കിയത്. ഇത് പരിഹരിക്കാനുള്ള വഴികൾ രണ്ടാം പിണറായി സർക്കാരിന്റെ മദ്യനയങ്ങളിൽ ഘട്ടംഘട്ടമായി ഇടം പിടിക്കുന്നുണ്ട്. സമ്പൂർണ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കുംവിധമായി മദ്യനയത്തെ മാറ്റാൻ ഇതോടെ സർക്കാരിന് കഴിഞ്ഞു.

ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന പ്രഖ്യാപനത്തിനൊപ്പമാണ് 2022-’23-ലെ മദ്യനയത്തിൽ സംസ്ഥാനത്ത് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിയത്.

എന്നാൽ, ഡിസ്റ്റിലറികളെക്കുറിച്ച് വ്യക്തമായ പരാമർശമില്ലായിരുന്നു. ഈ പിഴവ് പരിഹരിച്ച് 2023-’24-ലെ മദ്യനയത്തിൽ എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ (സ്പിരിറ്റ്) നിർമ്മാണത്തിന് തയ്യാറാകുന്ന ഡിസ്റ്റിലറികൾക്കും പുതിയ യൂണിറ്റുകൾക്കും അനുമതി നൽകുമെന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചു. പുതിയ മദ്യനയം ഈ രണ്ടു തീരുമാനങ്ങളും നിലനിർത്തുന്നു. ഐടി പാർക്കുകളിൽ വിദേശമദ്യം വിളമ്പുന്നതിന് 2022-’23-ലെ മദ്യനയത്തിലാണ് അനുമതി നൽകിയത്. വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പാൻ 2023-’24-ലും അനുമതി നൽകി.

വമ്പന്‍ ഇളവുകളുമായി മദ്യനയം

തിരുവനന്തപുരം: ഡ്രൈ ഡേകളില്‍ മദ്യം വിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിച്ച് സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി.

അരലക്ഷംരൂപ നല്‍കി പ്രത്യേക ഏകദിന പെര്‍മിറ്റ് എടുക്കണം. ഏഴുദിവസംമുന്‍പ് അപേക്ഷിക്കണം. ഒന്നാംതീയതി ഡ്രൈ ഡേയില്‍ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളില്‍ അനുമതിയില്ല. പാലക്കാട് എലപ്പുള്ളിയിലേതുപോലെ കൂടുതല്‍ മദ്യനിര്‍മാണയൂണിറ്റുകള്‍ തുടങ്ങാനും മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്. സ്പിരിറ്റ് നിര്‍മാണ യൂണിറ്റുകള്‍, ബ്രൂവറി, ഡിസ്റ്റിലറി എന്നിവ തുടങ്ങാം. ഹോര്‍ട്ടി വൈനുകള്‍ ബെവറജസ്വഴിമാത്രമേ വില്‍ക്കാവൂ എന്ന വ്യവസ്ഥയിലും ഇളവുനല്‍കി.

ലക്ഷദ്വീപിലേക്ക് മദ്യം കയറ്റിയയയ്ക്കാന്‍ ബെവറജസ് കോര്‍പ്പറേഷന് അനുമതി നല്‍കി. കയറ്റുമതിചെയ്യുന്ന മദ്യത്തിനുള്ള നികുതി കൂട്ടും. ബെവറജസ് മദ്യക്കുപ്പികളില്‍ ക്യൂആര്‍കോഡ് നിര്‍ബന്ധമാക്കും.

കള്ള് കയറ്റുമതിക്ക്
ടോഡി ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച് കള്ള് ബോട്ടിലിലാക്കി കയറ്റുമതിക്ക് അനുമതി നല്‍കി. എന്നാല്‍, ഷാപ്പും ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയും തമ്മില്‍ കുറഞ്ഞദൂരം 400 മീറ്ററില്‍ നിന്ന് 150 ആക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. തെങ്ങില്‍നിന്ന് ഒരു ദിവസം ചെത്താവുന്ന കള്ള് രണ്ടുലിറ്ററെന്നത് പുതുക്കി നിശ്ചയിക്കും.

കപ്പലുകളിലും മദ്യം
വിനോദസഞ്ചാരപ്രോത്സാഹനത്തിന്റെ ഭാഗമായി ആഡംബരക്കപ്പലുകളിലും മദ്യം വിളമ്പാന്‍ അനുമതിനല്‍കും. നെഫര്‍റ്റിറ്റി എന്ന കപ്പലിന് ഇപ്പോള്‍ പ്രത്യേകാനുമതിയായിട്ടുണ്ട്.

ബാറിന് ഇളവ്
ബാറുകളുടെ പാര്‍ട്ണര്‍ഷിപ്പും ഡയറക്ടര്‍ബോര്‍ഡും പുനഃസംഘടിപ്പിക്കാന്‍ എക്‌സൈസിന്റെ മുന്‍കൂര്‍ അനുമതി വേണ്ടാ ഒരുമാസത്തിനുള്ളില്‍ അറിയിച്ചാല്‍ മതി. വൈകിയാല്‍ പിഴചുമത്തും. ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി ഒരു മണിക്കൂര്‍കൂടി കൂട്ടണമെന്ന ശുപാര്‍ശ അംഗീകരിച്ചില്ല.

വ്യവസായ-ഐടി പാര്‍ക്കുകളില്‍ മദ്യം
വ്യവസായ-ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി ലഭിക്കും. മുന്‍ മദ്യനയത്തില്‍ പ്രഖ്യാപിച്ചതാണെങ്കിലും ചട്ടമുണ്ടാക്കാത്തതിനാല്‍ ഇതുവരെ തുടങ്ങിയിരുന്നില്ല. ഐടി പാര്‍ക്കുകളിലെ മദ്യശാലാനടത്തിപ്പ് പുറംകരാര്‍ നല്‍കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതില്‍ അന്തിമതീരുമാനമായിട്ടില്ല.