തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ പ്രതിഷേധമുയർത്തി പ്രതിപക്ഷം. പോറ്റിയെ കേറ്റിയേ എന്ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനവും പ്രതിപക്ഷ എംഎൽഎമാർ സഭയിൽ പാടി. പ്ലക്കാർഡുകളും മുദ്രവാക്യങ്ങളുമുയർത്തിയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വാസവൻ രാജിവെക്കണമെന്നുള്ള ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കുന്നതിനാണ് സമരം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

To advertise here,

ഇതോടെ പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പറഞ്ഞ് പാർലമെന്ററി കാര്യ മന്ത്രി എം.ബി.രാജേഷ് രംഗത്തെത്തി. 'പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ഉന്നയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം കൊണ്ടുവരാൻ ഭയപ്പെടുന്ന പ്രതിപക്ഷംസഭയ്ക്ക് നിരക്കാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ചരിത്രത്തിൽ അത്യപൂർവ്വം മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള അവകാശം വിനിയോഗിക്കാതിരുന്നിട്ടുള്ളൂ. അത് കൊണ്ടുവന്നാൽ ചർച്ച ചെയ്യുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. ചർച്ച നടത്തിയപ്പോഴെല്ലാം ഈ സഭയിൽനിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. തിണ്ണമിടുക്കാണ് സഭയിൽ പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്ന്' എം.ബി.രാജേഷ് പറഞ്ഞു. സ്പീക്കറുടെ കാഴ്ചമറച്ച് പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം നടത്തിയിരുന്നത്.