തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് എഴ് മുതല്‍ ചേരും. നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചന പ്രമേയം പാസാക്കി.

To advertise here,

'ജനക്ഷേമത്തിലും, സംസ്ഥാനവികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലയ്ക്കും ജനകീയപ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖന്‍ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി' അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ്/ ടെക്‌നിക്കല്‍ ജീവനക്കാര്‍ക്ക് 10.02.2021ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്‌കരണവും നിബന്ധനകള്‍ക്ക്  അനുസൃതമായി അനുവദിക്കും.
കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നിബന്ധനകള്‍ക്ക്  വിധേയമായി അനുവദിക്കും.