
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരേ ക്രൈസ്തവസമൂഹത്തിലുയർന്ന പ്രതിഷേധത്തിൽ വിയർത്ത് ബിജെപി. പാർട്ടിയും സംഘപരിവാർ സംഘടനകളും വ്യത്യസ്തനിലപാടാണ് ഇക്കാര്യത്തിലെടുത്തതെന്നതും കേരള ബിജെപിയെ അസ്വസ്ഥമാക്കുന്നു. അമിത് ഷായുടെ ഇടപെടലിൽ കന്യാസ്ത്രീകൾക്ക് ജാമ്യംകിട്ടിയാൽ ഏറ്റവും ആശ്വാസം കേരളത്തിലെ ബിജെപി നേതൃത്വത്തിനായിരിക്കും. എങ്കിൽപ്പോലും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവബന്ധം ഊട്ടിയുറപ്പിക്കാൻ ബിജെപിക്ക് കൂടുതൽ അധ്വാനിക്കേണ്ടിവരും.
കന്യാസ്ത്രീകൾക്കുമേൽ ചുമത്തിയ നിർബന്ധിത മതപരിവർത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്ന നിലപാടായിരുന്നു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടേത്. എന്നാൽ, ഛത്തീസ്ഗഢിലും മറ്റും നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ഗൗരവമുള്ള വിഷയങ്ങളായതിനാലാണ് അവ നിരോധിക്കുന്ന കർശനനിയമമുള്ളതെന്നാണ് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞത്. ചില ഓർമ്മപ്പെടുത്തലുണ്ടെന്നു പറഞ്ഞ് മുൻ പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യത്യസ്ത നിലപാടെടുത്തു. ഹിന്ദുക്കളെ മതംമാറ്റുന്ന പ്രവർത്തനം ആരുനടത്തിയാലും എതിർക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതിനുമുൻപ് കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണെന്നും ഹിന്ദു ഐക്യവേദി തുറന്നടിച്ചു.
കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരിൽ സുരേഷ് ഗോപി ഒരക്ഷരംമിണ്ടാതെ മാറിനിന്നപ്പോൾ, ജോർജ് കുര്യൻ ഛത്തീസ്ഗഢ് സർക്കാരല്ല കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതെന്നും യാത്രയ്ക്കിടെ ടിടിഇ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് ഇടപെട്ടതാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. നടപടികൾ പൂർത്തിയാക്കാതെയാണ് ജാമ്യാപേക്ഷ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കന്യാസ്ത്രീകൾക്ക് രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ കത്തോലിക്കാ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ ബിജെപി നീക്കം തുടങ്ങി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച വൈകീട്ട് കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിലുള്ള സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി സഭാതലവൻ മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി.
കന്യാസ്ത്രീകൾക്ക് രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുമെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഇടപെട്ടിട്ടുണ്ടെന്നും സഭാ നേതാക്കളെ അറിയിച്ചു. പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച രാത്രി 8.45-ഓടെ കാക്കനാട്ട് എത്തിയത്.
കന്യാസ്ത്രീകൾ കേസിൽ പെട്ടപ്പോൾ ചില രാഷ്ട്രീയ സംഘടനകൾ അവിടെയെത്തി രാഷ്ട്രീയനാടകം കളിച്ച് വിവാദമാക്കിയെന്ന് സഭാ പിതാക്കന്മാരുമായുള്ള ചർച്ചയ്ക്കുമുൻപ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ബിജെപി ഇടപെടുന്നുണ്ടെന്നും വിവാദമാക്കരുതെന്നും വിവിധ കക്ഷിനേതാക്കളെ അറിയിച്ചിരുന്നതാണ്. ജയിലിലായ കന്യാസ്ത്രീകൾക്ക് രണ്ട് ദിവസത്തിനകം ജാമ്യം കിട്ടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Content Highlights: Chhattisgarh Nuns' Case: BJP Seeks to Appease Catholic Church as Election Nears
Published: 01 Aug 2025, 06:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented