തിരുവനന്തപുരം: കായിക വകുപ്പ്  മന്ത്രി വി അബ്ദുറഹ്മാൻ്റെ "മാച്ച് ഫിക്സിങ്" പരാമർശത്തിൽ പ്രതിഷേധിച്ച് ബീച്ച് ഹാൻഡ്ബോൾ താരങ്ങൾ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മന്ത്രി പിൻവലിച്ചില്ലെങ്കിൽ ദേശീയ ഗെയിംസിൽ നേടിയ വെള്ളി മെഡലുകൾ കടലിൽ എറിഞ്ഞു പ്രതിഷേധിക്കുമെന്നും താരങ്ങൾ പറഞ്ഞു. 

To advertise here,

കേരള സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തിന് മുൻപിലാണ് താരങ്ങൾ പ്രതിഷേധിച്ചത്. വനിതകളുടെ ബീച്ച് ഹാൻഡ് ബോൾ താരങ്ങളാണ് മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി എത്തിയത്. പരിശീലനത്തിന് വേണ്ട സൗകര്യങ്ങൾ ലഭിച്ചില്ലെന്നും അവസാന നിമിഷമാണ് ഫ്ലൈറ്റ് ടിക്കറ്റ് പോലും ലഭിച്ചതെന്നും താരങ്ങൾ പറഞ്ഞു. 

ടീമിലെ 9 പേർ പ്രതിഷേധവുമായി എത്തിയതോടെ കേരള സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാരൻ പ്രധാന ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു. ഇതോടെ ഗേറ്റിന് മുൻപിൽ കുത്തിയിരുന്ന് താരങ്ങൾ പ്രതിഷേധിച്ചു. സ്‌പോർട്സ് കൗൺസിൽ തങ്ങൾക്ക് യാതൊരു സഹായവും നൽകിയിട്ടില്ലയെന്നും കായിക വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും ടീം മാനേജർ റുബീന ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഗോളി അസുഖബാധിതയായതോടെയാണ് ഹരിയാനയ്ക്ക് എതിരായ ഫൈനലിൽ കേരള ടീമിന് മത്സരിക്കാൻ ഇറങ്ങാൻ സാധിക്കാത്തത്. ഇതോടെ കേരളത്തിന് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഹരിയാനയ്ക്ക് വേണ്ടി കേരള താരങ്ങൾ വിട്ടുവീഴ്ച ചെയ്തുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം.